ഡല്‍ഹി: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും ബാറ്റിങില്‍ ഇന്ത്യക്കു പ്രശ്‌നങ്ങള്‍ നേരിട്ടിരിക്കുകയാണ്. നേരത്തേ കുഞ്ഞന്‍ ടീമായ അമേരിക്കയ്‌ക്കെതിരേ മുന്‍നിര ബാറ്റിങാണ് പതറിയതെങ്കില്‍ ഇത്തവണ നമീബിയക്കെതിരേ പാളിയത് ഡെത്ത് ഓവറുകളിലായിരുന്നു. അവിശ്വസനീയ കൂട്ടത്തകര്‍ച്ചയാണ് മല്‍സരത്തില്‍ ടീമിനു നേരിട്ടത്.
ഇതു കാരണം 230- 240 എത്തേണ്ടിയിരുന്ന ഇന്ത്യന്‍ ടോട്ടല്‍ ഒമ്പതു വിക്കറ്റിന് 209 റണ്‍സിലെതുങ്ങുകയായിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ ബാറ്റിങില്‍ ഈ തരത്തില്‍ പതറുന്നത് ഇന്ത്യക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ്. ഡെത്ത് ഓവറില്‍ ടീമിന്റെ തകര്‍ച്ച എങ്ങനെയായിരുന്നെന്നു നോക്കാം.

നമീബിയക്കെതിരേ ടോസ് നഷ്ടമായി ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ 18 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ നാലു വിക്കറ്റിന്് 199 റണ്‍സെന്ന അതിശക്തമായ നിലയിലായിരുന്നു. വമ്പനടിക്കാരും ഓള്‍റൗണ്ടര്‍മാരുമായ ഹാര്‍ദിക് പാണ്ഡ്യയും (46) ശിവം ദുബെയുമായിരുന്നു (23) അപ്പോള്‍ ക്രീസില്‍.
ടീം ഉറപ്പായും 230-240 റണ്‍സെങ്കിലും ഉറപ്പായും നേടുമെന്ന് ഉറപ്പിച്ച സമയം. പക്ഷെ അവിടെ നിന്നാണ് ചീട്ടുകൊട്ടാരം കണക്ക തകര്‍ന്നടിഞ്ഞ ഇന്ത്യ ഒമ്പതു വിക്കറ്റിനു 209 റണ്‍സിലേക്കേു കൂപ്പുകുത്തിയത്. വെറും നാലു റണ്‍സിനിടെയാണ് അഞ്ചു വിക്കറ്റുകള്‍ ഇന്ത്യ കളഞ്ഞു കുളിച്ചത്. ക്യാപ്റ്റനും സ്ലോ ബൗളിങ് ഓള്‍റൗണ്ടറുമായ ജെറാര്‍ജ് എറാസ്മലാണ് 19ാം ഓവര്‍ എറിയാനെത്തിയത്.
ആദ്യ ബോള്‍ മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സറിലേക്കു പായിച്ച് ഹാര്‍ദിക് ഫിഫ്റ്റി പൂര്‍ത്തിയാക്കി. തുടര്‍ന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്ര കണ്ടത്. അടുത്ത ബോളില്‍ ഹാര്‍ദിക് പുറത്തായി. സിക്‌സെന്നുറപ്പിച്ച ഷോട്ട് ബൗണ്ടറി ലൈനിന് തൊട്ടരികെ വച്ച് കിടിലനൊരു റണ്ണിങ് ക്യാച്ചിലൂടെ ഡൈലാന്‍ ലെയ്ഷര്‍ വരുതിയിലാക്കുകയായിരുന്നു.
റണ്ണിങിനിടെ ക്യാച്ചെടുത്ത ശേഷം കാല്‍ ബൗണ്ടറി ലൈനില്‍ തട്ടുമെന്ന് തോന്നിയ താരം ബോള്‍ മുകളിലേക്കിട്ട് പുറത്തേക്ക് പോയി പിന്നാലം അകത്തേക്ക് കയറി ക്യാച്ചും പൂര്‍ത്തിയാക്കുകയായിരുന്നു.
റിങ്കു സിങാണ് തുടര്‍ന്ന് ക്രീസിലെത്തിയത്. റിങ്കു സ്‌ട്രൈക്ക് നേരിട്ട ശേഷം സിംഗിളിനായി ശ്രമിക്കവെ ദുബെയുമായുള്ള ആശയക്കുഴപ്പം റണ്ണൗട്ടില്‍ കലാശിച്ചു. ദുബെയ്ക്കാണ് വിക്കറ്റ് കൈവിടേണ്ടി വന്നത്.

അടുത്ത ബോളില്‍ റണ്ണില്ല. അഞ്ചാമത്തെ ബോളില്‍ റിങ്കു സിംഗിളെടുത്തു. എന്നാല്‍ അവസാന ബോൡ അക്ഷര്‍ പട്ടേല്‍ (0) ക്ലീന്‍ ബൗള്‍ഡായതോടെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. വെറും ഏഴു റണ്‍സാണ് ഈ ഓവറില്‍ വന്നത്. മൂന്നു വിക്കറ്റുകളും ഇതിനിടെ കൈവിട്ടു.
അവസാന ഓവര്‍ ജെജെ സ്മിത്തിനായിരുന്നു. ആദ്യത്തെ രണ്ടു ബോളിലും റിങ്കുവിനു റണ്ണൊന്നുമില്ല. അടുത്ത ബോളില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് റിങ്കു (1) പുറത്തായി. തുടര്‍ന്ന് അര്‍ഷ്ദീപ് സിങ് ക്രീസില്‍.
നാലാമത്തെയും അഞ്ചാമത്തയും ബോളില്‍ അര്‍ഷ്ദീപും വരുണ്‍ ചക്രവര്‍ത്തിയും ഓരോ സിംഗിള്‍ വീതമെടുത്തു. എന്നാല്‍ അവസാന ബോളില്‍ അര്‍ഷ്ദീപ് (2) റണ്ണൗട്ടുമായി. ഈ ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ.