കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു പാക് മിസ്റ്ററി സ്പിന്നര്‍ ഉസ്മാന്‍ താരീഖ്. വളരെ വിചിത്രമായ ബൗളിങ് ആക്ഷനും ഇതുവരെ അദ്ദേഹം ഇന്ത്യക്കെതിരേ കളിച്ചിട്ടില്ലെന്നതും കൗതുകം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ കളിയില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ താരീഖിനായില്ല.
നാലോവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹത്തിന് ആറ് ഇക്കോണമി റേറ്റില്‍ വീഴ്ത്താനായത് ഒരേയൊരു വിക്കറ്റ് മാത്രമാണ്. 29 ബോളില്‍ 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയാണ് താരീഖ് മടക്കിയത്. എന്തുകൊണ്ടാണ് ഈ മല്‍സരത്തില്‍ കൂടുതല്‍ വിക്കറ്റുകള്‍ തനിക്കു ലഭിക്കാതെ പോയതെന്നു അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്.

ഗ്രൂപ്പ് എയില്‍ നമീബിയയുമായുളള നാലാമത്തെയും അവസാനത്തെയും കളിക്കു മുന്നോടിയായി സംസാരിക്കവെയാണ് ഇന്ത്യക്കെതിരായ പ്രകടനത്തെ കുറിച്ച് ഉസ്മാന്‍ താരീഖ് സംസാരിച്ചത്.
ഇന്ത്യന്‍ ബാറ്റര്‍മാര്‍ വളരെയധകം ശ്രദ്ധയോടെയാണ് എനിക്കെതിരേ കളിക്കുന്നതെന്ന് എനിക്കു ആ സമയത്തു തോന്നിയിരുന്നു. എനിക്കു വിക്കറ്റ് നല്‍കരുതെന്ന് അവര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. അത്തരമൊരു പ്ലാനുമായാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ എന്നെ നേരിട്ടത്. എന്നാല്‍ ഞാനാവട്ടെ വിക്കറ്റുകളെടുക്കണമെന്ന പ്ലാനില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്തു.
ഒടുവില്‍ അവസാനം ഞാന്‍ സേഫ് സൈഡില്‍ തന്നെ ആയിരുന്നെന്നു തോന്നുന്നു. വിക്കറ്റുകള്‍ പ്രതീക്ഷിച്ചതു പോലെ വീഴ്ത്താനായില്ലെങ്കിലും ഒരുപാട് റണ്‍സ്് വിട്ടുകൊടുക്കുകയും ചെയ്തിട്ടില്ല. അതുകൊണ്ട് പാകിസ്താന്‍ ടീമിനു ഗുണം ലഭിക്കുകയും ചെയ്തു.
നിര്‍ണായക ഘട്ടങ്ങളിലും ഡെത്ത് ഓവറുകളിലുമെല്ലാം ബൗള്‍ ചെയ്യാനെത്തി സാധാരണത്തേതു പോലെ റണ്‍സ് വഴങ്ങിയില്ലെന്നത് നല്ല കാര്യമാണ്. എനിക്കും അതിന്റെ ഗുണം ലഭിക്കുകയും ചെയ്തുവെന്നും താരീഖ് വ്യക്തമാക്കി.
അതേസമയം, 28 കാരനായ താരീഖിന്റെ കന്നി ലോകകപ്പ് കൂടിയാണിത്. നെതര്‍ലാന്‍ഡ്‌സുമായുള്ള ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ അവസരം ലഭിച്ചില്ലെങ്കിലും യുഎസ്എയ്‌ക്കെതിരേ പ്ലെയിങ് ഇലവനിലേക്ക് വിളിയെത്തി.
തകര്‍പ്പന്‍ പ്രകടനവുമായി ലോകകപ്പിലെ ആദ്യ മല്‍സരം താരീഖ് മികച്ചതാക്കി മാറ്റുകയും ചെയ്തു. നാലോവറില്‍ 27 റണ്‍സിന് താരീഖ് മൂന്നു വിക്കറ്റുകളും പിഴുതിരുന്നു.

അതേസമയം, കഴിഞ്ഞ വര്‍ഷം നവംബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ലാഹോറില്‍ നടന്ന ടി20യിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരീഖ് അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളും വീഴ്ത്തി.
പിന്നാലെ സിംബാബ്‌വെയുമായുള്ള കളിയിലാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. വെറും 18 റണ്‍സിന് നാലു വിക്കറ്റുകളാണ് താരീഖ് വീഴ്ത്തിയത്. ആറു ടി20കളിലായി അഞ്ചിന്നിങ്‌സുകളില്‍ മാത്രമേ അദ്ദേഹം പാക് ടീമിനായി കളിച്ചിട്ടുള്ളൂ. 5.95 ഇക്കോണമി റേറ്റില്‍ 12 വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു.