ഡല്‍ഹി: ടി20 ലോകകപ്പില്‍ ഗംഭീര വിജയവുമായി ചിരവൈരികളായ പാകിസ്താനുമായുള്ള എല്‍ ക്ലാസിക്കോ പോരിന് കച്ചമുറുക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പ് എയില്‍ അസോസിയേറ്റ് ടീമായ നമീബിയയെയാണ ഇന്ത്യ 93 റണ്‍സിനു കശാപ്പ് ചെയ്തത്. ഈ ജയത്തോടെ ഗ്രൂപ്പ് എയില്‍ തലപ്പത്തേക്കും കയറിയിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാര്‍.
അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ 210 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് കുഞ്ഞന്‍മാരായ നമീബിയക്കു നല്‍കിയത്. രണ്ടു വിക്കറ്റിനു 85 റണ്‍സെന്ന നിലയില്‍ അവര്‍ പോസിറ്റീവായി തുടങ്ങിയെങ്കിലും പിന്നീട്ട് ചീട്ട് കൊട്ടാരം കണക്കെ കൂപ്പുകുത്തി. 18.2 ഓവറില്‍ വെറും 116ന് നമീബിയ കൂടാരം കയറുകയും ചെയ്തു. ഓപ്പണിങ് ജോടികളായ ലോറെന്‍ സ്റ്റീന്‍കാംപ് (29), യാന്‍ ഫൈലിന്‍ക് (22) എന്നിവര്‍ മാത്രമേ 20ന് മുകളില്‍ നേടിയുള്ളൂ.

രണ്ടോവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു പേരെ മടക്കിയ വരുണ്‍ ചക്രവര്‍ത്തിയാണ് നമീബിയയുടെ അന്തകനായത്. രണ്ടു വിക്കറ്റുകളുമായി ഹാര്‍ദിക് പാണ്ഡ്യ മികച്ച പിന്തുണയും നല്‍കിയ നേരത്തേ ഫിഫ്റ്റിയോടെ ബാറ്റിങില്‍ മിന്നിച്ചതിനു പിന്നാലെയാണ് ബൗളിങിലും ഹാര്‍ദിക് ഹീറോയായത്. കളിയിലെ താരവും അദ്ദേഹം തന്നെ.
ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 209 റണ്‍സിലെത്തിയത്. എന്നാല്‍ 230-240 റണ്‍സ് അനായാസം നേടുമെന്നിരിക്കെയാണ് ഫിനിഷിങില്‍ ടീമിനു പാളിയത്. വെറും നാലു റണ്‍സിനിടെ അഞ്ചു വിക്കറ്റുകളാണ് ടീം കളഞ്ഞു കുളിച്ചത്. ഇതോടെ 209ലും ഒതുങ്ങേണ്ടി വന്നു.
ഇഷാന്‍ കിഷന്റെയും (61) ഹാര്‍ദിക് പാണ്ഡ്യയുടെയും (52) ഫിഫ്റ്റികളാണ് ടീമിനു കരുത്തായത്. 24 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതാണ് ഇഷാന്റെ ഇന്നിങ്‌സ്. ഹാര്‍ദിക്കാവട്ടെ 28 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടിച്ചു.
ലോകകപ്പിലെ അരങ്ങേറ്റ മല്‍സരം കളിച്ച സഞ്ജു സാംസണ്‍ എട്ടു ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമടക്കം 22 റണ്‍സ് അടിച്ചെടുത്ത് മടങ്ങി. തിലക് വര്‍മ (25), ശിവം ദുബെ (23) എന്നിവരും 20 പ്ലസ് റണ്‍സ് നേടി. നമീബിയക്കായി ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ് നാലു വി്ക്കറ്റുകള്‍ പിഴുതു.
