ചെന്നൈ: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലെ തുടക്കം പാളിയതോടെ ശേഷിച്ച രണ്ടു കളികളും ഇന്ത്യക്കു ഡു ഓര്‍ ഡൈ ആയി മാറിയിരിക്കുകയാണ്. വ്യാഴാഴ്ച ചെന്നൈയിലെ ചെപ്പോക്കില്‍ സിംബാബ്‌വെയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.
അതിനു ശേഷം അവസാന മല്‍സരം അടുത്ത ഞായറാഴ്ച. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസുമായിട്ടാണ്. ഈ രണ്ടു മല്‍സരങ്ങളിലും മികച്ച മാര്‍ജിനില്‍ ജയിക്കുന്നതിനൊപ്പം സൗത്താഫിക്ക ശേഷിച്ച രണ്ടു കളിയും ജയിച്ചാല്‍ ഇന്ത്യക്കു സെമിയിലെത്താം.

സിംബാബ്‌വെയുമായി ചെന്നൈയില്‍ നടക്കാനിരിക്കുന്ന അടുത്ത മല്‍സരത്തില്‍ മലയാൡതാരം സഞ്ജു സാംസണിനെ ഇന്ത്യന്‍ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ എസ് ബദ്രിനാഥ്. അതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗത്താഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തിലേറ്റ വന്‍ തോല്‍വിക്കു ശേഷം ഇന്ത്യന്‍ ടീം കോമ്പിനേഷനെ കുറിച്ച് സംസാരിക്കവെയാണ് സഞ്ജു സാംസണിനെ എസ് ബദ്രിനാഥ് പിന്തുണച്ചത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മുന്‍ വലംകൈയന്‍ ബാറ്റര്‍ കൂടിയായ അദ്ദേഹം.
സിംബാബ്‌വെയുമായുള്ള അടുത്ത കളിയില്‍ തിലക് വര്‍മയ്ക്കു പകരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വരണം. ചെന്നൈയിലെ കാണികള്‍ മികച്ച പിന്തുണയുമായി അദ്ദേഹത്തിന്റെ പിറകിലുണ്ടാവുമെന്നതു മറക്കാന്‍ പാടില്ലെന്നും ബദ്രിനാഥ് വ്യക്തമാക്കി.
അടുത്ത മാസം അവസാനത്തോടെ തുടങ്ങാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറാന്‍ പോവുകയാണ് സഞ്ജു. ഇതിനു മുന്നോടിയായി സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ കളിക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന അവസരമായിരിക്കും അടുത്ത മല്‍സരം.
അതുകൊ ണ്ടു തന്നെ കളിക്കാന്‍ അവസരം കിട്ടിയാല്‍ സിഎസ്‌കെ ഫാന്‍സ് അതു വന്‍ ആഘോഷമാക്കി മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ഐപിഎല്‍ മിനി താരലേലത്തിനു തൊട്ടുമുമ്പാണ് ട്രേഡിങ് വിന്‍ഡോയില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് സഞ്ജു ചെന്നൈയിലേക്കു ചേക്കേറിയത്.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്പ് ത്രീ ഇത്തവണ നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണെന്നു എസ് ബദ്രിനാഥ് വിലയിരുത്തി. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമുള്‍പ്പെട്ട ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കായിട്ടില്ല. മുന്നാം നമ്പറില്‍ തിലക് വര്‍മയും നിരാശപ്പെടുത്തുകയാണ്.

ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും അഭിഷേക് ഡെക്കായിരുന്നു. ഇഷാനാവട്ടെ സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ എട്ടില്‍ ഡെക്കായി ക്രീസ് വിട്ടു. തിലകിന്റെ ബാറ്റിങെടുത്താല്‍ ടൂര്‍ണമെന്റിലുടനീളം സ്ലോ ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്.
'ഇന്ത്യന്‍ ടീമിന്റെ ടോപ്പ് ത്രീ കുറച്ചായി പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. പവര്‍പ്ലേയില്‍ എങ്ങനെയാണ് ഓഫ് സ്പിന്നിനെ ഇന്ത്യ കൈകാര്യം ചെയ്യാന്‍ പോവുന്നത്. സഞ്ജു സാംസണിനെ ടീമിലേക്കു കൊണ്ടുവരാനുള്ള ശരിയായ സമയമെത്തിയിരിക്കുകയാണ്.
അഭിഷേക് ശര്‍മ ഇനിയും അവസരങ്ങള്‍ അര്‍ഹിക്കുന്നു. ഇഷാന്‍ കിഷനോടൊപ്പം അവന്‍ തന്നെ തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഓപ്പണ്‍ ചെയ്യട്ടെ. അവന്റെ ശൈലി മികച്ചതാണ്. അഭിഷേകിനെ പോലെ എക്‌സ് ഫാക്ടറായ ഒരു താരത്തെ ഇന്ത്യക്കു ആവശ്യവുമാണ്'- എന്നായിരുന്നു ബദ്രിനാഥിന്റെ വാക്കുകള്‍.
ലോക റാങ്കിങില്‍ തലപ്പത്തുള്ള ബാറ്ററാണെങ്കിലും ഈ ലോകകപ്പിലുടനീളം അഭിഷേകിന്റെ പ്രകടനം പരിതാപകരമാണ്. നാലു മല്‍സരങ്ങളില്‍ നിന്നും 3.75 എന്ന ദയനീയ ശരാശരിയില്‍ 75 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് വെറും 15 റണ്‍സാണ്. സഞ്ജുവിനാവട്ടെ ഒരു കളിയില്‍ മാത്രമേ ടൂര്‍ണമെന്റില്‍ അവസരം ലഭിച്ചിട്ടുള്ളൂ. നമീബിയക്കെതിരേ എട്ടു ബോളില്‍ 22 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു.