ന്യൂഡല്‍ഹി: നമീബിയക്കെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാമങ്കത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനെ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ താരവും ബാറ്റിങ് കോച്ചുമായ സഞ്ജയ് ബാംഗര്‍. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച രാത്രി ഏഴു മണി മുതലാണ് മല്‍സരം.
അമേരിക്കയ്‌ക്കെതിരേ കഷ്ടിച്ചു തടിതപ്പിയ ആദ്യ മല്‍സരത്തിലെ ടീമില്‍ മാറ്റം വരുത്തിയാവും നമീബിയക്കെതിരേ ഇന്ത്യയിറങ്ങുക. അസുഖം കാരണം ആദ്യ മല്‍സരം നഷ്ടമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മടങ്ങിയെത്തും. ഇതോടെ സ്ഥാനം നഷ്ടമാവുക മുഹമ്മദ് സിറാജിനുമായിരിക്കും.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഫോളോദി ബ്ലൂസെന്ന ഷോയില്‍ നമീബിയക്കെതിരേ ഇന്ത്യന്‍ പ്ലെയിങ് ഇലവനെ കുറിച്ച് സംസാരിക്കവെയാണ് ടീമില്‍ വരാനിടയുള്ള മാറ്റത്തെ കുറിച്ച് സഞ്ജയ് ബാംഗര്‍ സംസാരിച്ചത്. പരിക്കില്‍ നിന്നും മുക്തനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ അടുത്ത മല്‍സരം മുതല്‍ ലോകകപ്പ് സ്‌ക്വാഡിനൊപ്പം ചേരുകയാണ്.
പക്ഷെ നമീബിയക്കെതിരേ വാഷിക്ക് ഇന്ത്യന്‍ ഇലവനില്‍ സ്ഥാനമുണ്ടാവുമെന്ന് തനിക്കു തോന്നുന്നില്ലെന്ന് ബാംഗര്‍ പറഞ്ഞു. വാഷിങ്ടണ്‍ സുന്ദല്‍ വരിക്കു മാറി ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നുവെന്നത് നല്ല വാര്‍ത്തയാണ്. കാരണം അവന്റെ കാര്യത്തില്‍ ഇന്ത്യന്‍ ടീം ക്ഷമ കാണിച്ചു.
വാഷിയുടെ കഴിവില്‍ ടീം മാനേജ്‌മെന്റിന് വലിയ ആത്മവിശ്വാസമുണ്ട്. ഈ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ലഭ്യമാവാതിരുന്നിട്ടും അവനില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. വാഷിയെ കൂടി ഉള്‍പ്പെടുത്തിയുള്ള കോമ്പിനേഷനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നാണ് ഇതിനര്‍ഥമെന്നും മുന്‍ ഓള്‍റൗണ്ടറായ ബാംഗര്‍ വ്യക്തമാക്കി.
ഒരു സ്പിന്‍ ബൗളിങ് ഒള്‍റൗണ്ടര്‍ ലഭ്യമല്ലെങ്കില്‍ വാഷിങ്ടണ്‍ സുന്ദര്‍ തീര്‍ച്ചയായും ഇന്ത്യന്‍ ഇലവനിലേക്കു വരും. പക്ഷെ ഡല്‍ഹിയിലെ അടുത്ത മല്‍സരത്തില്‍ അവന്‍ കളിക്കാനിറങ്ങുമെന്ന് എനിക്കു തോന്നുന്നില്ല.
പക്ഷെ ജസ്പ്രീത് ബുംറ തീര്‍ച്ചയായും പ്ലെയിങ് ഇലവനിലേക്ക് വരുമെന്ന് എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്. ഇതു കാരണം സ്ഥാനം നഷ്ടമാവുക ഫോമിലുള്ള മുഹമ്മദ് സിറാജിനായിരിക്കുമെന്നും ബാംഗര്‍ നിരീക്ഷിച്ചു.
അമേരിക്കയുമായുള്ള ആദ്യ കളിയില്‍ ബുംറയുടെ അഭാവത്തില്‍ പ്ലെയിങ് ഇലവനിലേക്കു വന്ന സിറാജ് ഈ അവസരം ശരിക്കു മുതലെടുക്കുകയും ചെയ്തിരുന്നു. ടീമിന്റെ ബൗളിങ് കുന്തമുനയായും അദ്ദേഹം മാറി. നാലോവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്.

മുംബൈയിലെ വാംഖഡെയില്‍ അമേരിക്കയ്‌ക്കെതിരേ ആദ്യ മല്‍സരത്തില്‍ നേരിട്ട ബാറ്റിങ് തകര്‍ച്ചയെപ്പറ്റി ഇന്ത്യന്‍ താരങ്ങള്‍ കൂടുതലായി വിശകലനം ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് സഞ്ജയ് ബാംഗര്‍ പറഞ്ഞു.
ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഇപ്പോള്‍ പിന്തുടരുന്ന ശൈലി നോക്കുമ്പോള്‍ വാംഖഡെയില്‍ അമേരിക്കയ്‌ക്കെതിരേ സംഭവിച്ചതിനെ കുറിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കൂടുതലായി വിശകലനം ചെയ്യുമെന്ന് എനിക്കു തോന്നുന്നില്ല. കാരണം ടീമിന്റെ ഇപ്പോഴത്തെ സമീപനം അപകടം നിറഞ്ഞതാണ്.
അത്തരം ദിവസങ്ങളില്‍ (അമേരിക്കയുമായുള്ള മല്‍സരം) വിക്കറ്റുകള്‍ വീണ്ടു കൊണ്ടിരിക്കവെ അഗ്രസീവ് സമീപനം തന്നെ തുടര്‍ന്നാല്‍ വീണ്ടും തുടരെ വിക്കറ്റുകള്‍ കൈവിടാനുള്ള സാധ്യതയും വര്‍ധിക്കുമെന്നും ബാംഗര്‍ വിലയിരുത്തി.
കഴിഞ്ഞ മല്‍സരം ഒരു പാഠമാണ്. സ്‌കോറിങ് അല്‍പ്പം സ്സോ ആയി മാറിയിരിക്കാം. പക്ഷെ ബാറ്റിങ് സമീപനത്തിന്റെ കാര്യത്തില്‍ സംശയമൊന്നും ഇല്ലായിരുന്നു. കാരണം ആ നിര്‍ഭയമായ സമീപനാണ് ഇന്ത്യക്ക് ഒരുപാട് വിജയങ്ങള്‍ നേടിത്തന്നിട്ടുള്ളത്.
അതുകൊണ്ടു തന്നെ ആ കഴിവിനെ പിന്തുണയ്ക്കുകയും കഴിഞ്ഞ 18 മാസത്തോളമായി ഇന്ത്യന്‍ ബാറ്റിങ്‌നിര ടി20യില്‍ പിന്തുടരുന്ന അതേ രീതി തുടരണമെന്നും ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.