ഡല്‍ഹി: വെടിക്കെട്ട് താരം അഭിഷേക് ശര്‍മ അസുഖം കാരണം പുറത്തായിരിക്കവെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് റോളിലേക്ക് സര്‍പ്രൈസ് താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. അഭിഷേകിന് കുറഞ്ഞത് രണ്ടു മല്‍സരങ്ങളിലെങ്കിലും കളിക്കാനായേക്കില്ല. നമീബിയയുമായുള്ള കളി കൂടാതെ ഞായറാഴ്ച പാകിസ്താനെതിരേയും അദ്ദേഹം കളിക്കുന്ന കാര്യം സംശയമാണ്.
അഭിഷേകിന്റെ അഭാവത്തില്‍ നമീബിയയുമായുള്ള മല്‍സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന് ഓപ്പണറായി നറുക്കുവീഴുമെന്നാണ് വിവരം. മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനൊപ്പമായിരിക്കും അദ്ദേഹം ഓപ്പണിങില്‍ കളിക്കുക. അതിനിടെയാണ് സഞ്ജുവല്ല, മറ്റൊരാളാണ് ഓപ്പണിങില്‍ ഇറങ്ങേണ്ടതെന്നു ശ്രീകാന്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ ടീം കോമ്പിനേഷനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സഞ്ജു സാംസണിനെ ഓപ്പണറാക്കുന്നതിനോടു തനിക്കു യോജിപ്പില്ലെന്ന് കെ ശ്രീകാന്ത് തുറന്നടിച്ചത്. പകരം പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്്ടണ്‍ സുന്ദറിന് ഈ റോള്‍ നല്‍കണമെന്നും ആവശ്യപ്പെടുന്നു.
വാഷിങ്ടണ്‍ സുന്ദര്‍ പരിക്കില്‍ നിന്നും മോചിതനായി മടങ്ങിയെത്തിയെന്നു കളിഞ്ഞ മല്‍സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഞാന്‍ ടീമിന്റെ ക്യാപ്റ്റനോ, മുഖ്യ സെലക്ടറോ ആണെങ്കില്‍ വേറെ രീതിയിലാണ് ചിന്തിക്കുക.
സഞ്ജു സാംസണ്‍ ഇപ്പോള്‍ പൂര്‍ണമായും ഫോമൗട്ടാണ്. അതുകൊണ്ടു തന്നെ ഓപ്പണിങില്‍ അവന്‍ വേണ്ട. സഞ്ജുവിനു പകരം വാഷിങ്ടണ്‍ സുന്ദറിനെ ഞാന്‍ ഇലവനിലേക്കു കൊണ്ടുവന്ന് ഓപ്പണിങ് റോള്‍ നല്‍കും. വാഷി ഓപ്പണറായി കളിക്കാവുന്നയാളാണ്. തമിഴ്‌നാടിനു വേണ്ടി നേരത്തേ ഓപ്പണറായി കളിച്ചിട്ടുമുണ്ട്. ഇന്ത്യക്കു വേണ്ടിയും അവന് ഈ റോളില്‍ കളിക്കാനാവുമെന്നും ശ്രീകാന്ത് പറഞ്ഞു.
കെ ശ്രീകാന്തിന്റെ വിചിത്രമായ ഈ നിര്‍ദേശത്തോടു യോജിക്കാന്‍ ഷോയില്‍ പങ്കെടുത്ത മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധ തയ്യാറായില്ല. എന്തിനാണ് ഇങ്ങനെയൊരു പരീക്ഷണമെനന്നു ഇതുകൊണ്ട് എന്തു കാര്യമെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു.

പിന്നാലെ വാഷിങ്ടണിനെ ഓപ്പണറാക്കണമെന്നു താന്‍ നിര്‍ദേശിക്കാനുള്ള കാരണവും ശ്രീകാന്ത് വിശദീകരിച്ചു. പാകിസ്താനുമായുള്ള മല്‍സരത്തിനു മുമ്പ് വാഷിങ്ടണ്‍ സുന്ദര്‍ ഫിറ്റാവണമെന്നു അതില്‍ ഇന്ത്യക്കായി കളിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. പാകിസ്താനെതിരേ റിങ്കു സിങിനു പകരം വാഷിങ്ടണ്‍ പ്ലെയിങ് ഇലവനിലുണ്ടാവുകയും വേണമെന്നും ശ്രീകാന്ത് വിശദമാക്കി.
വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കമെന്ന കെ ശ്രീകാന്തിന്റെ അഭിപ്രായത്തെ അതിരൂക്ഷമായിട്ടാണ് അനിരുദ്ധ ശ്രീകാന്ത് വിമര്‍ശിച്ചത്. ഈ അഭിപ്രായത്തോടു തനിക്ക് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനെതിരേ വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കണമെന്ന് വച്ച് അതിന് എന്തിനാണ് അവനെ ഓപ്പണിങില്‍ കളിപ്പിക്കുന്നത്? ഇത്തരമൊരു നീക്കം വലിയ ആശയക്കുഴപ്പത്തിന് മാത്രമേ വഴിയൊരുക്കുകയുള്ളൂ. വാഷിങ്ടണ്‍ നേരത്തേ ഓപ്പണറായി അത്ര വിജയിച്ചയാളല്ല.
വാഷിങ്ടണിനെ ടീമിലേക്കു കൊണ്ടു വരണമെങ്കില്‍ റിങ്കുവിനു പകരം നമീബിയക്കെതിരേ തന്നെ അതേ ബാറ്റിങ് പൊസിഷനില്‍ കളിപ്പിക്കൂ. പാകിസ്താനെതിരേ മാത്രമല്ല ടൂര്‍ണമെന്റിലെ ഒരു കളിയിലും വാഷി ഓപ്പണ്‍ ചെയ്യില്ല. സഞ്്ജു സാംസണ്‍ ബാക്കപ്പ് ഓപ്പണറായി ടീമിലുള്ളുപ്പോള്‍ അദ്ദേഹത്തിന് തന്നെയാണ് അവസരം ലഭിക്കേണ്ടതെന്നും അനിരുദ്ധ ആഞ്ഞടിക്കുകയും ചെയ്തു.