ഇന്ത്യന്‍ ടി20 ടീമില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഭീഷണിയുയര്‍ത്തി പുതിയൊരു താരം കൂടി ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള വിക്കറ്റ് കീപ്പറും മുന്‍നിര ബാറ്ററുമായ എന്‍ ജഗദീശനാണിത്. അമേരിക്കയുമായുള്ള ടി20 ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനായി കിടിലന്‍ സെഞ്ച്വറിയാണ് അദ്ദേഹം കഴിഞ്ഞ ദിവസം കുറിച്ചത്.
ഓപ്പണറായി ഇറങ്ങിയ ജഗദീശന്‍ 104 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. 11 ഫോറും നാലു സിക്‌സറുകളുമടക്കമാണിത്. വെറും 55 ബോളുകള്‍ മാത്രമേ വലംകൈയന്‍ ബാറ്റര്‍ക്കു വേണ്ടിവന്നുള്ളൂ. ജഗദീശന്റെ മിന്നല്‍ സെഞ്ച്വറിയിലേറി അമേരിക്കയെ 38 റണ്‍സിന് ഇന്ത്യന്‍ എ ടീം തകര്‍ത്തു വിടുകയും ചെയ്തു

എന്തുകൊണ്ട് സഞ്ജു ഭയക്കണം?
ഇന്ത്യന്‍ എ ടീമിനു വേണ്ടി അതും ഐസിസി ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ സെഞ്ച്വറി കുറിക്കുകയെന്നത് വലിയ നേട്ടം തന്നെയാണ്. അമേരിക്കയുടെ ലോകകപ്പ് സ്‌ക്വാഡിനെതിരേയാണ് ദേശീയ ടീമിനായി ഇനിയും അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത ജഗദീശന്‍ സെഞ്ച്വറിയും കുറിച്ചത്.
അജിത് അഗാര്‍ക്കറിനു കീഴിലുളള സെലക്ഷന്‍ കമ്മിറ്റി ഉറപ്പായും ഈ പ്രകടനം ശ്രദ്ധിച്ചിട്ടുണ്ടാവുമെന്നും ഉറപ്പാണ്. ജഗദീശന്റെ ഈ ഇന്നിങ്‌സ് കാരണം പണി കിട്ടാന്‍ പോവുന്നത് മലയാളികളുടെ പ്രിയതാരം സഞ്ജു സംസണിനാണ്. കാരണം സഞ്ജു ഇപ്പോള്‍ പൂര്‍ണമായും ഫോമൗട്ടാണ്. ന്യൂസിലാന്‍ഡുമായി അവസാനം കളിച്ച പരമ്പരയില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായിരുന്നു.
അഞ്ചിന്നിങ്‌സുകൡലായി ആകെ നേടിയത് വെറും 46 റണ്‍സാണ്. ഇതോടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലും ഇനി സഞ്ജുവിനു ഇടം ലഭിച്ചേക്കില്ല. പകരം മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷനായിരിക്കും ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായി ഇറങ്ങിയേക്കുക. ലോകകപ്പിനു ശേഷം ടി20 ടീമില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടേക്കുകയും ചെയ്യും.
രണ്ടു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനൊടുവില്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയ ഇഷാന്‍ സ്ഥാനം ഏറെക്കുറെ ഭദ്രമാക്കിയിരിക്കുകയാണ്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി തന്നെയാവും ടി20യില്‍ അദ്ദേഹം ഇനി കളിച്ചേക്കുക.
സഞ്ജു ടീമിനു പുറത്തായാല്‍ ഈ റോളിലേക്കു വരാന്‍ ഏറ്റവം അര്‍ഹതയുള്ള താരമാണ് ജഗദീശന്‍. കാരണം ഇഷാനെയും സഞ്ജുവിനെയും പോലെ ഓപ്പണറായി കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ജഗദീശന്‍ സഞ്ജുവിനു ഭീഷണിയാവുന്നതും ഈ കാരണത്താലാണ്. ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ, റിഷഭ് പന്ത് എന്നിവരൊന്നും ഓപ്പണിങിലേക്കു യോജിച്ചവരല്ല.
അതുകൊണ്ടു തന്നെ സഞ്ജുവില്ലെങ്കില്‍ ഇഷാന്റെ ബാക്കപ്പ് റോളിലേക്ക് ഏറ്റവും അര്‍ഹതയും ജഗദീശനു തന്നെ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി മിന്നിക്കാന്‍ തനിക്കു സാധിക്കുമെന്ന സൂചന കൂടിയാണ് ഇന്ത്യന്‍ എ ടീമിനായുള്ള സെഞ്ച്വറിയിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്നത്.

ആരാണ് ജഗദീശന്‍?
ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാട് ടീമിലെ അവിഭാജ്യ ഘടകാണ് വലംകൈയന്‍ ബാറ്ററും വിക്കറ്റ്കീപ്പറുമായ എന്‍ ജഗദീശന്‍. ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ ഏറെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. തമിഴ്‌നാടിനായി 59 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 46.57 ശരാശരിയില്‍ 3866 റണ്‍സ് ജഗദീശന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 11 സെഞ്ച്വറികളും 16 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
ലിസ്റ്റ് എയില്‍ 71 മല്‍സരങ്ങളില്‍ നിന്നും 47.34 ശരാശരിയില്‍ 3125 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 10 സെഞ്ച്വറിയും 13 ഫിഫ്റ്റിയുമടക്കമാണിത്. ടി20യിലും ജഗദീശന്‍ മോശമാക്കിയില്ല. 73 മല്‍സരങ്ങളില്‍ നിന്നും 11 ഫിഫ്റ്റിയടക്കം 127 സ്‌ട്രൈക്ക് റേറ്റോടെ 1666 റണ്‍സും സ്‌കോര്‍ ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിനിടെ റിഷഭ് പന്ത് പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു ബാക്കപ്പായി ജഗദീശന് വിളിയെത്തിയിരുന്നു. പക്ഷെ കളിക്കാനുള്ള അവസരം ലഭിച്ചില്ല.