അഹമ്മദാബാദ്: തുടര്‍ച്ചയായ നാലാം ജയത്തോടെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് പ്രവേശനം ആഘോഷിച്ചിരിക്കുകയാണ് ടീം ഇന്ത്യ. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എയിലെ അപ്രസക്തമായ മല്‍സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരേ 17 റണ്‍സിന്റെ നിറം മങ്ങിയ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇതോടെ ഗ്രൂപ്പുഘട്ട മല്‍സരങ്ങളും ഇന്ത്യ പൂര്‍ത്തിയാക്കി. 22ന് സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. യുഎസ്എയുമായുള്ള ആദ്യ മല്‍സരത്തിനു ശേഷം ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു വീണ്ടും മുട്ടിടിച്ച മല്‍സരം കൂടിയായിരുന്നു ഇത്.

ഇത്തവണ രക്ഷകനാത് ശിവം ദുബെയാണ്. അദ്ദേഹത്തിന്റെ അഗ്രസീവ് ഫിഫ്റ്റിയിലേറി 194 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് ഡച്ച് ടീമിനു ഇന്ത്യ നല്‍കിയത്. അവര്‍ മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും ഏഴു വിക്കറ്റിനു 176 റണ്‍സെടുത്ത് മല്‍സരം അടിയറ വയ്ക്കുകയും ചെയ്തു.
33 റണ്‍സെടുത്ത ബാസ് ഡിലീഡെയാണ് ഡച്ച് ഇന്നിങ്‌സിലെ ടോപ്‌സ്‌കോറര്‍. അഞ്ചു പേര്‍ 20കളിലെത്തിയെങ്കിലും അതു വലിയൊരു ഇന്നിങ്‌സാക്ക മാറ്റാന്‍ സാധിച്ചില്ല. ഇന്ത്യന്‍ ബൗളിങില്‍ പതിവുപോലെ മികച്ചുനിന്നത് വരുണ്‍ ചക്രവര്‍ത്തിയാണ്. അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തു. ബാറ്റിങില്‍ തിളങ്ങിയ ദുബെ രണ്ടു വിക്കറ്റുമായി ബൗളിങിലും തിളങ്ങി.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആറു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 193 റണ്‍സിലെത്തിയത്. ഇതിനു ടീം കടപ്പെട്ടിരിക്കുന്നതാവട്ടെ ദുബെയോടുമാണ്. അഞ്ചാമനായി ക്രീസിലെത്തിയ അദ്ദേഹം 31 ബോളില്‍ വാരിക്കൂട്ടിയത് 66 റണ്‍സാണ്. ആറു കൂറ്റന്‍ സിക്‌സറും നാലു ഫോറും ഇതിലുള്‍പ്പെടും.
നായകന്‍ സൂര്യകുമാര്‍ യാദവ് (34), തിലക് വര്‍മ (31), ഹാര്‍ദിക് പാണ്ഡ്യ (30) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. അഭിഷേക് ശര്‍മ തുടരെ മൂന്നാമിന്നിങ്‌സിലും ഡെക്കായപ്പോള്‍ ഇഷാന്‍ കിഷന്‍ (18) നിര്‍ഭാഗ്യകരമായ രീതിയിലും പുറത്തായി.

നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ടോസിനു ശേഷം സൂര്യ ബാറ്റിങ് തിരഞ്ഞെടുത്തു. പാകിസ്താാനെതിരായ അവസാന മല്‍സരത്തില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരെ ഒഴിവാക്കി. പകരം വാഷിങ്ടണ്‍ സുന്ദറും അര്‍ഷ്ദീപ് സിങുമാണ് ടീമിലേക്കു വന്നത്.
അതേസമയം, ഹാട്രിക്ക് ജയവുമായാണ് ഇന്ത്യ നേരത്തേ തന്നെ സൂപ്പര്‍ എട്ടിലേക്കു മുന്നേറിയത്. ആദ്യ കളിയില്‍ യുഎസ്എയെ 29 റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. പിന്നാലെ നമീബിയയെ 93 റണ്‍സിനു തകര്‍ത്ത ടീം മൂന്നാമങ്കത്തില്‍ പാകിസ്താനെ 61 റണ്‍സിനും കെട്ടുകെട്ടിച്ചു.
എന്നാല്‍ നെതര്‍ലാന്‍ഡ്‌സ് ആദ്യ കളിയില്‍ പാകിസ്താനോടു മൂന്നു വിക്കറ്റിന് തോറ്റു കൊണ്ടാണ് തുടങ്ങിയത്. രണ്ടാമത്തെ മല്‍സരത്തില്‍ നമീബിയയെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഡച്ച് ടീം ശക്തമായ തിരിച്ചുവരവ് നടത്തി. എന്നാല്‍ അവസാന കളിയില്‍ യുഎസ്എയോടേറ്റ 93 റണ്‍സിന്റെ വന്‍ പരാജയം അവരുടെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ തകര്‍ത്തു.
ഇന്ത്യ- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
നെതര്‍ലാന്‍ഡ്‌സ്- മൈക്കല്‍ ലെവിറ്റ്, മാക്‌സ് ഒഡൗഡ്, ബാസ് ഡിലീഡെ, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) സാച്ച് ലയണ്‍ കാഷെറ്റ്, റോലോഫ് വാന്‍ഡെര്‍ മെര്‍വെ, ലോഗന്‍ വാന്‍ബീക്ക്, ആര്യന്‍ ദത്ത്, കൈല്‍ ക്ലെയ്ന്‍, നോവ ക്രോസ്.