കൊളംബോ: രണ്ടാം ലോക കിരീടം തേടിയിറങ്ങിയ ഓസ്‌ട്രേലിയ ടി20 ലോകകപ്പില്‍ വമ്പന്‍ ജയത്തോടെ തുടങ്ങിയിരിക്കുകയാണ്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബി മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെ 67 റണ്‍സിനാണ് കംഗാരുപ്പട മുക്കിയത്. തുടര്‍ച്ചയായ രണ്ടാം പരാജയം നേരിട്ട ഐറിഷ് ടീം പുറത്താവലിന്റെ വക്കിലുമെത്തി.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 183 റണ്‍സിന്റെ വലിയലക്ഷ്യമാണ് അയര്‍ലാന്‍ഡിന് നല്‍കിയത്. പക്ഷെ റണ്‍ചേസില്‍ അവര്‍ ഒരു ഘട്ടത്തില്‍ പോലും ചിത്രത്തില്‍ ഇല്ലായിരുന്നു. തുടക്കം മുതല്‍ മുടന്തിനീങ്ങിയ ഐറിഷ് ടീം വെറും 16.5 ഓവറില്‍ 115 റണ്‍സിന് കൂടാരം കയറുകയും ചെയ്തു.

വാലറ്റത്ത് 41 റണ്‍സെടുത്ത ജോര്‍ജ് ഡോക്രെലാണ് അയര്‍ലാന്‍ഡിന്റെ പരാജയഭാരം കുറച്ചത്. 29 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ലോര്‍ക്കന്‍ ടക്കര്‍ (24), സഹോദരന്‍മാരായ റോസ് അഡയര്‍ (12), മാര്‍ക്ക് അഡയര്‍ (12), ഗരെത് ഡെലാനി (11) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍.
നാലു വിക്കറ്റുകള്‍ വീതമെടുത്ത നതാന്‍ എല്ലിസ്സും ആദം സംപയുമാണ് ഐറിഷ് ടീമിന്റെ അന്തകരായത്. 3.5 ഓവറില്‍ ഒരു മെയ്ഡനടക്കം വെറും 12 റണ്‍സ് വിട്ടുകൊടുത്താണ് നാലു പേരെ എല്ലിസ് മടക്കിയത്. കളിയിലെ താരവും അദ്ദേഹം തന്നെ.
ഓസ്ട്രലേിയന്‍ ബാറ്റിങ് നിര പ്രതീക്ഷിച്ചതു പോലെ ക്ലിക്കാവാതെ പോയ മല്‍സരത്തില്‍ രക്ഷകനായത് സീം ബൗളിങ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ്. ആറാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 45 റണ്‍സോടെ ടീമിന്റെ അമരക്കാരനായി മാറി. 29 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറും മാത്രമേ അദ്ദേഹം നേടിയുള്ളൂ.
ഓപ്പണര്‍ ജോഷ് ഇംഗിസ് (37), മാറ്റ് റെന്‍ഷോ (37), കാമറൂണ്‍ ഗ്രീന്‍ (21) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ് ഈ മല്‍സരത്തില്‍ ഓസീസിനായി ഇറങ്ങിയില്ല. പകരം ട്രാവിസ് ഹെഡായിരുന്നു ടീമിനെ നയിച്ചത്.
ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്കു ആഗ്രഹിച്ചതു പോലെയൊരു തുടക്കം ലഭിച്ചില്ല. നായകന്‍ ഹെഡ് (6) രണ്ടാം ഓവറില്‍ തന്നെ ക്രീസ് വിട്ടു. രണ്ടാം വിക്കറ്റില്‍ ഇംഗ്ലിസ്- ഗ്രീന്‍ ജോടി 23 ബോളില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഓസീ തിരിച്ചുവന്നു.
പിന്നീട് അടുത്തടുത്ത ഇടവേളകളില്‍ മൂന്ന് വിക്കറ്റ് കൈവിട്ട ഓസീസ് നാലു വിക്കറ്റിന് 88 റണ്‍സെന്ന നിലയില്‍ പതറുകയും ചെയ്തു. ഈ സമയത്താണ് ഓസീസ് ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് കണ്ടത്.
അഞ്ചാം വിക്കറ്റില്‍ സ്റ്റോയ്‌നിസ്- റെന്‍ഷോ സഖ്യം 44 ബോളില്‍ നേടിയ 61 റണ്‍സാണ് ഓസീസിനെ 180 കടത്തുന്നതില്‍ നിര്‍ണായകമായത്. ഓസീസ് ഇന്നിങ്‌സിലെ ഏക ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടും ഇതാണ്.
ഓസ്‌ട്രേലിയ- ട്രാവിസ് ഹെഡ് (ക്യാപ്റ്റന്‍)), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, മാറ്റ് റെന്‍ഷാ, കൂപ്പര്‍ കോണോളി, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, മാത്യു കുഹ്നെമാന്‍, ആദം സാംപ.
അയര്‍ലാന്‍ഡ്- പോള്‍ സ്റ്റിര്‍ലിംഗ് (ക്യാപ്റ്റന്‍), റോസ് അഡയര്‍, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), കര്‍ട്ടിസ് കാമ്പര്‍, ബെഞ്ചമിന്‍ കാലിറ്റ്‌സ്, ജോര്‍ജ് ഡോക്രെല്‍, ഗാരെത്ത് ഡെലാനി, മാര്‍ക്ക് അഡയര്‍, ബാരി മക്കാര്‍ത്തി, മാത്യു ഹംഫ്രീസ്.