ടി20 ലോകകപ്പില്‍ ഞായറാഴ്ച കൊളംബോയില്‍ നടക്കാനിരിക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്കു മുന്നറിയിപ്പുമായി പാകിസ്താന്റെ വെടിക്കെട്ട് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍. ഇന്ത്യക്കെതിരായ മല്‍സരത്തിനായി പാക് ടീം തയ്യാറായിക്കഴിഞ്ഞുവെന്നും വലിയ ആത്മവിശ്വാസത്തിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് ടീം 32 റണ്‍സിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ 73 റണ്‍സോടെ ടോപ്‌സ്‌കോററായത് ഫര്‍ഹാനാണ്. 41 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതാണ് ഫര്‍ഹാന്റെ ഇന്നിങ്‌സ്.

കഴിഞ്ഞ വര്‍ഷം യുഎഇ വേദിയായ ഏഷ്യാ കപ്പില്‍ ഫൈനലിലുള്‍പ്പെടെ മൂന്നു തവണ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. ഇവയിലെല്ലാംവിജയം കൊയ്തതും ഇന്ത്യയാണ്. പക്ഷെ പാകിസ്താന്‍ അവസാനം വരെ പൊരുതിയാണ് കീഴടങ്ങിയതെന്നും ഇന്ത്യയെ അനായാസം ജയിക്കാന്‍ അനുവദിച്ചിട്ടില്ലെന്നുമാണ് സഹിബ്‌സാദ ഫര്‍ഹാന്‍ പറയുന്നത്.
എഷ്യാ കപ്പിലേക്കു വരുമ്പോള്‍ പാകിസ്താന്‍ ടീം വളരെ നല്ല പ്രകടനം തന്നെ കാഴ്ചവച്ചിരുന്നു. ഇന്ത്യക്കെതിരേ ഞങ്ങള്‍ അവസാനം വരെ പൊരുതുക തന്നെ ചെയ്തു. ഏകപക്ഷീയമായിരുന്നില്ല മല്‍സരങ്ങള്‍. ഇത്തവണ ഇന്ത്യക്കെതിരേ മനോഹരമായ ഗെയിം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫര്‍ഹാന്‍ വ്യക്തമാക്കി.
ഇന്ത്യക്കെതിരേയുള്ള മല്‍സരമാണ് ഇനി കളിക്കാന്‍ പോവുന്നതെന്നു പാകിസ്താന്‍ താരങ്ങള്‍ തലയില്‍ കൊണ്ടു നടക്കില്ലെന്നും ഒരു സാധാരണ മല്‍സരം പോലെ മാത്രമേ ഇതിനെ കാണുകയുള്ളൂവെന്നും സഹിബ്‌സാദ ഫര്‍ഹാന്‍ പറയുന്നു.
നിങ്ങള്‍ റണ്‍സസെടുക്കുമ്പോള്‍ അതു നിങ്ങള്‍ക്കു വലിയ ആത്മവിശ്വാസവും നല്‍കും. ഈ ലോകകപ്പിലെ കഴിഞ്ഞ രണ്ടു ഇന്നിങ്‌സുകളെടുക്കുമ്പോള്‍ ഞാനും വലിയ ആത്മവിശ്വാസത്തിലാണ്.
ഇന്ത്യയുമായുള്ള കളി വെറുമൊരു സാധാരണ മല്‍സരം മാത്രമാണ്, ഞങ്ങള്‍ ഒരു സാധാരണ മല്‍സരം പോലെ മാത്രമേ അതില്‍ കളിക്കുകയുള്ളൂ. ഇതു ഇന്ത്യ-പാകിസ്താന്‍ മല്‍സരമാണെന്നു ഞങ്ങള്‍ തലയില്‍ കൊണ്ട് നടക്കില്ല. ഇതൊരു സാധാരണ മല്‍സരമാണെന്നും ഫര്‍ഹാന്‍ വിശദമാക്കി.
ഗ്രൂപ്പ് എയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ചതിനാല്‍ ഒട്ടു തന്നെ സമ്മര്‍ദ്ദമില്ലാതെ ഇന്ത്യക്കതിരേ ഇറങ്ങാന്‍ പാകിസ്താനു സാധിക്കും. സൂപ്പര്‍ എട്ട്
യോഗ്യതയ്്ക്കു തൊട്ടരികിലാണ് അവര്‍ ഇപ്പോഴുള്ളത്.

ഇന്ത്യയുമായുള്ള മല്‍സരം തോറ്റാലും അതു പാകിസ്താനു വലിയ ക്ഷീണമാവില്ല. കാരണം അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ദുര്‍ബലരായ നമീബിയയാണ് അവരുടെ എതിരാളികള്‍. അതില്‍ ജയിച്ചാല്‍ പാക് ടീമിനു സൂപ്പര്‍ എട്ടിലെത്തുകയും ചെയ്യാം.
വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമെന്ന റോളിലേക്കു ഉയര്‍ന്നുവന്ന താരമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ സഹിബ്‌സാദ ഫര്‍ഹാന്‍. വളരെ അനായാസം വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്കാണ് വലംകൈയന്‍ ബാറ്ററെ അപകടകാരിയാക്കുന്നത്.
ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡാണ് ഫര്‍ഹാനുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയുമയുള്ള പോരാട്ടങ്ങളില്‍ പാക് ടീമിനു വേണ്ടി ഏറ്റവുമധികം ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ഏക പാക് താരവും അദ്ദേഹമാണ്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ വളരെ അനായാസമാംണ് ഫര്‍ഹാന്‍ കൈകാര്യം ചെയ്തത്. ചില വമ്പന്‍ സിക്‌സറുകളുമടിക്കുകയും ചെയ്തു. മൂന്നു കളിയില്‍ ഇന്ത്യക്കെതിരേ 140നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 15 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. 51.67 ശരാശരിയാേടെയാണിത്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.