അമേരിക്കയുമായുള്ള ടി20 ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ടീം ഇന്ത്യ അല്‍പ്പം വിറച്ച് ജയിച്ചതിനുപിന്നാലെ വലിയ രോഷത്തിലാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. വലിയൊരു മണ്ടത്തരം ഈ മല്‍സരത്തില്‍ ഇന്ത്യ കാണിച്ചതായും അതു പാടില്ലായിരുന്നുവെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
മുംബൈയിലെ വാഖഡെയില്‍ നടന്ന മല്‍സരത്തില്‍ 29 റണ്‍സിന്റെ നിറം മങ്ങിയ ജയമാണ് അമേരിക്കയ്ക്കെതിരേ ഇന്ത്യ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അപരാജിത ഫിഫ്റ്റി ഇല്ലായിരുന്നെങ്കില്‍ ഞെട്ടിക്കുന്ന പരാജയവും ടീമിനു നേരിടേണ്ടി വരുമായിരുന്നു.

അമേരിക്കയുമായുള്ള ഇന്ത്യയുടെ മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയാണ് ടീം മാനേജ്‌മെന്റിന്റെ ചില തീരുമാനങ്ങളില്‍ കെ ശ്രീകാന്ത് അരിശം പ്രകടിപ്പിച്ചത്.
ഇന്ത്യ വലിയൊരു മണ്ടത്തരം കാണിച്ചു. ഹാര്‍ദിക് പാണ്ഡ്യയെ വളരെ വൈകി ബാറ്റിങിന് അയക്കാന്‍ നിങ്ങള്‍ക്കു സാധിക്കില്ല. അവന്‍ ഉറപ്പായും അഞ്ചാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യണം. ഇടം-വലം ബാറ്റിങ് കോമ്പിനേഷന്റെ പേരില്‍ ഈ തരത്തിലുള്ള അബദ്ധങ്ങള്‍ കാണിക്കരുത്.
ടീം മൂന്നു വിക്കറ്റിന് 46 റണ്‍സില്‍ നില്‍ക്കവെ ബാറ്റിങിനായി ക്രീസിലേക്ക് അയക്കേണ്ടിയിരുന്നത് ഹാര്‍ദിക്കിനെയാണ്. പക്ഷെ അതിനു പകരം ശിവം ദുബെയെയും റിങ്കു സിങിനെയുമാണ് അവര്‍ പരീക്ഷിച്ചത്. റിങ്കുവാകട്ടെ യാതൊരു നിയന്ത്രണവുമില്ലാതെ വെറുതെ ആഞ്ഞ് വീശുകയാണ് ചെയ്തത്. ഹാര്‍ദിക്കിനെ വളരെ വൈകി ബാറ്റിങിന് അയച്ചത് വലിയ മണ്ടത്തരമാണെന്നും ശ്രീകാന്ത് ആഞ്ഞടിക്കുന്നു.
അമേരിക്കയുടെ ബൗളിങ് നിരയെ വളരെ നിസാരമായിട്ടാണ് ഇന്ത്യന്‍ ടീം എടുത്തതെന്നും അതു കാരണമാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായതെന്നും കെ ശ്രീകാന്ത് വിലയിരുത്തി. ഇന്ത്യയെ സംബന്ധിച്ച് വലിയ ഭീതിയാണ് ഈ കളിയില്‍ നേരിടേണ്ടി വന്നത്. സൂര്യകുമാര്‍ യാദവിന്റെ ആ ക്യാച്ച് തുടക്കത്തില്‍ അവര്‍ എടുത്തിരുന്നെങ്കില്‍ ഇന്ത്യ 120 റണ്‍സിന് ഓള്‍ഔട്ടാവുമായിരുന്നു.
എതിരാളികളെ നിസാരരായി എടുക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പ് കൂടിയായിരുന്നു ഈ മല്‍സരം. അതു അമിത ആത്മവിശ്വാസമായിരുന്നില്ല. പക്ഷെ എതിരാളികളെ ഇന്ത്യ വില കുറച്ച് കാണാന്‍ പാടില്ല. ആ പാഠമാണ് നമ്മള്‍ ഈ കളിയിലൂടെ പഠിച്ചത്.
അഭിഷേക് ശര്‍മയെ വളരെ മനോഹരമായിട്ടാണ് അവര്‍ കെണിയില്‍ കുരുക്കിയത്. പക്ഷെ ഇഷാന്‍ കിഷന്റെ കാര്യമെടുത്താല്‍ അവന്‍ അല്‍പ്പം നിര്‍ഭാഗ്യവാനായിരുന്നു. ആ ഷോട്ടിന് കുറേക്കൂടി എലെവേഷന്‍ ആവശ്യമായിരുന്നുവെന്നും ശ്രീകാന്ത് വിശകമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ 13 ഓവറില്‍ ആറു വിക്കറ്റിന് 77 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. പക്ഷെ നായകന്റെ കളി പുറത്തെടുത്ത സൂര്യകുമാര്‍ യാദവ് 49 ബോളില്‍ പുറത്താവാതെ 84 റണ്‍സുമായി ടീമിന്റെ മാനംകാത്തു. ഇതാണ് ടീമിനെ ഒമ്പതു വിക്കറ്റിന് 161 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലേക്ക് ഉയര്‍ത്തിയത്.

അമേരിക്കയുമായുള്ള മല്‍സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്കു ആറു ബോളില്‍ അഞ്ചു റണ്‍സെടുക്കാനേ ആയുള്ളൂ. അദ്ദേഹം പുറത്തായ ഷോട്ടില്‍ അതൃപ്തനാണ് കെ ശ്രീകാന്ത്. ബാക്ക്ഫൂട്ടില്‍ ലോഫ്റ്റഡ് ഷോട്ടിനു ശ്രമിച്ചാണ് ഡീപ്പില്‍ ക്യാച്ച് നല്‍കി ഹാര്‍ദിക് പുറത്തായത്.
ഹാര്‍ദിക് പാണ്ഡ്യ തീര്‍ച്ചയായും തെറ്റായ ഷോട്ട് കളിച്ചാണ് വിക്കറ്റ് പാഴാക്കിയത്. അതു അമിത ആത്മവിശ്വാസത്തോടെയുള്ള ഒരു ഷോട്ടായിരുന്നു. അതിനു മുമ്പ് മനോഹരമായ ഒരു കവര്‍ഡ്രൈവ് അവന്‍ കളിച്ചിരുന്നു.
നേരത്തേ ന്യൂസിലാന്‍ഡിനെതിരേ ബാക്ക്ഫൂട്ടില്‍ ചില കവര്‍ ഡ്രൈവുകള്‍ ഹാര്‍ദിക് കളിച്ചിരുന്നു. പക്ഷെ അത്രയും അമിത ആത്മവിശ്വാസം പാടില്ലായിരുന്നുവെന്നും ശ്രീകാന്ത് വിമര്‍ശിക്കുന്നു.