പല്ലെക്കെലെ: സഹിബ്‌സാദ ഫര്‍ഹാന്റെ റെക്കോര്‍ഡ് സെഞ്ച്വറിയും ശ്രീലങ്കയ്‌ക്കെതിരായ ത്രില്ലിങ് ജയവും പാകിസ്താനെ രക്ഷിച്ചില്ല. ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ അവര്‍ പുറത്തായി. 213 റണ്‍സിന്റെ കൂറ്റന്‍ വിജയക്ഷ്യമാണ് ലങ്കയ്ക്കു പാക് പട നല്‍കിയത്.
പക്ഷെ നെറ്റ് റണ്‍റേറ്റില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സെമിയിലെത്തണമെങ്കില്‍ ലങ്കയെ 147 റണ്‍സില്‍ പിടിച്ചുനിര്‍ത്തേണ്ടത് അവര്‍ക്കു ആവശ്യമായിരുന്നു. എങ്കില്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡിനെ മറികടക്കാന്‍ പാക് പടയ്ക്കു സാധിക്കുമായിരുന്നുള്ളൂ.

പക്ഷെ അവരുടെ ഈ മോഹം നടന്നില്ല. ആറു വിക്കറ്റിനു 207 റണ്‍സെടുത്താണ് ലങ്ക ഈ മല്‍സരം അടിയറ വച്ചത്. പാക് ടീം പുറത്തായപ്പോള്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ന്യൂസിലാന്‍ഡ് സെമിയില്‍ കടന്നു.
ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ (31 ബോളില്‍ 76*) ലങ്കയെ ജയത്തിന് തൊട്ടരികെ വരെയെത്തിച്ചത്. എട്ടു കൂറ്റന്‍ സിക്‌സറും രണ്ടു ഫോഫുമടക്കമാണിത്. പവന്‍ രത്‌നായകെയാണ് (58) മറ്റൊരു പ്രധാന സ്‌കോറര്‍.

രണ്ടാം സെഞ്ച്വറിയുമായി ചരിത്രം കുറിച്ച വെടിക്കെട്ട് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാനിലേറിയാണ് (100) പാകിസ്താന്‍ എട്ടു വിക്കറ്റിനു 212 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 60 ബോളുകളില്‍ ഒമ്പതു ഫോറുകളും അഞ്ചു കൂറ്റന്‍ സിക്‌സറുമുള്‍പ്പെട്ടതാണ് ഇന്നിങ്‌സ്.
ഈ പ്രകടനത്തോടെ ചില വമ്പന്‍ റെക്കോര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ടി20 ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഒന്നിലേറെ സെഞ്ച്വറികളടിച്ച ആദ്യ താരമെന്ന റെക്കോര്‍ഡ് ഫര്‍ഹാന്‍ കൈക്കലാക്കി. കൂടാതെ ടി20 ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ (രണ്ട്) ഓള്‍ടൈം റെക്കോര്‍ഡിലും അദ്ദേഹം പങ്കാളിയായി.
ഇതുകൊണ്ടും തീര്‍ന്നില്ല. ടി20 ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സെന്ന ഇന്ത്യയുടെ മുന്‍ റണ്‍മെഷീന്‍ വിരാട് കോലിയുടെ ഓള്‍ടൈം റെക്കോര്‍ഡും ഫര്‍ഹാന്‍ പഴങ്കഥയാക്കിയിരിക്കുകയാണ്. 2014ലെ ടൂര്‍ണമെന്റില്‍ കോലി നേടിയ 319 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
ഫര്‍ഹാന്റെ റണ്‍വേട്ടയില്‍ ഇതും തിരുത്തപ്പെട്ടിരിക്കുകയാണ്. ഏഴിന്നിങ്‌സുകളില്‍ നിന്നും 76.60 ശരാശരിയില്‍ 383 റണ്‍സ് അദ്ദേഹം ഇതിനകം വാരിക്കൂട്ടി കഴിഞ്ഞു. രണ്ടു വീതം സെഞ്ചറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 160.25 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും ഫര്‍ഹാനുണ്ട്.
ലങ്കയുമായുള്ള മല്‍സരത്തിലേക്കു വന്നാല്‍ ഫര്‍ഹാനെ കൂടാതെ ബാറ്റിങില്‍ മിന്നിച്ചത് ഫഖര്‍ സമാനാണ്. ടൂര്‍ണമെന്റിലാദ്യമായി ഫേവറിറ്റ് പൊസിഷനായ ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച അദ്ദേഹം 84 റണ്‍സോടെ കസറി. 42 ബോളില്‍ ഒമ്പതു ഫോറും നാലു സിക്‌സറും ഫഖറിന്റെ ഇന്നിന്നിങ്‌സിലുണ്ടായിരുന്നു.
ഓപ്പണിങ് വിക്കറ്റില്‍ ഫര്‍ഹാന്‍- ഫഖര്‍ ജോടി 176 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. വെറും 16 ഓവറുകളിലാണിത്. ഇതാണ് പാകിസ്താനെ 200നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്.
ഫഖര്‍ മടങ്ങിയ ശേഷം സ്‌കോറിങിന് വേഗത കൂട്ടാനുള്ള ശ്രമത്തിനിടെ പാകിസ്താനു തുരുതുരെ വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. ലങ്കയ്ക്കായി ദില്‍ഷന്‍ മധുഷങ്ക മൂന്നും ദസുന്‍ ഷനക രണ്ടും വിക്കറ്റുകളെടുത്തു.

നേരത്തേ സൂപ്പര്‍ എട്ടില്‍ പാകിസ്താന്റെ ആദ്യ മല്‍സരം ന്യൂസിലാന്‍ഡിനെതിരേയായിരുന്നു. പക്ഷെ മഴയെ തുടര്‍ന്ന് ഒരോവര്‍ പോലും കളിക്കാനാവാതെ ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടു. നിര്‍ണായകമായ രണ്ടാമങ്കത്തില്‍ ഇംഗ്ലണ്ടിനോടും രണ്ടു വിക്കറ്റിനു തോറ്റതോടെ പാകിസ്താന്റെ സെമി സാധ്യതകളും തുലാസിലാവുകയായിരുന്നു.
അതേസമയം, സൂപ്പര്‍ എട്ടിലെ രണ്ടു മല്‍സരങ്ങളും തോറ്റതോടെയാണ് ശ്രീലങ്കയുടെ സെമി ഫൈനല്‍ മോഹങ്ങള്‍ തകര്‍ന്നത്. ബൗളിങ് നിര മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ബാറ്റിങ് നിരയുടെ ഫ്‌ളോപ്പ് ഷോയാണ് ലങ്കയെ ചതിച്ചത്. സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോടു 51 റണ്‍സിനാണ് അവര്‍ കീഴടങ്ങിയത്. രണ്ടാമത്തെ കളിയില്‍ ന്യൂസിലാന്‍ഡ് 61 റണ്‍സിനും ലങ്കയെ കെട്ടുകെട്ടിക്കുകയായിരുന്നു.
പ്ലെയിങ് 11
പാകിസ്താന്‍- സഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഖവാജ നഫായ്, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരിഖ്.
ശ്രീലങ്ക- പതും നിസ്സങ്ക, കമില്‍ മിഷാര (വിക്കറ്റ് കീപ്പര്‍), ചരിത് അസലങ്ക, പവന്‍ രത്‌നായകെ, കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ജനിത് ലിയാനഗെ, ദുനിത് വെല്ലലഗെ, മഹേഷ് തീക്ഷണ, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുശങ്ക.