ഐസിസി ടി20 ലോകകപ്പില്‍ ബദ്ധവൈരികളുടെ പോരാട്ടത്തില്‍ പാകിസ്താനെ ഒരിക്കല്‍ക്കൂടി കെട്ടുകെട്ടിച്ചിരിക്കുകയാണ് ടീം ഇന്ത്യ. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന തീര്‍ത്തും ഏകപക്ഷീയമായ കളിയില്‍ 61 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.
ലോകകപ്പില്‍ പാക് പടയ്‌ക്കെതിരേയുള്ള റെക്കോര്‍ഡ് ഇന്ത്യ 8-1ലേക്കു മെച്ചപ്പെടുത്തുകയും ചെയ്തു. ഒരിക്കല്‍ മാത്രമേ ടൂര്‍ണമെന്റില്‍ ഇന്ത്യയെ അടിയറ പറയിക്കാന്‍ പാകിസ്താന് സാധിച്ചിട്ടുള്ളൂ. ഇതാവട്ടെ 2021ല്‍ യുഎഇ വേദിയായ ലോകകപ്പിലുമായിരുന്നു. അന്നു പത്ത് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് പാക് ടീം സ്വന്തമാക്കിയത്.
പിന്നീടൊരിക്കലും ഇന്ത്യയെ ലോകകപ്പില്‍ വീഴ്ത്താന്‍ പാകിസ്താന് സാധിച്ചിട്ടുമില്ല. ഇന്ത്യക്കെതിരേ പാക് ടീമിന്റെ പതനത്തിന്റെ തുടക്കം എപ്പോഴാണെന്നും ഇതിന്റെ കാരണം എന്താണെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരം മുഹമ്മദ് യൂസുഫ്. ഒരു പാക് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കെതിരേ പാകിസ്താന്‍ ടീമിന്റെ പതനം തുടങ്ങിയത് 2021ലെ ഐസിസി ടി20 ലോകകപ്പില്‍ നേടിയ പത്തു വിക്കറ്റ് വിജയത്തിനു ശേഷമാണെന്നാണ് മുഹമ്മദ് യൂസുഫ് ചൂണ്ടിക്കാണിക്കുന്നത്.
നിര്‍ഭാഗ്യമെന്നോ, ഭാഗ്യമെന്നോ പറയട്ടെ, ഇന്ത്യക്കെതിരേ പാകിസ്താന്‍ ടീമിന്റെ കഷ്ടകാലം തുടങ്ങിയത് 2021ലെ ടി20 ലോകകപ്പിനു ശേഷമാണ്. അന്നു പത്തു വിക്കറ്റിനു ടീം ജയിച്ചു കയറിയപ്പോള്‍ ഞങ്ങളേക്കാള്‍ മികച്ചവര്‍ മറ്റാരുമില്ലെന്നാണ് പാകിസ്താന്‍ താരങ്ങള്‍ കരുതിയത്. അവര്‍ അനാദരവ് കാണിക്കുകയും ചെയ്തു.
പാകിസ്താന്‍ ടീമിന്റെ മുഖ്യ കോച്ചിന്റെകാര്യമെടുത്താല്‍ അതിനു ശേഷം പലപ്പോഴും വളരെ ലാഘവത്തോടെയാണ് കാണപ്പെട്ടിട്ടുള്ളത്. ഫോണില്‍ നോക്കുകയോ, അല്ലെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം അലക്ഷ്യമായി നോക്കിയിരിക്കുന്നതോ കാണാം. ഇതെല്ലാം തുടങ്ങിയത് 2021ല്‍ ഇന്ത്യക്കെതിരേ നേടിയ ആ വിജയത്തിനു ശേഷമാണ്. ഇതു ഒരു താരത്തിനും ഒരിക്കലും നല്ലകതല്ല.
കളിക്കാര്‍ എല്ലായ്‌പ്പോഴും വിനയമുള്ളവരായിരിക്കണം. ഇന്‍സമാം ഭായിയും (ഇന്‍സമാമുള്‍ഹഖ്), സയീദ് ഭായ് (സയീദ് അന്‍വര്‍) ഇവരെല്ലാം വളരെ വലിയ കളിക്കാരായിരുന്നു.
പക്ഷെ അവരെല്ലാം എല്ലായ്‌പ്പോഴും താഴ്മയുള്ളവരും കോച്ചുമാര്‍ പറയുന്നത് കേള്‍ക്കാറുള്ളവരുമായിരുന്നു.അതു ചെയ്യണോ, വേണ്ടയോ എന്നത് പിന്നെയുള്ള കാര്യമാണ്. ഏതാണ് നല്ലതെന്നു നോക്കി അതു കളിക്കാര്‍ക്കു തീരുമാനിക്കാം.
ഒരുപാട് മല്‍സരങ്ങൡ കളിച്ചതിനാല്‍ തന്നെ കോച്ചുമാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഏതാക്കെയാവും തങ്ങള്‍ക്കു ഗുണം ചെയ്യുകയെന്നു അവര്‍ക്കു മനസ്സിലാവും. ഏതൊക്കെ ചെയ്യാന്‍ പാടില്ലെന്നും ധാരണയുണ്ടാവും.
അന്നത്തെ താരങ്ങള്‍ വളരെ 'ഗ്രൗണ്ടഡ്' ആയിരുന്നു. അതുകൊണ്ടു ഇപ്പോഴത്തെ താരങ്ങള്‍ എത്ര തന്നെ റണ്‍സെടുത്താലും, എന്തൊക്കെ നേട്ടങ്ങള്‍ കൈവരിച്ചാലും എല്ലായ്‌പ്പോഴും താഴ്മയുള്ളവരായിരിക്കണം. ഒന്നിനോടും ചുച്ഛവും അഹങ്കാരവും പാടില്ലെന്നും യൂസുഫ് കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പില്‍ ഇനി ശേഷിക്കുന്ന ഏക സൂപ്പര്‍ എട്ട് സ്ഥാനത്തിനു വേണ്ടി പോരടിക്കുകയാണ് പാകിസ്താന്‍ ടീം. ഗ്രൂപ്പ് എയില്‍ ഇന്ത്യ, യുഎസ്എ ടീമുകള്‍ക്കു പിന്നില്‍ മൂന്നാംസ്ഥാനത്താണ് അവരുളളത്. യുഎസ്എയ്ക്കും പാക് ടീമിനും നാലു പോയിന്റ് വീതമാണുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ യുഎസ്എ മുന്നിലെത്തുകയായിരുന്നു.
യുഎസ്എയുടെ ഗ്രൂപ്പ് മല്‍സരങ്ങള്‍ അവസാനിച്ചു കഴിഞ്ഞു. എന്നാല്‍ പാക് ടീമിനാവട്ടെ യുഎസ്എയുമായി ഒരു കളി കൂടി ശേഷിക്കുന്നുണ്ട്. നമീബിയയുമായുള്ള അവസാന മല്‍സരം ജയിച്ചാല്‍ പാകിസ്താന് സൂപ്പര്‍ എട്ടിലെത്താം. മഴ കാരണം കളി ഉപേക്ഷിക്കപ്പെട്ടാലും അഞ്ചു പോയിന്റുമായി അവര്‍ അടുത്ത റൗണ്ടിലേക്കു മുന്നേറും.