ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- സൗത്താഫ്രിക്ക സൂപ്പര്‍ എട്ട് പോരാടത്തിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായ കെ ശ്രീകാന്ത്. അതോടൊപ്പം മോശം ഫോമിലൂടെ കടന്നുപോവുന്ന വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് വണ്ണില്‍ രണ്ടു വമ്പന്‍മാരും കൊമ്പുകോര്‍ക്കുക.
2024ലെ ലോകകപ്പ് ഫൈനിന്റെ റീപ്ലേ കൂടിയാണ് ഈ മല്‍സരം. അന്നത്തെ ജയം ആവര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. എന്നാല്‍ ലോകകപ്പിലെ തോല്‍വിക്ക് സ്വന്തം നാട്ടില്‍ തന്നെ ഇന്ത്യയോടു കണക്കുതീര്‍ക്കാനായാല്‍ അതു സൗത്താഫ്രിക്കയ്ക്ക് ഇരട്ടിമധുരം തന്നെ ആയിരിക്കും.

ഈ ടി20 ലോകകപ്പില്‍ ഇനിയും അക്കൗണ്ട് തുറന്നിട്ടില്ലാത്ത വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയുടെ പ്രകടനം സൂപ്പര്‍ എട്ടിലെ മല്‍സരങ്ങളില്‍ ഇന്ത്യക്കു നിര്‍ണായകമായി മാറുമെന്നാണ് കെ ശ്രീകാന്തിന്റെ വിലയിരുത്തല്‍ ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സങ്ങളിലും അഭിഷേകിനു ഡെക്കായി ക്രീസ് വിടേണ്ടി വന്നിരുന്നു.
നമ്മുടെ മിഡില്‍ ഓര്‍ഡര്‍ ഈ ലോകകപ്പില്‍ ഇനിയും ക്ലിക്കായിട്ടില്ല. അഭിഷേക് ശര്‍മ ബാറ്റിങില്‍ ഇതുവരെ ക്ലിക്കായിട്ടില്ല. എല്ലാവര്‍ക്കും നല്ലതും ചീത്തയുമായ സമയങ്ങളിലൂടെ കടന്നു പോവേണ്ടി വരും. അവന്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററാണ്.
സഞ്ജു സാംസണിനു വേണ്ടത്ര അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. അവനെ പെട്ടെന്നൊന്നും ടീമില്‍ നിന്നും ഒഴിവാക്കിയതല്ല. സഞ്ജുവിനു കിട്ടിയ അവസരങ്ങള്‍ മുതലാക്കാനായില്ല. സൂപ്പര്‍ എട്ടില്‍ അഭിഷേക് ശര്‍മയുടെ പ്രകടനം നിര്‍ണായകമായിരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ശ്രീകാന്ത് വിശദമാക്കി.
അഭിഷേകിന്റെ കാര്യത്തില്‍ ക്ഷമയും വിശ്വാസവും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സൂപ്പര്‍ എട്ടില്‍ വരെ താന്‍ ക്ഷമ കാണിക്കുമെന്നും ഓപ്പണര്‍ തീര്‍ച്ചയായും റണ്ണെടുക്കാന്‍ തുടങ്ങുമെന്നും ശ്രീകാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള സൂപ്പര്‍ എട്ട് മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തവെയാണ് വിജയികളെ കുറിച്ചുള്ള കെ ശ്രീകാന്തിന്റെ വമ്പന്‍ പ്രവചനം.
സൗത്താഫ്രിക്കയുമായുള്ള ഈ മല്‍സരത്തില്‍ ജസ്പ്രീത് ബുംറയുടെയും വരുണ്‍ ചക്രവര്‍ത്തിയുടെയും സ്‌പെല്ലുകള്‍ വളരെ പ്രധാനമായിരിക്കും. സൗത്താഫ്രിക്കയുടെ ബാറ്റിങ് നോക്കൂ, അവരെല്ലാം വമ്പനടിക്കാരാണ്. ടോപ്പ് സിക്‌സിലെ മൂന്നു പേരുടെ വിക്കറ്റുകള്‍ നമുക്ക് വേഗത്തില്‍ വീഴ്ത്താനായാല്‍ നന്നായിരിക്കും.

അല്ലെങ്കില്‍ വളരെ താല്‍പ്പര്യമുണര്‍ത്തുന്ന പോരാട്ടമായി ഇതു മാറും. രണ്ടു ടീമുകള്‍ക്കും ഈ കളിയില്‍ വിജയം എളുപ്പമായിരിക്കുമെന്ന് ഞാന്‍ പറയില്ല. ഇന്ത്യക്കു ഈ മല്‍സരത്തില്‍ 55-45 ശതമാനം വിജയസാധ്യതയെന്നാണ് എന്റെ പ്രവചനമെന്നും ശ്രീകാന്ത് വ്യക്തമാക്കി.
ടി20 ലോകകപ്പില്‍ ഇത്തവണ സൂപ്പര്‍ എട്ടില്‍ നിന്നും സെമി ഫൈനലിലേക്കു യോഗ്യത നേടുന്ന നാലു ടീമുകളെയും കെ ശ്രീകാന്ത് പ്രവചിച്ചിരിക്കുകയാണ്. നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഇന്ത്യ തന്നായാണ് ആദ്യ ചോയ്‌സെന്നു അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ സൂപ്പര്‍ എട്ട് ഗ്രൂപ്പായ എയില്‍ നിന്നും സൗത്താഫ്രിക്കയും സെമി ഫൈനലിലേക്കു യോഗ്യത നേടും. ഗ്രൂപ്പ് രണ്ടില്‍ നിന്നും ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകളും സെമി ഫൈനലില്‍ കളിക്കുമെന്നും ശ്രീകാന്ത് പ്രവചിക്കുന്നു. മാര്‍ച്ച് നാലിനാണ് ആദ്യ സെമി ഫൈനല്‍ നടക്കാനിരിക്കുന്നത്. രണ്ടാം സെമി അഞ്ചിനും നടക്കും. എട്ടിനാണ് കലാശപ്പോരാട്ടം.