ചെന്നൈ: ടി20 ലോകകപ്പില്‍ നിലനില്‍പ്പ് തേടിയിറങ്ങിയ ടീം ഇന്ത്യ സൂപ്പര്‍ എട്ടിലെ രണ്ടാമങ്കത്തില്‍ തകര്‍പ്പന്‍ ജയവുമായി തിരിച്ചുവന്നു. ചെപ്പോക്കില്‍ നടന്ന ഗ്രൂപ്പ് വണ്‍ പോരില്‍ സിംബാബ്‌വെയെ 72 റണ്‍സിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. ഇതോടെ സെമി ഫൈനല്‍ പ്രതീക്ഷകളും ഇന്ത്യ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്.
ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന അവസാന പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. ഈ മല്‍സരം ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായി മാറുകയും ചെയ്തിരിക്കുകയാണ്. ജയിക്കുന്നവര്‍ക്ക് സൗത്താഫ്രിക്കയ്‌ക്കൊപ്പം സെമിയിലേക്കു ടിക്കറ്റെടുക്കുകയും ചെയ്യാം.

257 റണ്‍സിന്റെ പടുകൂറ്റന്‍ ലക്ഷ്യമാണ് സിംബാബ്‌വെയ്ക്കു മുന്നില്‍ ഇന്ത്യ വച്ചത്. ഈ ടോട്ടല്‍ അവര്‍ മറികടക്കില്ലെന്നുറപ്പായിരുന്നു. എങ്കിലും ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ (97*) ഇന്നിങ്‌സിലേറി സിംബാബ്‌വെ പൊരുതുക തന്നെ ചെയ്തു.

ആറു വിക്കറ്റിനു 184 റണ്‍സെടുത്താണ് അവര്‍ മല്‍സരം അടിയറ വച്ചത്. 59 ബോളില്‍ എട്ടു ഫോറും ആറു സിക്‌സുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സിംബാബ്‌വെ പുറത്താവുകയും ചെയ്തു.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത ശേഷം ഇന്ത്യ കാഴ്ചവച്ചത്. വെറും നാലു വിക്കറ്റിനാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ ചെപ്പോക്കില്‍ ഇന്ത്യ കുറിച്ചത്. ഇത്തവണത്തെ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ടീം ടോട്ടലും കൂടിയാണിത്.
അഭിഷേക് ശര്‍മ (55) ഈ ലോകകപ്പിലെ ആദ്യ ഫിഫ്റ്റി കുറിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും (50*) ഫിഫ്റ്റിയോടെ മിന്നിച്ചു. മൂന്നാം നമ്പറില്‍ നിന്നും ആറിലേക്കു മാറിയ തിലക് വര്‍മയും (16 ബോളില്‍ 44*) കസറി. ഇഷാന്‍ കിഷന്‍ (38), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (33), സഞ്ജു സാംസണ്‍ (24) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി.

30 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്. ഹാര്‍ദിക് 23 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറുമടിച്ചപ്പോള്‍ തിലക് നാലു സിക്‌സറും മൂന്നു ഫോറും പറത്തി. ഓപ്പണിങ് വിക്കറ്റില്‍ സഞ്ജു- അഭിഷേക് ജോടി നേടിയ 48 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിന് അടിത്തറയിട്ടത്.

ടോസിനു ശേഷം സിംബാബ്‌വെ നായകന്‍ സിക്കന്തര്‍ റസ്സ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ പരാജയപ്പെട്ട ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സഞ്ജു സാംസണും അക്ഷര്‍ പട്ടേലും ടീമിലേക്കു വന്നപ്പോള്‍ സ്ഥാനം നഷ്ടമായത് റിങ്കു സിങിനും വാഷിങ്ടണ്‍ സുന്ദറിനുമാണ്.
നേരത്തേ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ സൂപ്പര്‍ എട്ട് പോരില്‍ സൗത്താഫ്രിക്കയോടു നാണംകെട്ട തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയെ അവര്‍ 76 റണ്‍സിനു കെട്ടുകെട്ടുകെട്ടിക്കുകയായിരുന്നു.

എന്നാല്‍ സിംബാബ്‌വെ ആദ്യ സൂപ്പര്‍ എട്ട് മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോടു നാണംകെട്ടിരുന്നു. 107 റണ്‍സിന്റെ ഏകപക്ഷീയ ജയമാണ് മുംബൈയിലെ വാംഖഡെയില്‍ കരീബിയന്‍ പട കൈക്കലാക്കിയത്.
പ്ലെയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
സിംബാബ്‌വെ- ബ്രയാന്‍ ബെന്നറ്റ്, തദിവാനഷെ മറുമാണി (വിക്കറ്റ് കീപ്പര്‍), ഡിയോണ്‍ മിയേഴ്സ്, റയാന്‍ ബേള്‍, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ടോണി മുന്‍യോംഗ, തഷിംഗ മുസെക്കിവ, ബ്രാഡ് ഇവാന്‍സ്, ടിനോടെന്‍ഡ മപ്പോസ, റിച്ചാര്‍ഡ് എന്‍ഗരാവ, ബ്ലെസിംഗ് മുസറബാനി.