ഡല്‍ഹി: നിലവിലെ ചാംപ്യന്‍മാരായ ടീം ഇന്ത്യ ഇത്തവണത്തെ ഐസിസി ടി20 ലോകകപ്പില്‍ തുടക്കം മോശമാക്കിയില്ല. ഇരട്ട വിജയങ്ങളുമായി സൂപ്പര്‍ എട്ട് യോഗ്യതയ്ക്കു തൊട്ടരികില്‍ നില്‍ക്കുകയാണ് സൂര്യകുമാര്‍ യാദവും സംഘവും. വ്യാഴാഴ്ച രാത്രി നടന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ മുക്കിയത്.
210 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് നമീബിയക്കു ഇന്ത്യ നല്‍കിയത്. എന്നാല്‍ കാര്യമായി പൊരുതാന്‍ പോലും സാധിക്കാതെ നമീബിയ കീഴടങ്ങി. 18.2 ഓവറില്‍ വെറും 116 റണ്‍സിന് അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഈ മല്‍സലത്തില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയാല്‍ ഒാരോരുത്തര്‍ക്കും എത്രയാവും ലഭിക്കുകയെന്നും നോക്കാം.

നമീബിയക്കെതിരേ ഇന്ത്യന്‍ താരങ്ങള്‍ക്കു 10ല്‍ റേറ്റിങ് നല്‍കിയാല്‍ മുഴുവനും അര്‍ഹിക്കുന്നത് വെറും മൂന്നു പേരാണ്. ഓപ്പണറും ഫസ്റ്റ് ചോയ്‌സ് കീപ്പറുമായ ഇഷാന്‍ കിഷന്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവത്തി എന്നിവരാണ്.
കളിയില്‍ ഇന്ത്യന്‍ വിജയത്തില്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഈ മൂന്ന് പേരോട് തന്നെയാണ്. ബാറ്റിങില്‍ 61 റണ്‍സുമായി ടീമിന്റെ നെടുംതൂണായി മാറിയത് ഇഷാനാണ്. വെറും 24 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമടക്കം അദ്ദേഹം അടിച്ചെടുത്തത് 61 റണ്‍സാണ്. ടീമിനു ശക്തമായ അടിത്തറയിട്ട ശേഷമാണ് ഇഷാന്‍ ക്രീസ് വിട്ടത്.
ഹാര്‍ദിക്കാവട്ടെ ഓള്‍റൗണ്ട് പ്രകടത്തിലൂടെയാണ് ടീമിന്റെ ഹീറോയായി മാറിയത്. 28 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കം അദ്ദേഹം നേടിയ 52 റണ്‍സാണ് ഇന്ത്യയെ 200 കടത്തുന്നതില്‍ നിര്‍ണായകമായി മാറിയത്. പിന്നീട് രണ്ടു വിക്കറ്റുകളുമായി ബൗളിങിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുകയും ചെയ്തു. കളിയിലെ താരമായി അദ്ദേഹം മാറിയതും അതുകൊണ്ട് തന്നെയാണ്.
റണ്‍ചേസില്‍ ഭേദപ്പെട്ട രീതിയില്‍ തുടങ്ങിയ നമീബിയയ ബാക്ക്ഫൂട്ടിലാക്കിയത് വരുണിന്റെ മാജിക്കല്‍ പ്രകടനമായിരുന്നു. രണ്ടോവറില്‍ വെറും ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.
ഈ മൂന്നു പേര്‍ക്കു ശേഷം കൂടുതല്‍ റേറ്റിങുള്ളത് രണ്ടു പേര്‍ക്കാണ്. ലോകകപ്പിലെ അരങ്ങേറ്റ മല്‍സരം കളിച്ച മലയാളി താരം സഞ്ജു സാംസണും സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയുമാണ്. രണ്ടു പേരുടെയും റേറ്റിങ് 10ല്‍ ഏഴാണ്.
വലിയൊരു ഇന്നിങ്‌സ് കളിക്കാനായില്ലെങ്കിലും ടീമിന് അഗ്രസീവ് തുടക്കം നല്‍കിയത് സഞ്ജുവാണ്. വെറും എട്ടു ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമടക്കം അദ്ദേഹം വാരിക്കൂട്ടിയത് 22 റണ്‍സാണ്. ദുബെയാവട്ടെ ബാറ്റിങില്‍ 16 ബോളില്‍ 23 റണ്‍സുമായി ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവയ്ക്കുന്നതിനൊപ്പം ഒരു വിക്കറ്റുമായി ബൗളിങിലും സാന്നിധ്യമറിയിച്ചു.

ഇന്ത്യന്‍ താരങ്ങളില്‍ 10ല്‍ അഞ്ച് റേറ്റിങുള്ളത് രണ്ടു പേര്‍ക്കാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും വൈസ് ക്യാപ്റ്റനും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലുമാണിത്. ബുംറയ്്ക്കു നാലോവറില്‍ 20 റണ്‍സിന് ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ അക്ഷറാവട്ടെ മൂന്നോവറില്‍ 20 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു. പക്ഷെ ബാറ്റിങില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാി ക്രീസ് വിട്ടു.
തിലക് വര്‍മയുടെ റ്റേറ്റിങ് നാലാണെങ്കില്‍ അര്‍ഷ്ദീപ് സിങിന് മൂന്നും നായകന്‍ സൂര്യകുമാര്‍ യാദവിന് രണ്ടും മാത്രമേ റേറ്റിങ്ങുള്ളൂ. ഏറ്റവും മോശം റിങ്കുസിങാണ്. റേറ്റിങ് വെറും ഒന്ന് മാത്രം.
സ്ലോ ബാറ്റിങ് കാഴ്ചവച്ച തിലക് 21 ബോളില്‍ 25 റണ്‍സിന് മടങ്ങി. സൂര്യക്കി 12 റണ്‍സേ നേടാനായുള്ളൂ. അര്‍ഷ്ദീപ് ഒരു വിക്കറ്റെടുത്തെങ്കിലും മൂന്നോവറില്‍ 36 റണ്‍സ് വാരിക്കോരി നല്‍കി. റിങ്കുവിനു ആറു ബോളില്‍ സ്‌കോര്‍ ചെയ്യാനായത് ഒരു റണ്‍സാണ്.