മുംബൈ: ടി20 ലോകകപ്പില്‍ അമേരിക്കയുമായുള്ള ആദ്യ പോരാട്ടത്തില്‍ കഷ്ടിച്ചു രക്ഷപ്പെട്ടെങ്കിലും വരാനിരിക്കുന്ന മല്‍സരങ്ങളിലും ഇതു പ്രതീക്ഷിക്കേണ്ടെന്ന് ഇര്‍ഫാന്‍ പഠാന്റെ മുന്നറിയിപ്പ്. ടീമിന്റെ സമീപനത്തില്‍ ഒരു മാറ്റം ഉറപ്പായും വരുത്തണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.
വാംഖഡെയില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന മല്‍സരത്തില്‍ വന്‍ അട്ടിറിയുടെ വക്കില്‍ നിന്നാണ് സൂര്യകുമാര്‍ യാദവും സംഘവും കഷ്ടിച്ച് തടിതപ്പിയത്. 29 റണ്‍സിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശേഷം ഇന്ത്യ ഏഴു വിക്കറ്റിനു 118 റണ്‍സിലേക്ക് കൂപ്പുകുത്തിയിരുന്നു.
എന്നാല്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച സൂര്യ പുറത്താവാതെ നേടിയ 84 റണ്‍സ് ടീമിനെ 161 വരെയെത്തിക്കുകയായിരുന്നു. വെറും 15 റണ്‍സില്‍ നില്‍ക്കവെ സൂര്യയുടെ അനായാസ ക്യാച്ച് ശുഭം രഞ്ജനെ സ്വന്തം ബൗളിങില്‍ കൈവിട്ടത് മല്‍സരത്തിലെ ടേണിങ് പോയിന്റായി മാറുകയും ചെയ്തിരുന്നു.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അമേരിക്കയുമായുള്ള ഇന്ത്യയുടെ ആദ്യ മല്‍സരത്തെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍ വിശകലനം നടത്തിയത്. അതോടൊപ്പം ടീമിന് വലിയൊരു മുന്നറിയിപ്പ് നല്‍കാനും അദ്ദേഹം മടിച്ചില്ല.
ഈ ടി20 ലോകകപ്പിലെ മുന്നോട്ടുള്ള യാത്രയില്‍ ഇന്ത്യന്‍ ടീമിന്റെ സമീപനം എങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. പവര്‍പ്ലേയില്‍ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ മാത്രം വീഴുകയാണെങ്കില്‍ ഇപ്പോഴത്തെ അഗ്രസീവ് സമീപനത്തില്‍ കുഴപ്പമില്ലെന്ന് ഞാന്‍ കരുതുന്നു.
പക്ഷെ രണ്ടിലേറെ വിക്കറ്റുകള്‍പവര്‍പ്ലേയില്‍ തന്നെ നഷ്ടപ്പെടുത്തിയാല്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ അമേരിക്കയെ പോലെ മറ്റൊരു ടീമും ഇന്ത്യക്കു ഇങ്ങനെയൊരു അവസരം നല്‍കില്ലെന്ന് ഇര്‍ഫാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യക്കെതിരേ അമേരിക്കന്‍ ടീം കാണിച്ച ഏറ്റവും വലിയ പിഴവ് സൂര്യകുമാര്‍ യാദവിനെ വേഗത്തില്‍ പുറത്താക്കാതെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ നിര്‍ത്താന്‍ ശ്രമിച്ചതാണെന്നും ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി. പക്ഷെ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക പോലെയുള്ള ടീമുകളില്‍ നിന്നും ഇതു പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അരേിക്കയ്ക്കു പകരം ഓസ്‌ട്രേലിയയോ, സൗത്താഫ്രിക്കയോ ആയിരുന്നെങ്കില്‍ എത്രയും പെട്ടെന്ന് സൂര്യകുമാര്‍ യാദവിനെയും ഔട്ടാക്കാനുള്ള ശ്രമം നടത്തിയേനെ. സൂര്യയില്‍ കൂടുതലായി സമ്മര്‍ദ്ദമുണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കാതിരുന്നതു പോലെയാണ് തോന്നിയത്. അവര്‍ അദ്ദേഹത്തെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്ക് അയക്കുകയാണ് ചെയ്തത്. അതു വഴി അമേരിക്ക അബദ്ധം കാണിക്കുകയും ചെയ്തു. പക്ഷെ മറ്റൊരു ടീം ആയിരുന്നെങ്കില്‍ ഇതു ചെയ്യില്ല.
മല്‍സരത്തില്‍ ഇന്ത്യന്‍ ടീം നിര്‍ഭയമായ സമീപനം കാത്തുസീക്ഷിക്കുക തന്നെ വേണം. പക്ഷെ രണ്ടു വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടമാവുകയാണെങ്കില്‍ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുന്നതില്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദ്വിരാഷ്ട്ര പരമ്പരകളും ലോകകപ്പും തമ്മില്‍ വ്യത്യാസമുണ്ട്. അതാണ് ഈ കളിയില്‍ നമ്മള്‍ കണ്ടതെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.