ടോസ് നഷ്ടമായ ഇന്ത്യയെ നമീബിയ ബാറ്റിങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. അസുഖം കാരണം അഭിഷേക് ശര്‍മ പുറത്തായപ്പോള്‍ പകരം ഓപ്പണിങിലേക്ക് വന്നത് മലയാളി താരം സഞ്ജു സാംസണാണ്. മുഹമ്മദ് സിറാജിനു പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും ഇന്ത്യ ടീമിലേക്ക് കൊണ്ടുവന്നു.

വാഖഡെയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ അമേരിക്കയ്‌ക്കെതിരേ അല്‍പ്പം വിയര്‍ത്താണ് ഇന്ത്യ 29 റണ്‍സിനു ജയിച്ചുകയറിയത്. തുടക്കത്തില്‍ വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും സൂര്യകുമാര്‍ യാദവിന്റെ (84*) കിടിലന്‍ ഇന്നിങ്‌സ് ടീമിന്റെ മാനം കാത്തു. വന്‍ അട്ടിമറിയില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചും ഇതാണ്.
ഇന്ത്യ- സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്.
നമീബിയ- ലോറന്‍ സ്റ്റീന്‍കാമ്പ്, ജാന്‍ ഫ്രൈലിങ്ക്, ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റണ്‍, ഗെര്‍ഹാര്‍ഡ് ഇറാസ്മസ് (ക്യാപ്റ്റന്‍), ജെജെ സ്മിറ്റ്, സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), റൂബന്‍ ട്രമ്പല്‍മാന്‍, മലാന്‍ ക്രൂഗര്‍, ബെര്‍ണാഡ് ഷോള്‍ട്‌സ്, ബെന്‍ ഷികോംഗോ, മാക്‌സ് ഹിംഗോ.
മുംബൈ: ലോകകപ്പിന്റെ ഗ്രൂപ്പ് സിയില്‍ നേപ്പാളിനെതിരേ സര്‍പ്രൈസ് വിജയം കൊയ്തിരിക്കുകയാണ് കന്നി ടൂര്‍ണമെന്റ് കളിക്കാനിറങ്ങിയ ഇറ്റലി. നേരത്തേ കരുത്തരായ ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങിയ നേപ്പാളിലെ പത്തു വിക്കറ്റിനാണ് ഇറ്റലി വാരിക്കളഞ്ഞത്. ബാറ്റിങിലും ബൗളിങിലും നേപ്പാളിനെ അവര്‍ ഒരുപോലെ നിഷ്പ്രഭരാക്കി.
ആദ്യം ബാറ്റ് ചെയ്ത നേപ്പാളിലെ 20 ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാന്‍ ഇറ്റലി അനുവദിച്ചില്ല. മൂന്നു ബോളുകള്‍ ശേഷിക്കെ 123 റണ്‍സില്‍ നേപ്പാളിനെ അവര്‍ എറിഞ്ഞിട്ടു. ആരിഫ് ഷെയ്ഖ് (27), ക്യാപ്റ്റന്‍ രോഹിത് പൗഡെല്‍ (23), ആസിഫ് ഷെയ്്ഖ് (20) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും പൊരുതി നോക്കിയുള്ളൂ. മൂന്നു വിക്കറ്റെടുത്ത കൃഷന്‍ കലുഗമഗെയും രണ്ടു പേരെ മടക്കിയ ബെന്‍ മനെന്റിയുമാണ് നേപ്പാളിനെ തകര്‍ത്തത്.
റണ്‍ചേസില്‍ വളരെ അനായാസം അതിവേഗം ഇറ്റലി വിജയത്തിലേക്കു കുതിച്ചെത്തി. വിക്കറ്റ് നഷ്ടമില്ലാതെ വെറും 12.4 ഓവറില്‍ തന്നെ അവര്‍ വിജയറണ്‍സും കുറിക്കുകയായിരുന്നു. ഓപ്പണിങ് ജോടികളായ ജസ്റ്റിന്‍ മോസ്‌കയുടെയം (60*) ആന്റണി മോസ്‌കയുയെയും (62*) ഫിഫ്റ്റികളാണ് ഇറ്റാലിയന്‍ ജയം വേഗത്തിലാക്കിയത്.