കൊല്‍ക്കത്ത: ഐസിസി ടി20 ലോകകപ്പില്‍ ഇറ്റലിയുടെ അരങ്ങേറ്റം വന്‍ തോല്‍വിയില്‍ കലാശിച്ചിരിക്കുകയാണ്. ഗ്രൂപ്പ് സിയില്‍ യൂറോപ്യന്‍ ടീമുകള്‍ തമ്മിലുളള മല്‍സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡാണ് ഇറ്റലിയെ 73 റണ്‍സിനു തുരത്തിയത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയാണ് സ്‌കോട്ടിഷ് പട ടൂര്‍ണമെന്റില്‍ അക്കൗണ്ട് തുറന്നത്. നേരത്തേ ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോടു അവര്‍ 35 റണ്‍സിനു തോറ്റിരുന്നു.
208 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇറ്റലിക്ക് സ്‌കോട്ട്‌ലാന്‍ഡ് നല്‍കിയത്. മറുപടിയില്‍ ചെറിയൊരു പോരാട്ടം നടത്തിയെങ്കിലും പിന്നീട് ചീട്ടുകൊട്ടാരം കണക്കെ ഇറ്റലി വീണു. 16.4 ഓവറില്‍ 134 റണ്‍സിന് അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു.

അഞ്ചാം നമ്പറില്‍ ഇറങ്ങിയ ബെന്‍ മനെന്റിയുടെ (52) ഫിഫ്റ്റിയാണ് ഇറ്റലിക്ക് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യം. 31 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു. ഇറ്റലിക്കായി ലോകകപ്പില്‍ ഫിഫ്റ്റി കുറിച്ച ആദ്യ താരമെന്ന റെക്കോര്‍ഡും മനെന്റി സ്വന്തമാക്കി. അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയായ ഹാരി മനെന്റിയാണ് (37) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.
ജെജെ സ്മട്ട്‌സ് (22), ആന്റണി മോസ്‌ക (13) എന്നിവരും ഇറ്റാലിയന്‍ നിരയില്‍ രണ്ടക്കം കടന്നു. റണ്‍ചേസില്‍ ഇറ്റലിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അഞ്ചാം ഓവറില്‍ 40 റണ്‍സാവുമ്പോഴേക്കും മൂന്നു വിക്കറ്റ് അവര്‍ പാഴാക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ മനെന്റി സഹോദരന്‍മാര്‍ ഇറ്റലിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.
45 ബോളില്‍ 73 റണ്‍സ് അടിച്ചെടുക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. അതോടെ ഇറ്റലി ജയവും സ്വപ്‌നം കാണാന്‍ തുടങ്ങി. പക്ഷെ 13ാം ഓവറില്‍ ടീം സ്‌കോര്‍ 113ല്‍ നില്‍ക്കെ ഹാരി മനെന്റിന്റെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. 21 റണ്‍സിനിടെ ശേഷിച്ച ഏഴു വിക്കറ്റും കളഞ്ഞു കുളിച്ച ഇറ്റലി 134ല്‍ കൂടാരത്തില്‍ തിരിച്ചെത്തി.
സ്പിന്നര്‍ മൈക്ക്ല്‍ ലീസ്‌കാണ് ഇറ്റലിയുടെ കഥ കഴിച്ചത്. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം നാലു വിക്കറ്റുകള്‍ പിഴുതു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ലീസ്‌കാണ്.
ഈ മല്‍സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ ജയത്തോടെ പണി കിട്ടിയത് ഇംഗ്ലണ്ടിനാണ്. നേരത്തേ വെസ്റ്റ് ഇന്‍ഡീസിന് പിറകിലായി പോയിന്റ് പട്ടികയില്‍ രണ്ടാമതായിരുന്ന അവര്‍ മൂന്നിലേക്കു വീണു. സ്‌കോട്ടാ്‌ലാന്‍ഡാണ് പുതിയ രണ്ടാംസ്ഥാനക്കാര്‍. മികച്ച നെറ്റ് റണ്‍റേറ്റാണ് അവരെ അതിനു സഹായിച്ചത്.

ഇറ്റലിക്കെതിരേ ആദ്യം ബാറ്റിങിനിറങ്ങിയ സ്‌കോട്ട്‌ലാന്‍ഡ് നാലു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 207 റണ്‍സെന്ന വലിയ ടോട്ടലിലെത്തിയത്. ഈ ടൂര്‍ണമെന്റില്‍ 200ന് മുകളില്‍ ഒരു ടീം നേടിയതും ഇതാദ്യമാണ്. ഓപ്പണര്‍ ജോര്‍ജ് മന്‍സേയുടെ (84) തട്ടുപൊളിപ്പന്‍ ഇന്നിങ്‌സാണ് സ്‌കോട്ടിഷ് ടീമിനു കരുത്തായത്.
54 ബോളില്‍ 13 ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ബ്രെന്‍ഡന്‍ മക്മ്യുലെന്‍ (41*), മൈക്കല്‍ ജോണ്‍സ് (37) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ മന്‍സേ- ജോണ്‍സ് ജോടി 126 റണ്‍സ് അടിച്ചെടുത്തിരുന്നു. 83 ബോളിലാണിത്.