ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും, പിന്നാമ്പുറ ചര്‍ച്ചകള്‍ക്കും, രാഷ്ട്രീയ നാടകങ്ങള്‍ക്കും ശേഷം 2026 ലെ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ പാകിസ്ഥാന്‍ സമ്മതിച്ചിരിക്കുകയാണ്. അവസാന നിമിഷം നിരവധി ഡിമാന്‍ഡ് പാകിസ്ഥാന്‍ ഐസിസിക്ക് മുന്‍പില്‍ വെച്ചിരുന്നു. എന്നാല്‍ ഒന്നുപോലും ഐസിസി അംഗീകരിച്ചിരുന്നില്ല. എന്നിട്ടും ഇന്ത്യയോട് കളിക്കാന്‍ തയ്യാറേകേണ്ടി വന്നു എന്ന നാണക്കേടിലാണ് പാകിസ്ഥാന്‍ ടീം.
ഇതോടെ മത്സരത്തിന് ശേഷവും പിന്‍പും ഇരുടീമുകളുടേയും ക്യാപ്റ്റന്‍മാരും കളിക്കാരും തമ്മില്‍ ഹസ്തദാനം ഉണ്ടാകില്ല എന്നും ഉറപ്പായിരിക്കുകയാണ്. ഫെബ്രുവരി 15 ന് കൊളംബോയില്‍ വെച്ചാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഇതാദ്യമായല്ല ഹസ്തദാനത്തില്‍ നിന്ന് ഇരുടീമുകളും വിട്ടുനില്‍ക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ കളിക്കാരുമായി ഹസ്തദാനം നടത്താന്‍ വിസമ്മതിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ തുടങ്ങിയതാണ് അത്. പാകിസ്ഥാനെ തോല്‍പ്പിച്ച ശേഷം ഇന്ത്യന്‍ കളിക്കാര്‍ മത്സരശേഷം ഹസ്തദാനം വേണ്ടെന്ന് തീരുമാനിച്ചു. പക്ഷേ അത് ഒറ്റത്തവണ മാത്രമായിരുന്നില്ല. ആ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും മൂന്ന് മത്സരങ്ങള്‍ കളിച്ചു. ഒരിക്കല്‍ പോലും അവര്‍ ഹസ്തദാനം പോലും നല്‍കിയില്ല. എസിസി, പിസിബി മേധാവി മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാനു ടീം ഇന്ത്യ വിസമ്മതിച്ചു.
വനിതാ ലോകകപ്പ്, എസിസി റൈസിംഗ് സ്റ്റാര്‍സ് ഇവന്റ്, അടുത്തിടെ നടന്ന അണ്ടര്‍ 19 ലോകകപ്പ് എന്നിവയുള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളിലുടനീളമുള്ള തുടര്‍ന്നുള്ള മത്സരങ്ങളിലും ഇതേ സമീപനം പിന്തുടര്‍ന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട് ഉടനീളം മാറ്റമില്ലാതെ തുടരുന്നു. ഹസ്തദാനം ഒരു ആചാരമാണെന്നും ബാധ്യതയല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു നിയമത്തിനും കീഴില്‍ കളിക്കാര്‍ അവയില്‍ ഏര്‍പ്പെടേണ്ടതില്ല. അതിനുശേഷം എല്ലാ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളിലും ആ നിലപാട് തുടര്‍ന്നു, വരാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരത്തിലും അത് തുടരും. ഞായറാഴ്ച ലാഹോറില്‍ ഐസിസി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യയുമായി ഹസ്തദാനം നടത്തുക എന്നത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നയിച്ച ഒരു കാര്യമായിരുന്നു.
കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും തമ്മിലുള്ള ഹസ്തദാനം ഒരു 'കായിക ആംഗ്യമായി' തിരിച്ചുവരണമെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ ഇടപെടാനില്ലെന്ന് ഐസിസി വ്യക്തമാക്കി. എംസിസിയുടെ ക്രിക്കറ്റ് സ്പിരിറ്റ് ആചാരങ്ങളെക്കുറിച്ചല്ല, ബഹുമാനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഹസ്തദാനം ഒരു നിയമമല്ല, ഒരു കണ്‍വെന്‍ഷനാണ്.
അതിനാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം സ്വീകരിച്ച നിലപാടായ, സമ്പര്‍ക്കമില്ല എന്ന നയം തുടരാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്. അതേസമയം ഇന്ത്യന്‍ മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പാകിസ്ഥാന്‍ മേശപ്പുറത്ത് വച്ച ആവശ്യങ്ങളുടെ ഒരു ഭാഗം മാത്രമായിരുന്നു ഹസ്തദാനം എന്ന വിഷയം. മത്സരത്തിന് മുന്‍പ് തങ്ങള്‍ മൂന്ന് കാര്യങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ലാഹോര്‍ യോഗത്തില്‍ ഐസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജയെയും അസോസിയേറ്റ് അംഗങ്ങളുടെ പ്രതിനിധി മുബാഷിര്‍ ഉസ്മാനിയെയും പാകിസ്ഥാന്‍ അറിയിച്ചു.
ഒന്നാമതായി, പിസിബി ഐസിസി ഫണ്ടിംഗ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു. നിലവില്‍ ഐസിസി വരുമാനത്തിന്റെ ഏകദേശം 5.75 ശതമാനം പാകിസ്ഥാന് ലഭിക്കുന്നു. ഇന്ത്യയുടെ ഏകദേശം 39 ശതമാനം വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് തങ്ങളുടെ സംഭാവനയെ പ്രതിഫലിപ്പിക്കുന്നില്ല എന്ന് അവര്‍ വിശ്വസിക്കുന്നു. രണ്ടാമതായി, രാഷ്ട്രീയവും സുരക്ഷാപരവുമായ പ്രശ്‌നങ്ങള്‍ കാരണം 2012-13 മുതല്‍ ഇരു ബോര്‍ഡുകളും ഒരു ഉഭയകക്ഷി പരമ്പരയും കളിച്ചിട്ടില്ല.
എന്നാല്‍, ഇന്ത്യയുമായി ഉഭയകക്ഷി ക്രിക്കറ്റിന്റെ പുനരുജ്ജീവനത്തിനായി പാകിസ്ഥാന്‍ സമ്മര്‍ദ്ദം ചെലുത്തി. ബംഗ്ലാദേശും ഐസിസിയില്‍ നിന്ന് ആഗ്രഹിക്കുന്ന ഒന്നാണ് ഇത്. മൂന്നാമത്തെ കാര്യമായിരുന്നു ഹസ്തദാനം. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും ഐസിസി ഗൗനിച്ചില്ല. മാത്രമല്ല മത്സരത്തില്‍ പിന്‍മാറുന്നത് അംഗങ്ങളുടെ പങ്കാളിത്ത കരാറിന് കീഴിലുള്ള ഉപരോധങ്ങളും പിഴകളും വരുത്തിവയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, എല്ലാ ആവശ്യങ്ങളും ഐസിസി ബോര്‍ഡിന് മുന്നില്‍ വയ്ക്കുമെന്ന് അവര്‍ പിസിബിക്ക് ഉറപ്പ് നല്‍കി, അനുകൂലമായ ഫലമൊന്നും വാഗ്ദാനം ചെയ്തില്ല. ഏതായാലും ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം, യഥാര്‍ത്ഥ ഷെഡ്യൂള്‍ അനുസരിച്ച് പാകിസ്ഥാന്‍ ഇപ്പോള്‍ ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്.