ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യന്‍ ടീമിനേറ്റ വന്‍ തോല്‍വിയുടെ ആഹ്ലാദത്തിലാണ് പാകിസ്താന്‍. അവരുടെ മുന്‍ താരങ്ങള്‍ സൂര്യകുമാര്‍ യാദവിനെയും സംഘത്തെയും രൂക്ഷമായി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്. സൗത്താഫ്രിക്ക അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ നാണംകെടുത്തിയെന്നാണ് അവരുടെയെല്ലാം നിരീക്ഷണം.
ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നയാളാണ് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍. അഭിഷേക് വെറും സ്ലോഗര്‍ മാത്രമാണെന്നും ബാറ്റിങ് ടെക്‌നിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

കൂടാതെ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ പോലും കാണാതെ പുറത്താവുമെന്നും സൂപ്പര്‍ എട്ടിനു മുമ്പ് തന്നെ പ്രവചിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സൗത്താഫ്രിക്കയോടു ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ പരിഹാസവുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ മുഹമ്മദ് യൂസുഫ്.
സോഷ്യല്‍ മീഡിയയിലൂടെയാണ് മുഹമ്മദ് ആമിറിന്‍െ പേരെടുത്ത് പരാമര്‍ശിച്ചു കൊണ്ട് ഇന്ത്യന്‍ ടീമിനെ മുഹമ്മദ് യൂസുഫ് കളിയാക്കിയത്. ഇന്ത്യക്കു ആമിര്‍ ഭീഷണിയായി മാറിയിരിക്കുകയായയിരുന്നു തമാശരൂപേണ അദ്ദഹം കുറിച്ചത്. ഇപ്പോള്‍ തന്നെ കടുത്ത സമ്മര്‍ദ്ദത്തിലായിക്കഴിഞ്ഞ ഇന്ത്യ ഒന്നു ശ്വാസം വിട്ടോട്ടെയെന്നും യൂസുഫ് ട്രോളുകയും ചെയ്തു.
'ഓയെ, മുഹമ്മദ് ആമിര്‍ നീ ഭീഷണിയാണ്. നീ കളിക്കളത്തില്‍ നേരത്തേ ഇന്ത്യയെ ഉപദ്രവിച്ചു, ഇപ്പോള്‍ സ്റ്റുഡിയോയില്‍ ഇരുന്നും നീ അവരെ ശല്യപ്പെടുത്തുന്നു. അവരൊന്നു ശ്വാസം വിട്ടോട്ടെ, ഇപ്പോള്‍ തന്നെ അവര്‍ ആകെ പെട്ടിരിക്കുകയാണ്.
ഫൈനലിസ്റ്റുകളായ സൗത്താഫ്രിക്ക കഴിഞ്ഞ ടി20 ലോകകപ്പില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ തുടങ്ങിയിരിക്കുകയാണ്. വളരെ കരുത്തുറ്റ ടീമാണ്, മുന്‍നിര പതറിയെങ്കിലും ലോവര്‍ ഓര്‍ഡര്‍ മികച്ച പ്രകചനം നടത്തി. ബൗളിങിലെ അച്ചടക്കം അസാധാരണമായിരുന്നുവെന്നും എക്‌സില്‍ യൂസുഫ് കുറിച്ചു.
ഈ ലോകകപ്പില്‍ യുഎസ്എയുമായുള്ള ഗ്രൂപ്പു ഘട്ടത്തിലെ ആദ്യ മല്‍സരം മുതല്‍ ക്ലച്ച് പിടിക്കാതെ തപ്പിത്തടഞ്ഞ ഇന്ത്യന്‍ ടീമിന്റെ അനിവാര്യമായ പതനം തന്നെയായിരുന്നു സൗത്താഫ്രിക്കയ്‌ക്കെതിരേ കണ്ടത്. സൂപ്പര്‍ എട്ടില്‍ തീര്‍ച്ചയായും ഇന്ത്യയുടെ വീക്ക്‌നെസ് പുറത്തു വരുമെന്നുറപ്പായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ അതു തന്നെ സംഭവിക്കുകയും ചെയ്തു.

ബൗളിങിലും ബാറ്റിങിലും ഒരുപോലെ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെയാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കണ്ടത്. 188 റണ്‍സിന്റെ വന്‍ ലക്ഷ്യമാണ് ഇന്ത്യക്കു സൗത്താഫ്രിക്ക നല്‍കിയത്. പവര്‍പ്ലേയില്‍ തന്നെ മൂന്നു മുന്‍നിര വിക്കറ്റ് പാഴാക്കിയപ്പോള്‍ ഇന്ത്യന്‍ പരാജയമുറപ്പായിരുന്നു.
ഒടുവില്‍ 20 ഓവര്‍ പോലും ബാറ്റ് ചെയ്യാനാവാതെ ചാംപ്യന്മാര്‍ നാണംകെട്ട് പുറത്തായി. 18.5 ഓവറില്‍ വെറും 111 റണ്‍സിനു ഇന്ത്യ കൂടാരം കയറുകയായിരുന്നു. ശിവം ദുബെയുടെ (42) ഒറ്റയാള്‍ പോരാട്ടം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ തോല്‍വി കൂടുതല്‍ പരിതാപകരമായി മാറിയേനെ. മറ്റാരും ഇന്ത്യന്‍ നിരയില്‍ 20 റണ്‍സ് പോലുമെടുത്തില്ല.