ലോക ഫുട്‌ബോളില്‍ നിലവില്‍ മല്‍സര രംഗത്തുള്ള ചില സൂപ്പര്‍ താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിലെ കളിക്കാരുമായി താരതമ്യം ചെയ്താല്‍ എങ്ങനെയിരിക്കും? അത്തരമൊരു കൗതുകകരമായ താരതമ്യം നടത്തിയിരിക്കുകയാണ് ടി20 ലോകകപ്പില്‍ ഇപ്പോള്‍ ടീം ഇന്ത്യയുടെ ഭാഗമായ മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ്‍.
പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുതല്‍ ഇംഗ്ലീഷ് ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്ന്‍ വരെയുള്ളവരുടെ ഇന്ത്യന്‍ പതിപ്പിനെ സഞ്ജു തിരഞ്ഞെടുത്തിട്ടുണ്ട്. മാത്രമല്ല, താനുമായി സാമ്യമുള്ള ഫുട്‌ബോളറെയും അദ്ദേഹം തിരഞ്ഞെടുത്തുവെന്നതാണ് രസകരമായ കാര്യം.

പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡറും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മധ്യനിരയിലെ മിന്നും താരവുമായ ബ്രൂണോ ഫെര്‍ണാണ്ടസുമായി സാമ്യമുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍ ആരാണൈന്നായിരുന്നു സഞ്ജു സാംസണിനോടുള്ള ആദ്യത്ത ചോദ്യം. അല്‍പ്പസമയം ഒന്നു ആലോചിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ടീമിലെ സ്റ്റാര്‍ സ്പിന്നറും അടുത്ത കൂട്ടുകാരനുമായ കുല്‍ദീപ് യാദവിന്റെ പേരാണ് സഞ്ജു പറഞ്ഞത്.
അടുത്തയാള്‍ അര്‍ജന്റീനയുടെ മുന്‍ ഗോളടിവീരന്‍ സെര്‍ജിയോ അഗ്വേറോയുമായി സാമ്യമുള്ള ഇന്ത്യന്‍ താരത്തെ കുറിച്ചായിരുന്നു. ടീമിലെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജദിനെയാണ് സഞ്ജു തിരഞ്ഞെടുത്തത്. ആധുനിക ഫുട്‌ബോളിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാണ്‍ഡോ ആരാണെന്നായിരുന്നു അടുത്ത ചാലഞ്ച്.
അതു തീര്‍ച്ചയായും വിരാട് ഭായ് (വിരാട് കോലി) ആണെന്നായിരുന്നു ചിരിയോടെയുള്ള സഞ്ജുവിന്റെ മറുപടി. തുടര്‍ന്ന് ഇംഗ്ലീഷ് നായകനും ഗോള്‍ മെഷീനുമായ ഹാരി കെയ്‌നായിരുന്നു ഓപ്ഷനായി നല്‍കിയത്. വളരെ ശാന്ത പ്രകൃതമുള്ള താരമാണ് കെയ്ന്‍. അതു മഹി ഭായ്ക്കു (എംഎസ് ധോണി) നല്‍കമെന്നും സഞ്ജു വ്യക്തമാക്കി.
അടുത്തത് ഇംഗ്ലണ്ടിന്റെയും ചെല്‍സിയുടെയും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കോള്‍ പാമറായിരുന്നു. അതു നമുക്ക് ജസ്പ്രീത് ബുംറയ്ക്കു നല്‍കിക്കൂടെ എന്നായിരുന്നു മമലയാളി താരത്തിന്റെ മറുചോദ്യം. തുടര്‍ന്നുള്ള ഓപ്ഷന്‍ ഈജിപ്തിന്റെയും ലിവര്‍പൂളിന്റെയും സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായായിരുന്നു. എന്റെ ഫേവറിറ്റ് പ്ലെയറാണ് സലാ. അതുകാണ്ടു തന്നെ അദ്ദേഹത്തെ താനെടുക്കുകയാണെന്നും ചിരിയോടെ സഞ്ജു കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഇതിനകം മൂന്നു മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. ഇവയിലൊന്നില്‍ മാത്രമേ സഞ്ജു സാംസണിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിട്ടുള്ളൂ. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നമീബിയയുമായുള്ള രണ്ടാമങ്കത്തിലായിരുന്നു ഇത്.
അസുഖം കാരണം അഭിഷേക് ശര്‍മയ്ക്കു പുറത്തിരിക്കേണ്ടി വന്നതോടെ പകരം സഞ്ജുവിനു പ്ലെയിങ് ഇലവനിലേക്കു വിളിയെത്തുകയായിരുന്നു. എട്ടു ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമടക്കം 22 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. വളരെ പോസിറ്റിവായ തുടക്കം ലഭിച്ചിട്ടും അതു വലിയൊരു ഇന്നിങ്‌സാക്കി മാറ്റിയെടുക്കാനായില്ല.
ചിരവൈരികളായ പാകിസ്താനെതിരേ കൊളംബോയില്‍ നടന്ന മൂന്നാമത്തെ മല്‍സരത്തില്‍ അഭിഷേക് മടങ്ങിയെത്തിയപ്പോള്‍ സഞ്ജുവിനു സ്ഥാനവും നഷ്ടമായി. എന്നാല്‍ ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ സഞ്ജുവിനു വീണ്ടുമൊരു അവസരം കൂടി ലഭിച്ചേക്കും.
മല്‍സരഫലം അപ്രസക്തമായതിനാല്‍ ചില പ്രധാനപ്പെട്ട കളിക്കാര്‍ക്ക് ഇന്ത്യ ബ്രേക്ക് നല്‍കിയേക്കും. ഇഷാന്‍ കിഷനായിരിക്കും ടീം ബ്രേക്ക് നല്‍കിയേക്കുക. ഇതോടെ സഞ്ജുവും അഭിഷേകും ഓപ്പണിങ് ജോടികളായി ഇറങ്ങിയേക്കുകയും ചെയ്യും.