ഐസിസിയുടെ ടി20 ലോകകപ്പിന് (T20 WC 2026) ശനിയാഴ്ച തുടക്കമാവുകയാണ്. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ 20 ടീമുകള്‍ പോര്‍ക്കളത്തിലിറങ്ങും. ചരിത്രത്തിലാദ്യമായി ഒരു ടീം തുടര്‍ച്ചയായി രണ്ടു തവണ ലോകകപ്പ് ഉയര്‍ത്തുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. മാത്രമലമല്ല ഒരു ആതിഥേയ രാജ്യവും ഇതുവരെ ജേതാക്കളായിട്ടില്ലെന്നതും എടുത്തു പറയേണ്ടതാണ്
വ്യത്യസ്ത കാരണങ്ങളാല്‍ ഈ ലോകകപ്പില്‍ വിവിധ ടീമുകളില്‍ ഇടം ലഭിക്കാതെ പോയ ചില സൂപ്പര്‍ താരങ്ങളുണ്ട്. ഈ തരത്തില്‍ ലോകകപ്പില്‍ ഇല്ലാത്തവരെ ഉള്‍പ്പെടുത്തി ഒരു കിടിലന്‍ ലോക ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് വിസ്ഡണ്‍. ആരൊക്കെയാണ് ഈ ഇലവനില്‍ ഇടം നേടിയതെന്നു നമുക്കു പരിശോധിക്കാം.

വിസ്ഡണ്‍ തിരഞ്ഞെടുത്ത ലോകകപ്പ് ഇലവന്റെ ഓപ്പണര്‍മാര്‍ ഇന്ത്യന്‍ ജോടികളാണ്. ഇന്ത്യയുടെ മുന്‍ വൈസ് ക്യാപ്റ്റനും ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനുമായ ശുഭ്മന്‍ ഗില്ലും യുവ അഗ്രവീസ് ഇടംകൈയന്‍ ബാറ്ററുമായ യശസി ജയ്‌സ്വാളുമാണ് ലോക ഇലവന്റെ ഓപ്പണര്‍മാര്‍. രണ്ടു പേരും രണ്ടു കാരങ്ങളാലാണ് ടീമില്‍ നിന്നും തഴയപ്പെട്ടത്.
ലോകകപ്പില്‍ ഉറപ്പായും ഇന്ത്യന്‍ നിരയിലുണ്ടാവുമെന്നും മുഴുവന്‍ മല്‍സരങ്ങളിലും കളിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ട താരമാണ് ഗില്‍. സൗത്താഫ്രിക്കയുമായി കഴിഞ്ഞ വര്‍ഷമവസാനം കളിച്ച ടി20 പരമ്പര അദ്ദേഹം ടീമിലെ സജീവ സാന്നിധ്യമായിരുന്നു. പക്ഷെ ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാതെ പോയത് തിരിച്ചടിയായി. ടി20യില്‍ കഴിഞ്ഞ വര്‍ഷം ഒരു ഫിഫ്റ്റി പോലും ഗില്‍ നേടിയില്ല.
ഇതോടെയാണ് ലോകകപ്പില്‍ അദ്ദേഹത്തെ കൈവിടാനുള്ള തീരുമാനം സെലക്ടര്‍മാര്‍ എടുത്തത്. നേരത്തേ ഓപ്പണറായി മൂന്നു സെഞ്ച്വറികളടക്കം നേടി മിന്നിച്ച മലയാളി താരം സഞ്ജു സാംസണിനെ ഈ റോളിലേക്കു തിരികെ കൊണ്ടു വരികയും ചെയ്തു. എന്നാല്‍ ജയ്‌സ്വാള്‍ ഒഴിവാക്കപ്പെട്ടത് മറ്റൊരു കാരണത്താലാണ്.
ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ കൂടിയായ അഭിഷേക് ശര്‍മ ഓപ്പണിങിലെ സജീവ സാന്നിധ്യമാണ്. അദ്ദേഹത്തെ മാറ്റി നിര്‍ത്തുന്ന കാര്യം ടീമിന് ഇനി ആലോചിക്കാനും സാധിക്കില്ല. ഓപ്പണിങില്‍ സഞ്ജു മടങ്ങിയെത്തിയതിനാല്‍ തന്നെ മറ്റൊരു ഓപ്പണര്‍ക്കു സ്‌കോപ്പില്ല. ഇതാണ് മികച്ച റെക്കോര്‍ഡുണ്ടായിട്ടും ജയ്‌സ്വാളിനു അവസരം ലഭിക്കാതെ പോയതിന്റെ കാരണം.
ഗില്‍-ജയ്‌സ്വാള്‍ ഓപ്പണിങ് ജോടികള്‍ക്കു ശേഷം ലോക ഇലവനില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്, വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരനുമാണ്. നിലവില്‍ ഓസീസിന്റെ ടി20 പ്ലാനുകളുടെ ഭാഗമല്ല സ്മിത്ത്. 2024നു ശേഷം അദ്ദേഹം ദേശീയ ടീമിനായി കളിക്കുകയും ചെയ്തിട്ടില്ല.
എന്നാല്‍ മികച്ച ഫോമിലായിട്ടും അന്താരാഷ്ട്ര കരിയര്‍ ഏറെ ബാക്കിയുണ്ടായിട്ടും തീര്‍ത്തും അപ്രതീക്ഷിതമായി വിരമിച്ച താരമാണ് പൂരന്‍. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചപകൊണ്ടുള്ള അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ലോക ഇലവനിലുള്ള മറ്റു താരങ്ങള്‍ ഇംഗ്ലണ്ടിന്റെ ജോര്‍ഡന്‍ കോക്‌സ്, ഓസ്‌ട്രേലിയയയുടെ മാത്യു ഷോര്‍ട്ട്, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍, വെസ്റ്റ് ഇന്‍ഡീസിന്റെ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍, ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍, സൗത്താഫ്രിക്കന്‍ പേസര്‍ ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍, പാകിസ്താന്‍ പേസര്‍ ഹാരിസ് റൗഫ് എന്നിവരാണ്.
ഇവരില്‍ നരെയ്ന്‍ ഇതിനകം തന്നെ ടി20യില്‍ നിന്നും വിരമിച്ചു കഴിഞ്ഞ താരമാണ്. ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതു കാരണം ബംഗ്ലാദേശ് പുറത്താക്കപ്പെട്ടതോടെയാണ് മുസ്തഫിസുറിനു ലോകകപ്പ് നഷ്ടമായത്. എന്നാല്‍ ശേഷിച്ച താരങ്ങളെല്ലാം മോശം ഫോം കാരണം ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ പോയവരുമാണ്.
ശുഭ്മന്‍ ഗില്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സ്റ്റീവ് സ്മിത്ത്, നിക്കോളാസ് പൂരന്‍, ജോര്‍ഡന്‍ കോക്‌സ്, മാത്യു ഷോര്‍ട്ട്, ലിയാം ലിവിംഗ്സ്റ്റണ്‍, സുനില്‍ നരെയ്ന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍, ഹാരിസ് റൗഫ്.