അഹമ്മദാബാദ്: സൂപ്പര്‍ എട്ടിലെ വമ്പന്‍ പോരാട്ടത്തില്‍ ഇന്ത്യയെ പൂട്ടാന്‍ സൗത്താഫ്രിക്കുടെ മാസ്റ്റര്‍ പ്ലാന്‍. ഗ്രൂപ്പുഘട്ടത്തില്‍ മറ്റു ടീമുകള്‍ തുറന്നു കാണിച്ച ഇന്ത്യയുടെ ദൗര്‍ബല്യം തന്നെയാണ് എയ്ഡന്‍ മാര്‍ക്രവും സംഘവും നോട്ടമിട്ടിരിക്കുന്നത്. ഇതു മുതലാക്കിയാല്‍ ഇന്ത്യയെ തീര്‍ക്കുക എളുപ്പമായിരിക്കുമെന്നാണ് സൗത്താഫ്രിക്കയുടെ കണക്കുകൂട്ടല്‍.
നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തിനു മുന്നോടിയായി സൗത്താഫ്രിക്കിക്കന്‍ ടീമിന്റെ പടയൊരുക്കത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന് ഇതിനെ അതിജീവിക്കാനാവുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന വീക്ക്‌നെസ് സ്പിന്നര്‍മാരെ നേരിടുന്നതിലുള്ള കഴിവു കേടാണെന്നു വ്യക്തമായിക്കഴിഞ്ഞു. പ്രത്യേകിച്ചും എതിര്‍ ടീമുകളിലെ ഫിംഗര്‍ സ്പിന്നര്‍മാരാണ് ഇന്ത്യയെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത്. ടീമിലെ ഭൂരിഭാഗം ബാറ്റര്‍മാരും ഇടംകൈയന്‍മാരാണെന്നത് ഈ വീക്ക്‌നെസ് മുതലാക്കാന്‍ ടീമുകളെ സഹായിക്കുന്നുമുണ്ട്.
ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച നാലു മല്‍സരങ്ങളിലും ഫിംഗര്‍ സ്പിന്നര്‍മാര്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ചിരുന്നു. ആദ്യ മല്‍സരത്തില്‍ യുഎസ്എയുട ഹര്‍മീത് സിങും മൊഹ്‌സിനുമായിരുന്നു കുഴപ്പക്കാര്‍. അതിനു ശേഷം നമീബിയന്‍ ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസും ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തി. വെറും 20 റണ്‍സിന് നാലു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.
ചിരവൈരികളുടെ പോരാട്ടത്തില്‍ പാകിസ്താന്റെ സ്പിന്‍ ജോടികളായ സയീം അയൂബ്, ഉസ്മാന്‍ താരീഖ് എന്നിവരെ നേരിടാനും ഇന്ത്യന്‍ താരങ്ങള്‍ ബുദ്ധിമുട്ടി. അവസാനമായി നെതര്‍ലാന്‍ഡ്‌സിന്റെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ആര്യന്‍ ദത്തും ഇന്ത്യയെ ശരിക്കും വട്ടംകറക്കി.
ഇനി സൂപ്പര്‍ എട്ടില്‍ സൗത്താഫ്രിക്കയും ഉന്നം വയ്ക്കുന്നത് ഇന്ത്യയുടെ ഈ വീക്ക്‌നെസ് തന്നെയാണ്. ഇടംകൈയന്‍മാര്‍ക്ക് ആധിപത്യമുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയെ ഓഫ് സ്പിന്നര്‍മാരെ വച്ച് തളയ്ക്കാനുള്ള പ്ലാനിലാണ് സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം.
ഇന്ത്യന്‍ ബാറ്റിങ് നിരയെ സ്ലോ ബൗളിങിലൂടെ പൂട്ടാനുള്ള ദൗത്യത്തിന് ചുക്കാന്‍ പിടിക്കുക സൗത്താഫ്രിക്കയുടെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം തന്നെയായിരിക്കും. അഗ്രസീവായ ഓപ്പണിങ് ബാറ്റര്‍ മാത്രമല്ല, വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള സ്ലോ ബൗളറും കൂടിയാണ് അദ്ദേഹം.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നിന്നുള്ള സൗത്താഫ്രിക്കന്‍ ടീമിന്റെ പരിശീലന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. മുന്‍ സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടറും ഇടംകൈയന്‍ ബാറ്ററുമായ ആല്‍ബി മോര്‍ക്കലിനെതിരേ നെറ്റ്‌സില്‍ മാര്‍ക്രം ബൗള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

photocredit/X
മാര്‍ക്രമിനെ കൂടാതെ ഫിനിഷര്‍ കൂടിയായ ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ് എന്നിവരും സ്പിന്നര്‍മാരായി ടീമിലുണ്ട്. ഇതില്‍ രണ്ടു പേര്‍ ഉറപ്പായും ഇന്ത്യക്കെതിരേ കളിക്കാന്‍ തന്നെയാണ് സാധ്യത.
ഇന്ത്യയുടെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും എതിര്‍ ടീമിനായി ആദ്യ ഓവര്‍ എറിഞ്ഞത് സ്പിന്നര്‍മാരാണ്. അവര്‍ക്കു വിക്കറ്റുകളും ലഭിച്ചു. പാകിസ്താനു വേണ്ടി ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും നെതര്‍ലാന്‍ഡ്‌സിനു വേണ്ടി ആര്യന്‍ ദത്തുമാണ് ബൗള്‍ ചെയ്തത്. ഇനി സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരേ ആദ്യ ഓവര്‍ എറിഞ്ഞേക്കുക മാര്‍ക്രമായിരിക്കും.
ഇന്ത്യന്‍ ടീമിലെ ഇടകൈയന്‍ ബാറ്റര്‍മാരെ തളയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാര്‍ക്രമിന്റെ ഈ തയ്യാറെടുപ്പെന്നു വ്യക്തമാണ്. ഇന്ത്യയുടെ ആദ്യ എട്ട് ബാറ്റര്‍മാരെ എടുത്താല്‍ അതില്‍ ആറും ഇടംകൈയന്‍മാരാണ്. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, റിങ്കുസിങ്, അക്ഷര്‍ പട്ടേല്‍ എന്നിവരാണിത്.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും മാത്രമേ വലംകൈയന്‍മാരായുള്ളൂ. അതിനിടെ ഇടകൈയന്‍മാരുടെ കുത്തക തകര്‍ക്കാന്‍ സഞ്ജു സാംസണിനെ സൂപ്പര്‍ എട്ടില്‍ കളിപ്പിച്ചേക്കുമെന്ന് സൂചനകളുണ്ട്. തിലകിനു പകരമായിരിക്കും അദ്ദേഹം ഇലവനിലെത്തിയേക്കുക.