മുംബൈ: ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇത്തവണ ഒരു ടീമും നിസാരക്കാരല്ലെന്നു രണ്ടാംദിനത്തിലെ മല്‍സരങ്ങളും അടിവരയിടുകയാണ്. ഇന്ത്യ, പാകിസ്താന്‍ എന്നീ വമ്പന്‍മാര്‍ക്കു പിറകെ ഇപ്പോഴിതാ കരുത്തരായ ഇംഗ്ലണ്ടും വന്‍ അട്ടിമറിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ്. ഗ്രൂപ്പ് സി മല്‍സരത്തില്‍ അസോസിയേറ്റ് ടീമായ നേപ്പാളാണ് ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങിയത്.
വാംഖഡെയില്‍ അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഹാരി ബ്രൂക്കിന്റെ ഇംഗ്ലീഷ് ടീം നാലു റണ്‍സിനാണ് തടിതപ്പിയത്. ഇതിന് അവര്‍ കടപ്പെട്ടിരിക്കുന്നതാവട്ടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനോടുമാണ്. അദ്ദേഹമെറിഞ്ഞ കിടിലന്‍ 20ാം ഓവറാണ് നേപ്പാളിന്റെ അവിശ്വസനീയ ജയം തടഞ്ഞത്.
185 റണ്‍സിന്റെ വലിയ ലക്ഷ്യം നേപ്പാളിന് അസാധ്യമെന്നു കരുതിയെങ്കിലും വീറുറ്റ പോരാട്ടത്തിലൂടെ അവര്‍ ഞെട്ടിച്ചു. ആറു വിക്കറ്റിന് 180 റണ്‍സ് വരെയെത്തിയാണ് നേപ്പാള്‍ മുട്ടുമടക്കിയത്. ഈ തോല്‍വി അവരെ സംബന്ധിച്ച് തീര്‍ച്ചയായും വിജത്തിന് തുല്യമാണെന്നതില്‍ സംശയമില്ല.

നേപ്പാള്‍ ബാറ്റിങ് ലൈനപ്പില്‍ ഒരാള്‍ പോലും ഫിഫ്റ്റി നേടാതിരുന്നിട്ടും അവരുടെ ടീം ടോട്ടല്‍ 180 റണ്‍സ് വരെയെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രധാനമായും നാലു പേരുടെ സംഭാവനകളാണ് നേപ്പാളിനെ ഇതിനു സഹായിച്ചത്. 44 റണ്‍സെടുത്ത ദീപേന്ദ്ര സിങ് അയ്‌റിയാണ് ടോപ്‌സ്‌കോറര്‍. 29 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമുള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്.
ക്യാപ്റ്റന്‍ രോഹിത് പൗഡേല്‍, ലോകേഷ് ബാം എന്നിവര്‍ 39 റണ്‍സ് വീതമെടുത്തു. ഇവരില്‍ ലോകേഷിന്റെ അപരാജി ത ഇന്നിങ്‌സാണ് നേപ്പാളിനെ ജയത്തിന് കൈയെത്തുംദൂരത്ത് എത്തിച്ചത്. 20 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായരുന്നു.
അവസാനത്തെ രണ്ടോവറിലാണ് നേപ്പാളില്‍ നിന്നും ഈ മല്‍സരം വഴുതിപ്പോയതെന്നു കാണാം. സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 18ാം ഓവറില്‍ നേപ്പാള്‍ വാരിക്കൂട്ടിയത് 22 റണ്‍സാണ്. മൂന്നു സിക്‌സറുള്‍പ്പെടെയാണിത്. ഇതില്‍ രണ്ടു സിക്‌സ് ലോകേഷിന്റെ ബാറ്റില്‍ നിന്നായിരുന്നു.
അഞ്ചു വിക്കറ്റ് ബാക്കിനില്‍ക്കെ അവസാന രണ്ടോവറില്‍ 25 റണ്‍സ് മാത്രമേ നേപ്പാളിനു വേണ്ടിയിരുന്നുള്ളൂ. ലൂക്ക് വുഡാണ് 19ാം എറിഞ്ഞത് രണ്ടു ഫോറടക്കം 14 റണ്‍സ് അവര്‍ നേടിയെങ്കലും ഒരു വിക്കറ്റ് നഷ്ടമായി.

സാം കറെനാണ് അവസാന ഓവര്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് നല്‍കിയത്. പ്രതിരോധിക്കേണ്ടിയിരുന്നത് ഒമ്പത് റണ്‍സുമായിരുന്നു, പക്ഷെ ഒരു ഡബിളും മൂന്നു സിംഗിളമടക്കം വെറും അഞ്ച് റണ്‍സ് മാത്രമേ കറെന്‍ വിട്ടുകൊടുത്തുള്ളൂ.
ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഏഴു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 184 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിയത്. ഇതിനു അവരെ സഹായിച്ചത് ജേക്കബ് ബെതെലിന്റെയും (55) ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും (53) ഫിഫ്റ്റികളാണ്. വില്‍ ജാക്‌സിന്റെ (18 ബോളില്‍ 39*) മികച്ച ഫിനിഷിങ് ടീമിനെ 180 കടത്തുകയും ചെയ്തു.
ഇംഗ്ലണ്ട്- ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), സാം കുറാന്‍, വില്‍ ജാക്‌സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, ലൂക്ക് വുഡ്.
നേപ്പാള്‍- കുശാല്‍ ഭൂര്‍ട്ടല്‍, ആസിഫ് ഷെയ്ഖ് (വിക്കറ്റ് കീപ്പര്‍), രോഹിത് പൗഡല്‍ (ക്യാപ്റ്റന്‍), ദിപേന്ദ്ര സിംഗ് ഐറി, ആരിഫ് ഷെയ്ഖ്, ലോകേഷ് ബാം, ഗുല്‍സന്‍ ഝാ, കരണ്‍ കെസി, നന്ദന്‍ യാദവ്, സന്ദീപ് ലാമിച്ചാനെ, ഷേര്‍ മല്ല.