ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇത്തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെടുക ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. നാട്ടുകാരനായ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡോ, ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോ ആവില്ല ഈ പുരസ്‌കാരം നേടുകയെന്നാണ് മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്റെ നിരീക്ഷണം.
ഇന്ത്യയിലും ശ്രീലങ്കയിലുമായി ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ടി20 ലോകകപ്പില്‍ 20 ടീമുകളാണ് അണിനിരക്കുക. നിലവിലെ ചാംപ്യന്‍മാരും ലോക ഒന്നാം നമ്പര്‍ ടീമുമായ ഇന്ത്യ തന്നെയാണ് കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നിലുള്ളത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക തുടങ്ങിയവരും ഏറെ കരുത്തരാണ്.

ആരാവും ആ താരം?
ഇന്ത്യയുടെ ഇടിവെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററുമായ അഭിഷേക് ശര്‍മയെയാണ് ഇത്തവണത്തെ ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി റിക്കി പോണ്ടിങ് പ്രവചിച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്ണെടുക്കുന്നതും അദ്ദേഹമായിരിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പറയുന്നു. ഐസിസി റിവ്യ എന്ന ഷോയുടെ പുതിയ എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു പോണ്ടിങ്.
അഭിഷേക് ശര്‍മ ശരിക്കുമൊരു സ്റ്റാറാണ്. ലോകകപ്പില്‍ നേരത്തേ കളിച്ചിട്ടില്ലെന്നത് ഒരു പോസിറ്റീവായ കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി മാറിയേക്കുക അഭിഷേകായിരിക്കും. മാത്രമല്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അവനു ലഭിച്ചേക്കും. അഭിഷേക് അത്രയും മിടുക്കനാണെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
ഈ ലോകകപ്പില്‍ അഭിഷേക് ടോപ്‌സ്‌കോററായി മാറുകയാണെങ്കില്‍ ഇന്ത്യയെ പരാജയപ്പെടുത്തുകയെന്നത് കൂടുതല്‍ കരുപ്പമായി മാറിയേക്കുകയും ചെയ്യും. പക്ഷെ അവനു അതിനു കഴിഞ്ഞില്ലെങ്കില്‍ മറ്റു ടീമുകളെ പോലെ ഇന്ത്യക്കും പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ഈ ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് അഭിഷേക് അത്രയും പ്രധാനപ്പെട്ട താരമായിരിക്കുമെന്നും താന്‍ കരുതുന്നതായി പോണ്ടിങ് വ്യക്തമാക്കി.
അഭിഷേകിന്റെ തുടക്കം
ഐപിഎല്ലില്‍ നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദാബാദിന്റെ ഓപ്പണറും തുറുപ്പുചീട്ടുമാണെങ്കിലും അഭിഷേക് ശര്‍മ തനിക്കു കീഴിലാണ് ആദ്യമായി തുടങ്ങിയതെന്നു റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടു. അഭിഷേക് ശര്‍മയുടെ ആദ്യത്തെ ഐപിഎല്‍ കോച്ച് ഞാനായിരുന്നു. എനിക്കു കീഴിലായിരുന്നു അവന്റെ അരങ്ങേറ്റം.
17 വയസ്സ് മാത്രമുള്ളപ്പോഴായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി അഭിഷേക് കളിക്കാനിറങ്ങിയത്. വളരെ പെട്ടെന്നു തന്നെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുകയും ചെയ്തു. ബൗളറുടെ തലയ്ക്കു മുകളിലൂടെ ആദ്യത്തെ ബോളില്‍ തന്നെ അഭിഷേക് ഫോറോ, സിക്‌സറോ അന്നു നേടിയിരുന്നുവെന്നാണ് എന്റെ ഓര്‍മ. ഈ 17 കാരന്‍ വളരെ സ്‌പെഷ്യലാണെന്ന് അന്നു തോന്നുകയും ചെയ്തിരുന്നുവെന്നും പോണ്ടിങ് വിശദമക്കി.

അഭിഷേകിനെ വിടരുത്
അഭിഷേക് ശര്‍മയ്ക്കു ഭാവിയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുമെന്നും അതിനാല്‍ ടീമില്‍ നിലനിര്‍ത്തണമെന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു താന്‍ അന്നു ആവശ്യപ്പെട്ടിരുന്നതായും റിക്കി പോണ്ടിങ് വെളിപ്പെടുത്തുന്നു.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് അഭിഷേക് ശര്‍മയെ അന്നു ട്രേഡ് ചെയ്യുകയായിരുന്നു. അതു പാടില്ലെന്നു ഞാന്‍ ഒരുപാട് അഭ്യര്‍ഥിച്ചിരുന്നു. നമുക്കു അവനെ നിലനിര്‍ത്താമെന്നും അടുത്ത സൂപ്പര്‍ താരമാവുമെന്നുമെല്ലാം ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞു നോക്കുകയും ചെയ്തു. പക്ഷെ അതു ഫലം കണ്ടില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അഭിഷേകിനെ കുറിച്ച് തനിക്കു വലിയ പ്രതീക്ഷകളാണുള്ളതെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.