കൊല്‍ക്കത്ത: ഇന്ത്യന്‍ കുപ്പായത്തില്‍ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി സഞ്ജു സാംസണ്‍ നിറഞ്ഞാടിയപ്പോള്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കു സെമി ഫൈനല്‍ ടിക്കറ്റ്. ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ ത്രില്ലിങ് സൂപ്പര്‍ എട്ട് പോരില്‍ രണ്ടു തവണ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ വീഴ്ത്തിയത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ 196 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് ഇന്ത്യക്കു കരീബിയന്‍ പട നല്‍കിയത്. മുന്‍നിര ബാറ്റര്‍മാര്‍ ഫ്‌ളോപ്പായെങ്കിലും ഉത്തരവാദിത്വമേറ്റെടുത്ത സഞ്ജു മാച്ച് വിന്നിങ് ഇന്നിങ്‌സുമായി ടീമിന്റെ ഹീറോയായി മാറി. പുറത്താവാതെ 97 റണ്‍സുമായി അദ്ദേഹം കത്തിക്കയറിയപ്പോള്‍ ഇന്ത്യ 19.2 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തുകയും ചെയ്തു.

50 ബോൡ 12 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ലോകകപ്പില്‍ തന്റെ ഫിഫ്റ്റി കൂടിയാണ് അദ്ദേഹം ഈ മല്‍സരത്തില്‍ കുറിച്ചത്. ഈ പോരാട്ടം യഥാര്‍ഥത്തില്‍ സഞ്ജുവും വിന്‍ഡീസും തമ്മിലായിരുന്നുവെന്നു പറയേണ്ടി വരും. കാരണം ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മറ്റാര്‍ക്കും 30 റണ്‍സ് പോലും തികയ്ക്കാന്‍ കഴിഞ്ഞില്ലെന്നു കാണാം.
സഞ്ജുവിനെ മാറ്റി നിര്‍ത്തിയാല്‍ 27 റണ്‍സെടുത്ത തിലക് വര്‍മയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ബാറ്റിങ് നിരയില്‍ മറ്റാരും 20 റണ്‍സ് പോലും തികച്ചില്ലെന്ന് അറിയുമ്പോഴാണ് സഞ്ജുവിന്റെ ഇന്നിങ്‌സ് എത്ര മാത്രം സ്‌പെഷ്യലാണെ്ന്നു വ്യക്തമാവുക. സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ടാണ്. മറ്റൊരു സെമിയില്‍ സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും ്ഏറ്റുമുട്ടും.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 195 റണ്‍സെന്ന വലിയ ടോട്ടിലെത്തിയത്.
40 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് അവരുടെ ടോപ്‌സ്‌കോറര്‍. ജേസണ്‍ ഹോള്‍ഡര്‍ (37*), റോവ്‌മെന്‍ പവെല്‍ (34*), ക്യാപ്റ്റന്‍ ഷായ് ഹോപ്പ് (32) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മല്‍സരത്തിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മറുഭാഗത്തു വിന്‍ഡീസ് ഒരു മാറ്റം വരുത്തി. ബ്രെന്‍ഡന്‍ കിങിനു പകരം അക്കീല്‍ ഹൊസെയ്‌നെ അവര്‍ തിരികെ വിളിച്ചു.

സൂപ്പര്‍ എട്ടിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഓരോ ജയലും തോല്‍വിയുമാണ് ഇന്ത്യയുടെയും വിന്‍ഡീസിന്റെയും പേരില്‍ കുറിക്കപ്പെട്ടത്. സൂപ്പര്‍ എട്ടില്‍ വന്‍ തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സൗത്താഫ്രിക്കയോടു 76 റണ്‍സിനു തകര്‍ന്നടിഞ്ഞു.
എന്നാല്‍ ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ഡു ഓര്‍ ഡൈ മാച്ചില്‍ മിന്നുന്ന ജയവുമായി ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി. സിംബാബ്‌വെയെ റണ്‍മഴയില്‍ മുക്കിയ ചാംപ്യന്‍മാര്‍ 76 റണ്‍സിന്റെ ജയമാണ് ആഘോഷിച്ചത്. സെമി ഫൈനല്‍ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കാന്‍ ഇന്ത്യയെ സഹായിച്ചതും ഈ ജയമാണ്
എന്നാല്‍ സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയെ തരിപ്പണമാക്കിയാണ് വിന്‍ഡീസ് തുടങ്ങിയത്. തീര്‍ത്തും കപക്ഷീയമായ മല്‍സരത്തില്‍ 107 റണ്‍സിന് അവര്‍ എതിരാഴികളെ കശാപ്പ് ചെയ്തു. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ വിന്‍ഡീസിനിനായില്ല. ഒമ്പതു വിക്കറ്റിന്റെ കനത്ത പരാജയമാണ് വിന്‍ഡീസിനു നേരിടേണ്ടി വന്നത്.
ഇന്നത്തെ മല്‍സരത്തിലെ 11
ഇന്ത്യ- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്.
വെസ്റ്റ് ഇന്‍ഡീസ്- ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോസ്്റ്റണ്‍ ചേസ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, റോവ്മന്‍ പവെല്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, മാത്യു ഫോര്‍ഡ്, അകീല്‍ ഹൊസൈന്‍, ഗുഡകേഷ് മോട്ടി, ഷമാര്‍ ജോസഫ്.