കൊളംബോ: ടി20 ലോകകപ്പില്‍ നിന്നും ഏഷ്യന്‍ ടീമുകള്‍ക്കെല്ലാം സൂപ്പര്‍ എട്ടില്‍ അടിതെറ്റുകയാണ്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്കു പിന്നാലെ മുന്‍ ജേതാക്കളായ ശ്രീലങ്ക, പാകിസ്താന്‍ എന്നിവര്‍ക്കെല്ലാം പാളി. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക പോരില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയ ലങ്ക സെമി കാണാതെ പുറത്തായി. ന്യൂസിലാന്‍ഡിനോടു 61 റണ്‍സിനാണ് ലങ്ക തകര്‍ന്നടിഞ്ഞത്.
ഇത്തവണ സൂപ്പര്‍ എട്ടില്‍ പുറത്തായ ആദ്യ ടീമായും അവര്‍ മാറിയിരിക്കുകയാണ്. 169 റണ്‍സിന്റെ വിജയലക്ഷ്യമാണ് ലങ്കയ്ക്കു കിവികള്‍ നല്‍കിയത്. പക്ഷെ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ ദസുന്‍ ഷനകയെ നഷ്ടമായ ലങ്ക ഒരിക്കല്‍പ്പോലും റണ്‍ചേസില്‍ ഇല്ലായിരുന്നു.

എട്ടു വിക്കറ്റിനു 107 റണ്‍സ് മാത്രമെടുത്ത് ലങ്ക പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു. കമിന്ദു മെന്‍ഡിസ് (31), വാലറ്റത്ത് ദുനിത് വെല്ലാലഗെ (29) എന്നിവരൊഴികെ മറ്റാരും തന്നെ ലങ്കന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല. നാലു വിക്കറ്റുകളെടുത്ത രചിന്‍ രവീന്ദ്രയാണ് ലങ്കന്‍ ബാറ്റിങിന്റെ നട്ടെല്ലൊടിച്ചത്. മാറ്റ് ഹെന്‍ട്രി രണ്ടു വിക്കറ്റകളും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡ് ഏഴു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 168 റണ്‍സെന്ന വിന്നിങ് ടോട്ടല്‍ പടുത്തുയര്‍ത്തയത്. ഇതിനു അവരെ സഹായിച്ചതാവട്ടെ വാലറ്റത്ത് കാപ്റ്റന്‍ മിച്ചെല്‍ സാന്റ്്‌നറും (47) കോള്‍ മക്കോഞ്ചിയുമാണ് (31*).
ഏഴാം വിക്കറ്റില്‍ 47 ബോളില്‍ ഈ സഖ്യം വാരിക്കൂട്ടിയ 84 റണ്‍സാണ് മല്‍സരഗതി മാറ്റിയത്. 13ാ ഓവറില്‍ ആറു വിക്കറ്റിനു 84 റണ്‍സെന്ന നിലയില്‍ കിവികള്‍ പതറിയിരുന്നു. 16 ഓവറില്‍ 98 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അടുത്ത നാലോവറില്‍ അവര്‍ അടിച്ചെടുത്തത് 70 റണ്‍സാണ്. ഇതോടെയാണ് ന്യൂസിലാന്‍ഡ് 168 റണ്‍സെന്ന അപ്രതീക്ഷിത ടോട്ടലിലെത്തിയത്.
അതേസമയം, നേരത്തേ പാകിസ്താനുമായിട്ടായിരുന്നു സൂപ്പര്‍ എട്ടില്‍ കിവികളുടെ ആദ്യ അങ്കം. പക്ഷെ ശക്തമായ മഴയെ തുടര്‍ന്ന് ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇംഗ്ലണ്ടിനതിരേ ആദ്യ കളിയില്‍ ശ്രീലങ്ക കനത്ത തോല്‍വിയേറ്റു വാങ്ങി.
ജയിക്കാമായിരുന്ന മല്‍സരം അശ്രദ്ധമായ ബാറ്റിങ് കാരണം 51 റണ്‍ലിനാണ് അവര്‍ കൈവിചട്ടത്. പല്ലെക്കെലെയില്‍ നടന്ന മല്‍സരത്തില്‍ ലങ്കയ്ക്കു ജയിക്കാന്‍ വെറും 147 റണ്‍സ് മാത്രമേ വേണ്ടിയിരുന്നു. പക്ഷെ അവരുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. 16.4 ഓവറില്‍ വെറും 95ന് ലങ്കന്‍ ടീം ഓള്‍ഔട്ടാവുകയായിരുന്നു.
ശ്രീലങ്കയ്‌ക്കെതിരേ ന്യൂസിലാന്‍ഡിന്റെ തകര്‍പ്പന്‍ ജയത്തോടെ പാകിസ്താന് എട്ടിന്റെ പണിയാണ് കിട്ടിയത്. അവരുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഇപ്പോള്‍ കൂടുതല്‍ അവതാളത്തിലായി. ഈ കളിയില്‍ ലങ്കന്‍ ജയമാണ് പാക് പട ആഗ്രഹിച്ചിരുന്നത്.
കളിച്ച രണ്ടു മല്‍സരവും ജയിച്ച ഇംഗ്ലണ്ട് ഇതിനകം സെമിയിലെത്തി കഴിഞ്ഞു. ലങ്കയെ തുരത്തിയതോടെ മൂന്നു പോയിന്റുമായി ന്യൂസിലാന്‍ഡ് ഗ്രൂപ്പില്‍ രണ്ടാമതുമെത്തി. മികച്ച നെറ്റ് റണ്‍റേറ്റും (+3.050) അവര്‍ക്കുണ്ട്. നേരത്തേ അവരുടെ ആദ്യ കളി മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.
ഒരു പോയിന്റ് മാത്രമുള്ള പാക് ടീം മൂന്നാമതാണ്. ന്യൂസിലാന്‍ഡുമായുള്ള അവരുടെ മല്‍സരം മഴയെടുത്തപ്പോള്‍ ഇംഗ്ലണ്ടിനോടു രണ്ട് വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു. ഇനി പാകിസ്താന് സെമിയെത്താന്‍ ഒരു വഴി മാത്രമേയുള്ളൂ. അവസാന കളിയില്‍ ലങ്കയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കണം.
കൂടാതെ കിവികള്‍ക്കെതിരേ ഇംഗ്ലണ്ട് മികച്ച മാര്‍ജിനില്‍ ജയിക്കുകയും വേണം. അപ്പോള്‍ പാക്കിനും കിവികള്‍ക്കും മൂന്നു പോയിന്റാവും. കൂടുതല്‍ മെച്ചപ്പെട്ട നെറ്റ് റണ്‍റേറ്റുണ്ടെങ്കില്‍ പാകിസ്താന് സെമിയിലെത്തുകയും ചെയ്യാം.
പ്ലെയിങ് ഇലവന്‍
ശ്രീലങ്ക- പതും നിസ്സങ്ക, കുശല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ചരിത് അസലങ്ക, പവന്‍ രത്‌നായകെ, കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ദുനിത് വെല്ലലഗെ, ദുഷന്‍ ഹേമന്ത, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുശങ്ക.
ന്യൂസിലാന്‍ഡ്- ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അല്ലെന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കോള്‍ മക്കോഞ്ചി, മാറ്റ് ഹെന്‍ട്രി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍.