അഹമ്മദാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ നാലാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മല്‍സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരേ ഇറങ്ങുക. ബുധനാഴ്ച രാത്രി ഏഴു മണിക്ക് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഡച്ച് ടീമുമായി ഇന്ത്യ പോരടിക്കുക.
ഗ്രൂപ്പ് ചാംപ്യന്‍മാരായി തന്നെ സൂപ്പര്‍ എട്ടിന് തയ്യാറെടുക്കാനായിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. നെതര്‍ലാന്‍ഡ്‌സുമായുള്ള മല്‍സരഫലം അപ്രസക്തമായതിനാല്‍ തന്നെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതയും കൂടുതലാണ്.
ടൂര്‍ണമെന്റില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ പോയവരെ ഈ മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിച്ചേക്കുകയും ചെയ്യും. സാധ്യതാ പ്ലെയിങ് 11 എങ്ങനെയാവുമെന്നു നോക്കാം.

പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ 61 റണ്‍സിന്റെ ആധികാരിക വിജയം കൊയ്ത ടീമില്‍ മാറ്റങ്ങള്‍ വരുത്തിയാവും നെതര്‍ലാന്‍ഡ്‌സിനെതിരേ ഇന്ത്യയിറങ്ങുക. തകര്‍പ്പന്‍ ഫോമിലുള്ള വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന് വിശ്രമം നല്‍കിയേക്കും. കാരണം സൂപ്പര്‍ എട്ടിലും തുടര്‍ന്ന് സെമി ഫൈനലിലും ഫൈനലിലുമെല്ലാം വമ്പന്‍ പോരാട്ടങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
ഇവയിലെല്ലാം ഇഷാന്റെ സേവനം ടീമിന് ആവശ്യമാണ്. അതുകൊണ്ടു തന്നെ പരിക്കുകളേല്‍ക്കാതെ അദ്ദേഹത്തെ സംരക്ഷിക്കേണ്ടതും പ്രധാനം തന്നെ. ഇഷാന് ചെറിയൊരു ബ്രേക്ക് നല്‍കി സൂപ്പര്‍ എട്ടിലെ തിരികെ വിളിക്കാനായിരിക്കും ഇന്ത്യ ശ്രമിച്ചേക്കുക. ഇഷാന് പകരം ഓപ്പണറും കീപ്പറുമായി ടീമിലേക്കു വരുന്നത് സഞ്ജു സാംസണായിരിക്കും.
ടൂര്‍ണമെന്റില്‍ അദ്ദേഹം ഇതിനകം ഒരു മല്‍സരത്തില്‍ കളിച്ചു കഴിഞ്ഞു. നമീബിയയുമായുള്ള രണ്ടാമങ്കത്തിലായിരുന്നു ഇത്. അസുഖം കാരണം അഭിഷേക് ശര്‍മയ്ക്കു പുറത്തിരിക്കേണ്ടി വന്നപ്പോഴാണ് പകരം സഞ്ജുവിനു നറുക്കവീണത്. എട്ടു ബോളില്‍ 22 റണ്‍സുമായി തകര്‍പ്പന്‍ തുടക്കം ലഭിച്ച ശേഷം അദ്ദേഹം പുറത്താവുകയുമായിരുന്നു.
ഡച്ചിനെതിരേ സഞ്ജുവിനു വീണ്ടുമൊരു അവസരം കൂടി ലഭിച്ചേക്കും. ടൂര്‍ണമെന്റില്‍ മലയാളി താരത്തിന്റെ അവസാനത്തെ മല്‍സരവും ഇതു തന്നെ ആയേക്കും. കാരണം ഇനിയുള്ള വലിയ മല്‍സരങ്ങളുലൊന്നും സഞ്ജു ഇലനവില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല. അതിനാല്‍ ഡച്ചിനെതിരേ മികച്ചൊരു ഇന്നിങ്‌സുമായി അദ്ദേഹം ഇതു മുതലാക്കാനും ശ്രമിച്ചേ തീരൂ.
ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ വരുത്തിയേക്കാവുന്ന അടുത്ത മാറ്റം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കിയേക്കുമെന്നതാണ് പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചേക്കും. ഇന്ത്യയെ സംബന്ധിച്ച് പകരം വയ്ക്കാന്‍ കഴിയാത്ത താരമാണ് ഹാര്‍ദിക്. വരാനിരിക്കുന്ന വലിയ മല്‍സരങ്ങളില്‍ അദ്ദേഹത്ത പൂര്‍ണ ഫിറ്റായി സംരക്ഷിക്കുകയും വേണം.
വാഷിയാവട്ടെ പരിക്കു മാറി രണ്ടാമത്തെ മല്‍സരം മുതലാണ് ഇന്ത്യന്‍ ടീമിനോടൊപ്പം ചേര്‍ന്നത്. ടൂര്‍ണമെന്റില്‍ അവസരമില്ലാതെ പുറത്തിരിക്കുന്ന അദ്ദേഹത്തെ പരീക്ഷിച്ച് നോക്കാവുന്ന ഏക മല്‍സരമാണ് ഡച്ചിനെതിരേയുള്ളത്. ഇതു ഉപയോഗപ്പെടുത്താന്‍ തന്നെയായിരിക്കും ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍.

ഡച്ചിനെതിരേ ഇന്ത്യന്‍ ഇലവനില്‍ വരുത്തിയേക്കാവുന്ന അടുത്ത രണ്ടു മാറ്റങ്ങള്‍ ബൗളിങിലായിരിക്കും. കുല്‍ദീപ് യാദവിനു പകരം ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെ തിരികെ വിളിക്കും.
പാകിസ്താനുമായുള്ള മല്‍സരം നടന്ന കൊളംബോയിലെ പിച്ച് സ്പിന്നിന് കൂടുതല്‍ അനുകാലമയതിനാലാണ് അര്‍ഷ്ദീപിനെ മാറ്റി നിര്‍ത്തിയത്. ടീമിലെ അടുത്ത മാറ്റം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കി പകരം മുഹമ്മദ് സിറാജിനെ കളിപ്പിച്ചേക്കുമെന്നതാണ്.
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.