അഹമ്മദാബാദ്: ഐസിസി ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി മല്‍സരത്തില്‍ കാനഡയ്‌ക്കെതിരേ കിടിലന്‍ ജയവുമായി അക്കൗണ്ട് തുറന്നിരിക്കുകയാണ് നിലവിലെ റണ്ണറപ്പായ സൗത്താഫ്രിക്ക. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 57 റണ്‍സിന്റെ മിന്നുന്ന ജയമാണ് എയ്ഡന്‍ മാര്‍ക്രവും സംഘവും ആഘോഷിച്ചത്. കളിയുടെ ഒരു ഘട്ടത്തിലും അസോസിയേറ്റ് ടീമായ കാനഡ അവര്‍ക്കു ഭീഷണിയായില്ല.
214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് കാനഡയ്ക്കു മുന്നില്‍ സൗത്താഫ്രിക്ക വച്ചത്. അതിശക്തമായ ബൗളിങ് നിരയുള്ള അവര്‍ക്കെതിരേ കാനഡ ഇതു ചേസ് ചെയ്യില്ലെന്നതും ഉറപ്പായിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തു.
ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ വിക്കറ്റ് കൈവിട്ട കാനഡ റണ്‍ചേസില്‍ ഒരിക്കലും ചിത്രത്തിലുമില്ലായിരുന്നു. എട്ടു വിക്കറ്റിനു 156 റണ്‍സുമായി അവര്‍ പോരാട്ടവും അവസാനിപ്പിച്ചു. നവ്‌നീത് ദലിവാള്‍ (64), ഹര്‍ഷ് താക്കര്‍ (33) എന്നിവരൊഴികെ ആരും പിടിച്ചുനിന്നില്ല. നാലു വിക്കറ്റെടുത്ത ലുംഗി എന്‍ഗിഡിയാണ് കാനഡയുടെ അന്തകനായത്.

ആദ്യം ബാറ്റിങിന് അയക്കപ്പെട്ട സൗത്താഫ്രിക്ക വെറും നാലു വിക്കറ്റിനാണ് 213 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ മാര്‍ക്രമിന്റെ (59) ഫിഫ്റ്റിയാണ് അവര്‍ക്കു കരുത്തായത്. 10 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
ഡേവിഡ് മില്ലര്‍ (23 ബോളില്‍ 39*), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (19 ബോളില്‍ 34*) മികച്ച ഫിനിഷിങും സൗത്താഫ്രിക്കയെ 210 കടക്കാന്‍ സഹായിച്ചു. റയാന്‍ റിക്കെല്‍റ്റനാണ് (33) മറ്റൊരു പ്രധാന സ്‌കോറര്‍. ക്വിന്റണ്‍ ഡികോക്ക് 25 റണ്‍സും നേടി. ടോസിനു ശേഷം കാനഡ ക്യാപ്റ്റന്‍ ദില്‍പ്രീത് ബാജ്വ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
സൗത്താഫ്രിക്ക- ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍) റയാന്‍ റിക്കെല്‍ട്ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി.
കാനഡ- യുവരാജ് സമ്ര, ദില്‍പ്രീത് ബജ്വ (ക്യാപ്റ്റന്‍), നവനീത് ധലിവാള്‍, നിക്കോളാസ് കിര്‍ട്ടണ്‍, ശ്രേയസ് മൊവ്വ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷ് താക്കര്‍, സാദ് ബിന്‍ സഫര്‍, ജസ്‌കരന്‍ സിംഗ്, ദിലോണ്‍ ഹെയ്ലിഗര്‍, കലീം സന, അന്‍ഷ് പട്ടേല്‍.
കൊളംബോ: ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ ഏകപക്ഷീയമായ മല്‍സരത്തില്‍ ഏഷ്യയില്‍ നിന്നുള്ള ഒമാനെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് സിംബാബ്‌വെ. സിന്‍ഹളീസ് സ്‌പോര്ട്‌സ് ക്ലബ്ബില്‍ നടന്ന മല്‍സരത്തില്‍ ഒമാനെ എട്ടു വിക്കറ്റിനാണ് അവര്‍ മുക്കിയത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും സിംബാബ്‌വെ തന്നെയായിലുന്നു ഗ്രൗണ്ടിലെ ബെസ്റ്റ് ടീം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഒമാന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ ഒരു ബോള്‍ ശേഷിക്കെ വെറും 103 റണ്‍സിന് അവര്‍ കൂടാരത്തിലും തിരിച്ചെത്തി. ബാറ്റിങ് ലൈനപ്പിലെ ആദ്യത്തെ അഞ്ചു പേരും രണ്ടക്കം കടക്കാതെ പോയതാണ് ഒമാനെ ചതിച്ചത്.

ലോവര്‍ ഓര്‍ഡറില്‍ വിനായക് ശുക്ല (28), സൂഫിയാന്‍ മഹമ്മൂദ് (25), നദീന്‍ ഖാന്‍ (20) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഒമാനെ 100 വരെയെത്തിച്ചത്. അല്ലായിരുന്നെങ്കില്‍ നാണക്കേടിന്റെ പല റെക്കോര്‍ഡുകളും ഒമാന്‍ പഴങ്കഥയാക്കിയേനെ. മുന്നു വിക്കറ്റുകള്‍ വീതമെടുത്ത റിച്ചാര്‍ഡ് എന്‍ഗരാവ, ബ്ലെസിങ് മുസറബാനി, ബ്രാഡ് ഇവാന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ഒമാന്‍ ബാറ്റിങ് ലൈനപ്പിന്റെ നടുവൊടിച്ചത്.
റണ്‍ചേസില്‍ വളരെ അനായാസം, അതിവേഗം സിംബാബ്‌വെ വിജയത്തിലേക്കും കുതിച്ചെത്തി. വെറും 13.3 ഓവറിലാണ് അവര്‍ വിജയ റണ്‍സ് കുറിച്ചത്. 36 ബോളില്‍ പുറത്താവാതെ 48 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ വിജയം വേഗത്തിലാക്കിയത്. ഏഴു ഫോറുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. ബ്രെന്‍ഡന്‍ ടെയ്‌ലര്‍ (31), ടി മറുവാനി (21) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.