ഐസിസി ടി20 ലോകകപ്പില്‍ ഒടുവില്‍ അനിശ്ചിത്വങ്ങളുടെ കാര്‍മേഘങ്ങള്‍ നീങ്ങിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാണാനാഗ്രഹിച്ച ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടം ഇത്തവണ നടക്കുക തന്നെ ചെയ്യും. ബംഗ്ലാദേശിനെ പിന്തുണച്ച് ഈ മല്‍സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം അവര്‍ പിന്‍വലിച്ചിരിക്കുകയാണ്.
പാക് സര്‍ക്കാരിന്റെ അനുവാദം ലഭിച്ചതോടെയാണ് മല്‍സരവുമായി മുന്നോട്ടു പോവാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ഈ മാസം 15ന് രാത്രി കൊളംബോയിലാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഈ കിടിലന്‍ മല്‍സരം.

ടി20 ലോകകപ്പിലെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ പാകിസ്താനെതിരേ ഇന്ത്യക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇതുവരെ ഏറ്റുമുട്ടിയ എട്ടു മല്‍സരങ്ങളില്‍ ആറിലും ഇന്ത്യക്കാണ് ജയം. പാക് ടീമിന് ജയിക്കാനായത് ഒരേയൊരു മല്‍സരമാണ്. ശേഷിച്ച ഒരു കളി ടൈയിലും കലാശിച്ചു.
എന്നാല്‍ പാകിസ്താനെ തീര്‍ത്തും നിസാരരമായി തള്ളികളയാന്‍ ഇന്ത്യക്കു സാധിക്കില്ല. വളരെ അപ്രവചനീയമായ പ്രകടനംനടത്തുന്ന ടീമാണ് അവരുടേത്. പാക് നിരയിലെ ചില താരങ്ങളെ ഇന്ത്യ സൂക്ഷിക്കുക തന്നെ വേണം. ആരൊക്കെയാണ് ഈ താരങ്ങളെന്നു പരിശോധിക്കാം.
ടി20 ലോകകപ്പിലെ എല്‍ ക്ലാസിക്കോയില്‍ പാകിസ്താന്‍ നിരയില്‍ ഇന്ത്യ സൂക്ഷിക്കേണ്ട ആദ്യത്തെ താരം വെടിക്കെട്ട് ബാറ്റും ഓപ്പണറുമായ സാഹിബ്‌സദ ഫര്‍ഹാനെയാണ്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യക്കെതിരേ അദ്ദേഹം ആദ്യമായി കളിച്ചത്. ഫൈനലുള്‍പ്പെടെ മൂന്നി തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോഴും ഫര്‍ഹാന്‍ കസറി.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ വരെ അദ്ദേഹം വളരെ അനായാസം നേരിട്ടത് അപൂര്‍വ്വ കാഴ്ചയായിരുന്നു, വളരെ എളുപ്പത്തിലാണ് ബുംറയ്‌ക്കെതിരേ ഫര്‍ഹാന്‍ സിക്‌സറുകളും പറത്തിയത്. 40 (44 ബോള്‍), 58 (45), 57 (38) എന്നിങ്ങനെയായിരുന്നു ഇന്ത്യക്കെതിരേ അദ്ദേഹത്തിന്റെ സ്‌കോറുകള്‍.
പരിചയ സമ്പന്നനായ ഇടംകൈന്‍ ബാറ്റര്‍ ഫഖര്‍ സമാനാണ് ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള രണ്ടാമത്തെ താരം. ഇന്ത്യക്കെതിരേ കളിക്കുമ്പോഴെല്ലാം ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുള്ള താരമാണ് അദ്ദേഹം. വിവിധ ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലുമെല്ലാം ഇന്ത്യക്കെതിരേ പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയ താരമാണ് ഫഖര്‍.
2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ തകര്‍ത്ത അദ്ദേഹത്തിന്റെ സെഞ്ച്വറി (114) ആരാധകരെ ഇന്നും വേട്ടയാടുന്നുണ്ട്. സമാനയ പ്രകടനങ്ങള്‍ ഫഖറിനു വീണ്ടും പുറത്തെടുക്കാനായേക്കും.
മുന്‍ പാക് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമാണ് ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തിയേക്കാവുന്ന മൂന്നാമത്തെ താരം. നിലവിലെ പാക് ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരവും ബാബര്‍ തന്നെയാണ്. അഗ്രസീവ് ഇന്നിങ്‌സുകളേക്കാള്‍ ആങ്കര്‍ റോളില്‍ ടീമിനെ കരകയറ്റാനുള്ള മിടുക്കാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കുന്നത്.

ബൗളിങിലേക്കു വന്നാല്‍ ഇന്ത്യക്കു പ്രധാന ഭീഷണിയായി മാറിയേക്കുക യുവ പേസര്‍ നസീം ഷായായിരിക്കും. വേഗതയും സ്വിങും കൊണ്ട് ബാറ്റര്‍മാരുടെ താളം തെറ്റിക്കാന്‍ അദ്ദേഹത്തിനു സാധിക്കും.
ഷഹീന്‍ ഷാ അഫ്രീഡിയാണ് പാക് പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കുകയെങ്കിലും ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുക നസീമായിരിക്കും. 2024ലെ കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു. വിരാട് കോലിയുടെ വിക്കറ്റും ഇതിലുള്‍പ്പെടും.