ഇന്ത്യന്‍ ടി20 ടീമിലെ നിലവിലെ താരങ്ങളില്‍ താന്‍ സഞ്ജു സാംസണിന്റെ (Sanju Samson) ഫാനാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അമരിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ആന്‍ഡ്രിയസ് ഗൗസ്. ഐസിസി ടി20 ലോകകപ്പില്‍ അമേരിക്കന്‍ ടീമിനായി കളിക്കാന്‍ തയ്യാറെടുക്കുന്ന അദ്ദേഹം ക്രിക്ക്ട്രാക്കറിനു (Crictracker) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മലയാളി താരത്തെ പ്രശംസിച്ചത്.
ടൂര്‍ണമെന്റില്‍ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ തന്നെയാണ് അമേരിക്കയുടെയും സ്ഥാനം. അടുത്ത മാസം ഏഴിന് ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ഇരുടീമുകളും മുഖാമുഖം വരികയും ചെയ്യും.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ലോകകപ്പില്‍ അമേരിക്ക ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. 2024ലെ കഴിഞ്ഞ ടൂര്‍ണമെന്റിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു. പാകിസ്താനെ അട്ടിമറിച്ച് അമേരിക്ക ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയും ചെയ്തിരുന്നു.

ഇന്ത്യക്കാരില്‍ ഫേവിറ്റുകള്‍ ആരെല്ലാം?
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുയാണ് ആന്‍ഡ്രിയസ് ഗൗസ്. ഇന്ത്യന്‍ താരങ്ങളിലേക്കു വ്ന്നാല്‍ ഞാന്‍ രോഹിത് ശര്‍മയുടെ വലിയൊരു ഫാനാണ്. തീര്‍ച്ചയായും അദ്ദേഹം ലോകോത്തര പ്ലെയറാണ്.
എന്നാല്‍ ഇപ്പോഴത്തെ ടി20 സ്‌ക്വാഡിലേക്കു വരികയാണെങ്കില്‍ എനിക്ക് കൂടുതലിഷ്ടം സഞ്ജു സാംസണിനെയാണ്. അദ്ദേഹം ക്രിക്കറ്റ് കളിക്കുന്ന ശൈലി എനിക്കു ഏറെ ഇഷ്ടവുമാണെന്നും ഗൗസ് വ്യക്തമാക്കി.
അതേസമയം, ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജുവിന് ഇതു കഷ്ടകാലമാണ്. ന്യൂസിലാന്‍ഡുമായി പുരോഗമിക്കുന്ന ടി20 പരമ്പരയില്‍ അദ്ദേഹം ബാറ്റിങില്‍ ഇനിയും ക്ലിക്കായിട്ടില്ല. ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളില്‍ നിന്നും സ്‌കോര്‍ ചെയ്യാനായത് 16 റണ്‍സ് മാത്രമാണ്. ഒരു കളിയില്‍ ഗോള്‍ഡന്‍ ഡെക്കായ സഞ്ജുവിന്റെ മറ്റു സ്‌കോറുകള്‍ 10, 6 എന്നിങ്ങനെയുമാണ്.
ഈ പ്രകടനം ടി20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ പ്ലെയിങ് ഇലവനിലെസ്ഥാനത്തിനും ഭീഷണിയായിട്ടുണ്ട്. പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായില്ലെങ്കില്‍ സഞ്ജുവിനെ പിന്തള്ളി ഇഷാന്‍ കിഷന്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറും ഓപ്പണറുമായി മാറിയേക്കുകയും ചെയ്യും.
ക്രിക്കറ്റിലെ ആരാധനാപാത്രം
ക്രിക്കറ്റില്‍ താന്‍ ആരാധനാപാത്രമായി കണ്ടിരുന്ന താരം നാട്ടുകാരന്‍ കൂടിയായ സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണെന്നാണ് ആന്‍ഡ്രിയസ് ഗൗസ് തുറന്നു പറഞ്ഞിരിക്കുന്നത്. ആഫ്രിക്കയില്‍ ജനിച്ചു വളര്‍ന്നയാളെന്ന നിലയില്‍ എന്റെ ആരാധനാപാത്രം എല്ലായ്‌പ്പോഴും എബി ഡിവില്ലിയേഴ്‌സാണ്.
അദ്ദേഹത്തെ കുറിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നു എനിക്കു തോന്നുന്നില്ല. ശരിക്കുമൊരു ലോകോത്തര താരം തന്നെയാണ് എബിഡി. 2017ല്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ അദ്ദേഹത്തിനെതിരേ കളിച്ചിട്ടുള്ളൂ.
ഫാഫ് ഡുപ്ലെസിക്കൊപ്പം ഞാന്‍ കുറച്ചു സമയം ചെലവഴിച്ചിട്ടുണ്ട്. ബാറ്റിങിനെപ്പറ്റി ഞാന്‍ അദ്ദേഹവുമായി ഒരുപാട് സംസാരിക്കുകയും ചെയ്യും. എനിക്കു എല്ലായ്‌പ്പോഴും സമീപിക്കാവുന്ന വ്യക്തികളിലൊരാഴാണ്‍ ഡുപ്ലെസി.
ഞാന്‍ അദ്ദേഹത്തില്‍ വലിയൊരു ആരാധകനുമാണ്. വളരെ നല്ലൊരു വ്യക്തിയും കൂടിയണ് ഡുപ്ലെസി. എനിക്കു എപ്പോള്‍ എന്ത് ആവശ്യം വന്നാലും സഹായിക്കാന്‍ അദ്ദേഹം തയ്യാറാണെന്നും ഗൗസ് വിശദമാക്കി.

ആരാണ് ഗൗസ്?
സൗത്താഫ്രിക്കയില്‍ ജനിച്ച ശേഷം അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയിലേക്കു ചേക്കേറുകയും പന്നീട് ദേശീയ ടീമിന്റെ ഭാഗമാവുകയും ചെയ്ത വലംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമാണ് 32 കാരനായ ആന്‍ഡ്രിയസ് ഗൗസ്. അമേരിക്കയ്ക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം ഇതിനകം നടത്തിയിട്ടുള്ളത്.
ടി20യില്‍ 25 മല്‍സരങ്ങളില്‍ നിന്നും 32.66 ശരാശരിയില്‍ 145.26 സ്‌ട്രൈക്ക് റേറ്റോടെ 751 റണ്‍സാണ് ഗൗസിന്റെ സമ്പാദ്യം. ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഏകദിനത്തില്‍ 14 മല്‍സരങ്ങളിലും അദ്ദേഹം കളിച്ചു. 31.15 ശരാശരിയില്‍ നേടാനായത് 405 റണ്‍സാണ്. നാലു ഫിഫ്റ്റികളടക്കമാണിത്.