കൊളംബോ: ടി20 ലോകകപ്പില്‍ തങ്ങളോടു മുട്ടാന്‍ പാകിസ്താന് ഒരിക്കും പറ്റില്ലെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് ടീം ഇന്ത്യ. മിസ്റ്ററി സ്പിന്നറായ ഉസ്മാന്‍ താരീഖിനെയും മറ്റു സ്പിന്നര്‍മാരെയെല്ലാം വച്ച് ഇന്ത്യയെ തീര്‍ക്കാമെന്ന പാക് മോഹം ദയനീയമായി പൊലിഞ്ഞു.
ആര്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ ഗ്രൂപ്പ് എ മല്‍സരത്തില്‍ 66 റണ്‍സിനാണ് പാക് പടയെ ഇന്ത്യ മുക്കിയത്. ഇതോടെ നെതര്‍ലാന്‍ഡ്‌സുമായുള്ള ഒരു മല്‍സരം ബാക്കി നില്‍ക്കെ സൂപ്പര്‍ എട്ടിലേക്കും ഇന്ത്യ യോഗ്യത നേടിയിരിക്കുകയാണ്.
ഇന്ത്യ നല്‍കിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഒരു ഘട്ടത്തില്‍ പോലും റണ്‍ചേസില്‍ ഇല്ലായിരുന്നു. ഒടുവില്‍ ഓവറില്‍ വെറും 114 റണ്‍സിനു രണ്ടോവര്‍ ശേഷം പാകിസ്താന്റെ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.

അഞ്ചാം നമ്പറില്‍ ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന്റെ (44) ഇന്നിങ്‌സാണ് പാകിസ്താന്റെ മാനംകാത്തത്. 34 ബോളില്‍ ആറു ഫോറും ഒരു സിക്്‌സറും ഉള്‍പ്പെട്ടതാണ് ഉസ്മാന്റെ ഇന്നിങ്‌സ്. ഷഹീന്‍ അഫ്രീഡി 23 റണ്‍സും നേടി.
പാക് നിരയില്‍ മറ്റാരെയും 25 റണ്‍സ് പോലു തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. അഞ്ചോവറിനുള്ളില്‍ തന്നെ വെറും 34 റണ്‍സിന് നാലു വിക്കറ്റിലേക്കു വീണപ്പോള്‍ തന്നെ അവരുട വിധി കുറിക്കപ്പെട്ടിരുന്നു. ഇന്ത്യക്കു വേണ്ടി ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെല്ലാം രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ഇന്നിങസാണ് ഇന്ത്യയെ ഏഴു വിക്കറ്റിന് 175 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിച്ചത്. വെറും 40 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 77 റണ്‍സാണ്. 10 ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (32), ശിവം ദുബെ (27), തിലക് വര്‍മ (25) എന്നിവരുടെ ഇന്നിങ്‌സുകളും ടീമിനെ 170 കടത്തുന്നതില്‍ നിര്‍ണായകമായി മാറി. പാകിസ്താനു വേണ്ടി സയീം അയൂബ് മൂന്നു വിക്കറ്റുകളെടുത്തു.

ടോസിനു ശേഷം പാക് നായകന്‍ സല്‍മാന്‍ അലി ആഗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നമീബിയക്കെതിരേ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍, ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവര്‍ പുറത്തായപ്പോള്‍ പകരം ടീമിലെത്തിയത് അഭിഷേക് ശര്‍മയും കുല്‍ദീപ് യാദവുമാണ്. മറുഭാഗത്ത് പാകിസ്താന്‍ കഴിഞ്ഞ കളിയിലെ ഇതേ ടീമിനെ നിലനിര്‍ത്തി.
നേരത്തേ ആദ്യ രണ്ടു മല്‍സരങ്ങളില്‍ അമേരിക്കയയും നമീബിയയെയുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അമേരിക്കയ്‌ക്കെതിരേ ബാറ്റിങില്‍ അല്‍പ്പം പതറിയെങ്കിലും 29 റണ്‍സിന്റെ ജയം ഇന്ത്യക്കു നേടാന്‍ കഴിഞ്ഞു. നമീബിയക്കെതിരേ 93 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതേസമയം, പാകിസ്താന്‍ ആദ്യ കളിയില്‍ നെതര്‍ലാന്‍ഡ്‌സിനെ മൂന്നു വിക്കറ്റിനും യുഎസ്എയെ 32 റണ്‍സിനുമാണ് തോല്‍പ്പിച്ചത്.
പ്ലെയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്.
പാകിസ്താന്‍- സയിം അയൂബ്, സഹിബ്‌സാദ ഫര്‍ഹാന്‍, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ബാബര്‍ ആസം, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍) ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ താരിഖ്, അബ്രാര്‍ അഹമ്മദ്.