ടി20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകമൊട്ടാകെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഫെബ്രുവരി 15-ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ബഹിഷ്‌കരണവും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കുമെല്ലാം ശേഷം പാകിസ്ഥാന്‍ ടീം കളത്തിലിറങ്ങുമെന്ന് ഉറപ്പായതോടെ മത്സരത്തിന്റെ ആവേശം വാനോളം ഉയര്‍ന്നിരിക്കുന്നു.
ടി20 ലോകകപ്പ് ചരിത്രത്തില്‍ എട്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏഴ് തവണയും വിജയം ഇന്ത്യയ്ക്കായിരുന്നു. ഈ മേല്‍ക്കൈ തുടരാന്‍ സൂര്യകുമാര്‍ യാദവും സംഘവും തയ്യാറായി കഴിഞ്ഞു. മിന്നും ഫോമിലുള്ള ടീം ഇന്ത്യയെ പിടിച്ചുകെട്ടുക എന്നത് പാകിസ്ഥാനെ സംബന്ധിച്ചെടുത്തോളം അത്ര എളുപ്പമാകില്ല.
പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഗയ്ക്കും സംഘത്തിനും വലിയ വെല്ലുവിളിയാകാന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളും അത് എന്തുകൊണ്ട് എന്നുള്ളതും നമുക്ക് ഒന്ന് നോക്കിയാലോ.

പാകിസ്ഥാന്‍ ബാറ്റര്‍മാരുടെ പേടിസ്വപ്‌നമാണ് ജസ്പ്രീത് ബുംറ. ന്യു ബോളില്‍ സ്വിംഗ് കണ്ടെത്താനും ഡെത്ത് ഓവറുകളില്‍ കൃത്യതയാര്‍ന്ന യോര്‍ക്കറുകള്‍ എറിയാനുമുള്ള ബുംറയുടെ കഴിവ് പാകിസ്ഥാന്‍ മുന്‍നിരയെ പ്രതിരോധത്തിലാക്കും. സയിം അയ്യൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍ തുടങ്ങിയ പാക് യുവ ബാറ്റര്‍മാര്‍ ബുംറയുടെ ബൗളിംഗിന് മുന്നില്‍ പതറാന്‍ സാധ്യത കൂടുതലാണ്.
കഴിഞ്ഞ ഏഷ്യ കപ്പിലെ താരത്തിന്റെ പ്രകടനം തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. 24.5 ശരാശരിയിലും 16.7 ഇക്കോണമി റേറ്റിലും നാല് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. പതിനഞ്ചാം തിയതി നടക്കാനിരിക്കുന്ന മത്സരത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് ബുംറ എറിയുന്ന നാല് ഓവറുകളായിരിക്കും.
തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്താന്‍ അദ്ദേഹത്തിന് സാധിച്ചാല്‍ പാകിസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ ഇന്ത്യക്ക് കഴിയും. തന്റെ ടി20 കരിയറില്‍ ഇതുവരെ 87 മത്സരങ്ങളില്‍ നിന്നായി 18.82 ശരാശരിയിലും 6.54 ഇക്കോണമി റേറ്റിലും 107 വിക്കറ്റുകള്‍ ബുംറ നേടിയിട്ടുണ്ട്. 7 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.
ലോകത്തെത്തന്നെ ഏറ്റവും മികച്ച ടി20 ബാറ്റര്‍മാരില്‍ ഒരാളാണ് സൂര്യകുമാര്‍ യാദവ്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ 10 ഫോറുകളും നാല് സിക്‌സറുകളും ഉള്‍പ്പടെ 49 പന്തുകളില്‍ നിന്നും 84 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്.
ബൗളര്‍മാരുടെ പേസ് ഉപയോഗപ്പെടുത്തി പന്ത് സ്‌ക്വയറിന് പിന്നിലേക്ക് ഫ്‌ലിക്ക് ചെയ്യുന്ന സൂര്യകുമാറിന്റെ ശൈലി എതിരാളികളുടെ ഫീല്‍ഡിംഗ് ക്രമീകരണങ്ങളെ പാടേ തകിടം മറിക്കുന്നതാണ്. അദ്ദേഹത്തിന്റെ സ്വീപ്പ് ഷോട്ടുകള്‍ക്ക് മുന്നില്‍ താളം കണ്ടെത്താന്‍ പാകിസ്ഥാന്‍ സ്പിന്നര്‍മാരായ ഷദാബ് ഖാനും അബ്രാര്‍ അഹമ്മദിനും ഏറെ പ്രയാസപ്പെടേണ്ടി വരും.

പാകിസ്ഥാനെതിരായ മത്സരങ്ങള്‍ വരുമ്പോള്‍ ഇന്ത്യന്‍ നിരയിലെത്തന്നെ ഏറ്റവും അപകടകാരിയായ കളിക്കാരിലൊരാളാണ് ഹാര്‍ദിക് പാണ്ഡ്യ. കടുത്ത സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് മിക്കപ്പോഴും സാധിക്കാറുണ്ട്.
2022ലെ ടി20 ലോകകപ്പില്‍ 30 റണ്‍സിന് 3 വിക്കറ്റും, 2024-ല്‍ ന്യൂയോര്‍ക്കിലെ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ 24 റണ്‍സിന് 2 വിക്കറ്റും പാകിസ്ഥാനെതിരെ അദ്ദേഹം നേടിയിരുന്നു. ബാറ്റിംഗില്‍ ഒരു 'ഫിനിഷര്‍' എന്ന നിലയില്‍ മത്സരഗതി തന്നെ മാറ്റാന്‍ പാണ്ഡ്യക്ക് കഴിയും.
ടി20യില്‍ 130 മത്സരങ്ങളില്‍ നിന്ന് 28.05 ശരാശരിയിലും 144.27 സ്‌ട്രൈക്ക് റേറ്റിലും അഞ്ച് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 2076 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ബൗളിങ്ങില്‍ 27.01 ശരാശരിയിലും 8.30 ഇക്കോണമി റേറ്റിലും 105 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. 16 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
കൊളംബോയിലെ സ്ലോ പിച്ചില്‍ ഇന്ത്യ തങ്ങളുടെ ആക്രമണാത്മക ശൈലിയില്‍ മാറ്റം വരുത്തി കൂടുതല്‍ തന്ത്രപരമായ കളിയെ സമീപിക്കാനാണ് സാധ്യതയെന്ന് കോച്ചിങ് സ്റ്റാഫ് സൂചന നല്‍കുന്നു.
ഈ മൂന്ന് താരങ്ങളുടെ പ്രകടനം തന്നെയാകും ഫെബ്രുവരി 15-ലെ മത്സരവിധി നിശ്ചയിക്കുക. പാകിസ്ഥാന്റെ വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യ തങ്ങളുടെ ലോകകപ്പ് റെക്കോര്‍ഡ് നിലനിര്‍ത്തുമോ എന്ന് കാണാന്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.