കൊളംബോ: ഇന്ത്യക്കെതിരേയുള്ള ടി20 ലോകകപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ പാകിസ്താന്‍ നായകന്‍ സല്‍മാന്‍ അലി ആഗയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ യൂനിസ് ഖാന്‍. വലിയൊരു മണ്ടത്തരം ആഗ കാണിച്ചുവെന്നും അതു കാരണമാണ് മല്‍സരം കൈവിട്ടു പോയതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീമായ കളിയില്‍ 61 റണ്‍സിനാണ് പാക് പടയെ ഇന്ത്യ വാരിക്കളഞ്ഞത്. 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക് ടീം 18 ഓവറില്‍ വെറും 114 റണ്‍സിനു ഓള്‍ഔട്ടായി. കളിയുടെ ഒരു ഘട്ടത്തില്‍ പോലും അവര്‍ ഇന്ത്യക്കു ഭീഷണിയുയര്‍ത്തിയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടി20 ലോകകപ്പ് പോരാട്ടത്തെ കുറിച്ച് ജിയോഹോട്‌സ്റ്റാറില്‍ സംസാരിക്കവെയാണ് കളി എങ്ങനെയാണ് കൈവിട്ടു പോയതെന്നു യൂനിസ് ഖാന്‍ ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ പാകിസ്താന്‍ ഗെയിം കൈവിട്ടു കഴിഞ്ഞിരുന്നു. ഇന്ത്യന്‍ ടീം 175 റണ്‍സ് നേടിക്കഴിഞ്ഞപ്പോള്‍ പാകിസ്താന് അതു എത്തിപ്പിടിക്കുക അസാധ്യമായി മാറി. ബോള്‍ സ്പിന്‍ ചെയ്യുന്നുണ്ടായിരുന്നു. സൂര്യകുമാര്‍ യാദവ് തന്റെ ബൗളിങ് ചേഞ്ചുകളില്‍ വളരെ സ്മാര്‍ട്ടായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യക്കു ആദ്യ ഓവറില്‍ തന്നെ അദ്ദേഹം ന്യൂബോള്‍ നല്‍കി. ജസ്പ്രീത് ബുംറ പതിവുപോലെ തന്നെ ഈ കളിയിലും വളരെ ബ്രില്ല്യന്റായിരുന്നു. സ്റ്റംപുകളെ ആക്രമിക്കുന്നതിനൊപ്പം ബോള്‍ സ്വിങും സീമുമെല്ലാം ചെയ്തു.
അതിനു ശേഷം പാകിസ്താന് കാര്യങ്ങള്‍ വളരെ കടുപ്പമായിരുന്നു. പാകിസ്താന്റെ സ്പിന്‍ ബൗളര്‍മാരെ നോക്കുമ്പോള്‍ അവര്‍ ഇന്ത്യയുടെ അത്രയും അതു ഉപയോഗിച്ചതായി തനിക്കു തോന്നുന്നില്ലെന്നും യൂനിസ് വിശദമാക്കി.
പാകിസ്താന് ബൗളിങിലെ തുറുപ്പുചീട്ടും മിസ്റ്ററി സ്പിന്നറുമായ ഉസ്മാന്‍ താരീഖിനെ പരീക്ഷിക്കാന്‍ വൈകിയത് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ വലിയ മണ്ടത്തരമാണെന്നു യൂനിസ് ഖാന്‍ ആഞ്ഞടിക്കുകയും ചെയ്തു.
ഉസ്മാന്‍ താരീഖിനെ ബൗളിങില്‍ കൊണ്ടുവരാന്‍ വൈകിപ്പിച്ചതിലൂടെ സല്‍മാന്‍ അലി ആഗ വലിയ അബദ്ധമാണ് കാണിച്ചത്. താരീഖ് വളരെ കിടിലനായി തന്നെ ബൗള്‍ ചെയ്തു. 24 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി താരീഖിനെപ്പറ്റി നമ്മള്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

പക്ഷെ ഇന്ത്യക്കെതിരേ ഒരുപാട് വൈകിയാണ് അവനെ ബൗളിങിനായി ആഗ വിളിച്ചത്. താരീഖിന് ബോള്‍ ലഭിക്കുമ്പോഴേക്കും ഇഷാന്‍ കിഷന്‍ നാശം വിതച്ചു കഴിഞ്ഞിരുന്നു. ഇവിടെയാണ് പാകിസ്താന്‍ കളിയും തോറ്റത്.
പാകിസ്താന്റെ ബാറ്റിങ് അത്ര നല്ലതല്ലെന്നു നമുക്ക് നേരത്തേ തന്നെ അറിയാവുന്നതാണ്. പക്ഷെ ഇന്ത്യ 175 റണ്‍സിനു പകരം 140-150 റണസായിരുന്നു നേടിയതെങ്കില്‍ കളിയുടെ ഫലം മറ്റൊയി മാറിയേനെയെന്നും യൂനിസ് കൂട്ടിച്ചേര്‍ത്തു.
11ാം ഓവറിലാണ് താരീഖ് ബൗള്‍ ചെയ്യാനെത്തിയത്. അപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 92 റണ്‍സെന്ന ശക്തമായ നിലയിരുമായിരുന്നു. ഇന്ത്യക്കെതിരേ ആദ്യമായി കളിക്കാനിറങ്ങിയ താരീഖിനെ ഫോറടിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വരവേറ്റത്. തന്റെ അവസാന ഓവറിലെ അഞ്ചാമത്തെ ബോളിലാണ് സൂര്യയെ മടക്കി കന്നി ഇന്ത്യന്‍ വിക്കറ്റ് അക്കൗണ്ടിലേക്കു താരീഖ് ചേര്‍ത്തത്.