ടി20 ലോകകപ്പില്‍ സൗത്താ്രഫിക്കയ്‌ക്കെതിരായ സൂപ്പര്‍ എട്ടിലേറ്റ ദയനീയ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ടീമിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ അഗ്രസീവ് ബാറ്ററും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. ഇത്ര വലിയൊരു പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തുടക്കം മുതല്‍ ഇന്ത്യക്കു തൊട്ടതെല്ലാം പിഴച്ച മല്‍സരം കൂടിയായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ കളിയില്‍ മൂന്നാം നമ്പറിലെത്തി മോശം ഷോട്ട് കൡച്ച് വെറും ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായ തിലക് വര്‍മയെ അതിരൂക്ഷമായിട്ടാണ് ശ്രീകാന്ത് വിമര്‍ശിച്ചത്. മാര്‍ക്കോ യാന്‍സണിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കാണ് അദ്ദേഹത്തെ അനായാസ ക്യാച്ചിലൂടെ മടക്കിയത്.

ഇന്ത്യന്‍ ബാറ്റര്‍മാരില്‍ തിലക് വര്‍മയുടെ പുറത്താവലാണ് കെ ശ്രീകാന്തിനെ ഏറ്റവുധികം അരിശം കൊള്ളിച്ചത്. വളരെ അശ്രദ്ധമായ ഷോട്ട് കളിച്ചാണ് താരം വിക്കറ്റ് വലിച്ചെറിഞ്ഞത്.
ആദ്യ ബോളില്‍ സിംഗിളുമായി തുടങ്ങിയ തിലക് തൊടട്ടുത്ത ബോളില്‍ തന്നെ പുറത്താവുകയും ചെയ്തു. മാര്‍ക്കോ യാന്‍സണിനെതിരേ ഓവറിലെ ആദ്യ ബോളില്‍ തന്നെ ക്രീസിന് പുറത്തേക്കിറങ്ങി അദ്ദേഹം ആഞ്ഞു വീശി. പക്ഷെ എഡ്ജായ ബോള്‍ നേരെ ക്വിന്റണ്‍ ഡികോക്കിന്റെ കൈകളിലെത്തുകയും ചെയ്തു.
ഇന്ത്യയുടെ സൂപ്പര്‍ എട്ട് മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയാണ് തിലകിനെതിരേ ശ്രീകാന്ത് തുറന്നടിച്ചത്. 'സഞ്ജു സാംസണ്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വരികയാണെങ്കില്‍ തിലക് വര്‍മയ്ക്കു ഇടമുണ്ടാവില്ല. ടീമില്‍ തിലകിന്റെ സ്ഥാനത്തെ പലരും ചോദ്യം ചെയ്തു കഴിഞ്ഞു.
സൗത്താഫ്രിക്കയുമായുള്ള മല്‍സരത്തില്‍ കളിച്ചിട്ടുള്ള ആ ഷോട്ട് നോക്കിയാല്‍ ഇന്ത്യന്‍ ഇലവനില്‍ നിന്നും അവന്‍ പുറത്താക്കപ്പെടാനുള്ള സാധ്യതയുണ്ട്. വളരെ മോശം ഷോട്ടായിരുന്നു അത്. അത്തരമൊരു ഷോട്ട് കളിച്ചതിനു ശേഷം പ്ലെയിങ് ഇലവനില്‍ തുടരാന്‍ പോലും തിലകിനു അര്‍ഹതയില്ല'- ശ്രീകാന്തിന്റെ വാക്കുകളിങ്ങനെയാണ്.
ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഇതിനകം കളിച്ച അഞ്ചു മല്‍രങ്ങളിലും ഇറങ്ങിയെങ്കിലും ബാറ്റിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാനായിട്ടില്ല. അഞ്ചിന്നിങ്‌സുകളില്‍ 21.40 ശരാശരിയില്‍ 118.88 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റില്‍ വെറും 107 റണ്‍സ് മാത്രമേ തിലക് നേടിയിട്ടുള്ളൂ. 90 ബോളുകളാണ് ഇതിനു വേണ്ടി താരത്തിനു കളിക്കേണ്ടി വന്നത്.
ചേസ് മാസ്റ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ഇതിഹാസ ബാറ്ററായ വിരാട് കോലിയെ ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീം ശരിക്കും മിസ് ചെയ്യുന്നതായി കെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു. 2024ലെ ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെ ടി20യില്‍ നിന്നും കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ നിന്നും വിരമിച്ച കോലി ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമേ കളിക്കുന്നുള്ളൂ.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നു റണ്‍ചേസുകകളെടുത്താല്‍ അവയിലെല്ലാം പ്ലെയര്‍ ഓഫ് ദി മാച്ച് വിരാട് കോലിയായിരുന്നു. ഇപ്പോള്‍ അദ്ദേഹമില്ലാതെ ടീമില്‍ വലിയൊരു വിടവ് വന്നിരിക്കുകയാണ്.
കോലിയില്ലാതെ വലിയ സ്‌കോറുകള്‍ ചേസ് ചെയ്യുമ്പോള്‍ ഇന്ത്യ ഇനിയും പതറും. മുന്നോട്ടുള്ള മല്‍സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ശേഷം ഇന്ത്യയെ ചേസിങിന് അയക്കാനായിരിക്കും ശ്രമിക്കുകയെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ടി20 ലോകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് കോലി. 2014, 16 ലോകകപ്പുകളില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.