സൗത്താഫ്രിക്കയ്‌ക്കെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ എട്ട് പോരില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അഭിഷേക് ശര്‍മ തീര്‍ച്ചയായും വേണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ഡെക്കായ അഭിഷേകിനെതിരേ വിമര്‍ശനം ശക്തമാണ്.
കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോവുന്ന അഭിഷേകിനെ മാറ്റി പകരം സഞ്ജു സാംസണിനെ പ്ലെയങ് ഇലവനിലേക്കു കൊണ്ടു വരണമെന്നും പലരും ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കരുതെന്നാണ് ചോപ്ര ഉറപ്പിച്ച് പറയുന്നത്. ഇതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് റോളില്‍ നിന്നും അഭിഷേക് ശര്‍മയെ മാറ്റാനുള്ള സമയമായിട്ടില്ലെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. ടീമിന്റെ ബാറ്റിങ് കോമ്പിനേഷനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിഷേക് ശര്‍മയെ ഓപ്പണറുടെ റോളില്‍ നിന്നും ഒരിക്കലും മാറ്റാന്‍ പാടില്ല. നിങ്ങള്‍ക്കു മോശം സമയത്തിലൂടെ കടന്നു പോവേണ്ടതായി വരും. ഒരു താരം ഒന്നോ, രണ്ടോ തവണ പൂജ്യത്തിനു പുറത്താവും. അഭിഷേക് ശര്‍മ മൂന്നു തവണയാണ് ഡെക്കായത്.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലും ഇതു സംഭവിച്ചു. പക്ഷെ അതിനു ശേഷം റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഇപ്പോഴത്തെ ഈ പ്രകടനത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് ടീമില്‍ നിന്നും പുറത്താക്കാനും സാധിക്കില്ലെന്നും ചോപ്ര വ്യക്തമാക്കി.
ടി20 ലോകകപ്പില്‍ ഇപ്പോള്‍ വളരെ മോശം ഫോമിലാണെങ്കിലും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് എക്‌സ് ഫാക്ടര്‍ തന്നെയാണ്് അഭിഷേക് ശര്‍മയെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു. അഭിഷേക് ശര്‍മ തീര്‍ച്ചയായും എക്‌സ് ഫാക്ടറാണ്. അവന്‍ ടീമിന്റെ വളരെ പ്രധാനപ്പെട്ട താരമാണ്.
അഭിഷേക് കളിക്കാന്‍ തുടങ്ങുമ്പോള്‍ വളരെ നന്നായിട്ട് തന്നെ പെര്‍ഫോം ചെയ്യും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. നമ്മള്‍ ധൃതി പിടിച്ച് അവനെ മാറ്റാനുള്ള നീക്കം നടത്തേണ്ട ആവശ്യമില്ലെന്നാണ് എനിക്കു തോന്നുന്നതെന്നും ചോപ്ര നിരീക്ഷിച്ചു.
സഞ്ജു സാംസണ്‍ അത്ര മികച്ച ഫോമിലൊന്നുമല്ല ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ അവനോടു അനീതിയാണ് കാണിക്കുന്നതെന്ന് നിങ്ങള്‍ക്കു പറയാനും സാധിക്കില്ല.
മാത്രമല്ല, സൗത്താഫ്രിക്കയ്‌ക്കെതിരേ കളിച്ചാല്‍ മാര്‍ക്കോ യാന്‍സണിനെതിരേ സബര്‍മതിയിലേക്ക് സഞ്ജു അടിച്ചു പറത്തുമെന്ന ആത്മവിശ്വാസവും നിങ്ങള്‍ക്കില്ല. ഒരുപാട് റണ്‍സൊന്നു നേടിയല്ല സഞ്ജു വരുന്നതെന്നു ആകാശ് ചോപ്ര ആഞ്ഞടിക്കുകയും ചെയ്തു.

ഈ ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തിലെ ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് സഞ്ജുവിനു കളിക്കാന്‍ അവസരം ലഭിച്ചത്. നമീബിയയുമായുള്ള രണ്ടാമത്തെ ഗ്രൂപ്പ് മല്‍സത്തിലായിരുന്നു ഇത്. അസുഖം കാരണം അഭിഷേക് ശര്‍മയ്ക്കു പുറത്തിരിക്കേണ്ടി വന്നതാണ് മലയാളി താരത്തിനു വഴി തുറന്നത്.
ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കാനും സഞ്ജുവിനു സാധിച്ചു. എട്ടു ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 22 റണ്‍സാണ്. മൂന്നു കൂറ്റന്‍ സിക്‌റുകളും ഒരു ഫോറുമുള്‍പ്പെടെയാണിത്.
പക്ഷെ അതിനു മുമ്പ് ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ സഞ്ജുവിനു ഓപ്പണിങില്‍ അവസരം ലഭിച്ചിരുന്നു. പക്ഷെ അഞ്ചു കളിയിലും അദ്ദേഹം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി.
9.20 എന്ന ദയനീയ ശരാശരിയില്‍ നേടാനായത് വെറും 46 റണ്‍സാണ്. ടി20 ലോകകപ്പില്‍ സഞ്ജുവിനു ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് സ്ഥാനം നഷ്ടമാവാനുള്ള പ്രധാനപ്പെട്ട കാരണവും ഇതു തന്നെയാണ്. കിവികള്‍ക്കെതിരേ മിന്നിച്ച ഇഷാന്‍ കിഷന്‍ ഈ റോള്‍ കൈക്കലാക്കുകയും ചെയ്തു.