രണ്ടു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് (T20 WC 2026) പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. ഇത്തവണ 20 ടീമുകളാണ് വിശ്വ ക്രിക്കറ്റ് മാമാങ്ക വേദിയില്‍ കച്ചമുറുക്കുന്നത്.
പവര്‍ഹൗസുകളായ ഇന്ത്യയും ഓസ്‌ട്രേലിയയും മുതല്‍ കുഞ്ഞന്‍മാരായ ഇറ്റലിയും നേപ്പാളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. നിലവില്‍ ആരും കാര്യമായ കിരീട സാധ്യ കല്‍പ്പിക്കാത്ത ചില ടീമുകള്‍ വമ്പന്‍ കുതിപ്പുമായി ലോകകപ്പിലെ കറുത്ത കുതിരകളാായി മാറിയേക്കും. ഇവര്‍ ആരൊക്കെയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്.

ടി20 ലോകകപ്പിലെ കറുത്ത കുതിരകളായി മാറിയേക്കുമെന്ന് എഐ പ്രവചിച്ച ഒരു ടീം ന്യൂസിലാന്‍ഡാണ്. ഇതുവരെ ലോക കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത അവരെ ആരും കിരീട ഫേവറിറ്റുകളായി ഇപ്പോള്‍ കാണുന്നില്ല. പക്ഷെ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം നടത്താന്‍ കിവികള്‍ക്കു സാധിച്ചേക്കും.
വളരെ സന്തുലിതമായ ടീമുമായിട്ടാണ് മിച്ചെല്‍ സാന്റ്‌നര്‍ക്കു കീഴില്‍ ന്യൂസിലാന്‍ഡ് ഈ ലോകകപ്പില്‍ ഇറങ്ങുക. ഫിന്‍ അലെനെയും ടിം സെയ്‌ഫേര്‍ട്ടിനെയും പോലെയുള്ള അപകടകാരികളായ ബാറ്റര്‍മാര്‍ അവരുടെ സ്‌ക്വാഡിലുണ്ട്.
ഐസിസി ടൂര്‍ണമെന്റില്‍ എല്ലായ്‌പ്പോഴും ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള ടീം കൂടിയാണ് ന്യൂസിലാന്‍ഡ്. ഉപഭൂഖണ്ഡത്തിലെ പിച്ചുകളുമായി പൊരുത്തപ്പെടാനുള്ള കഴിവാണ് അവരെ അപകടകാരികളാക്കുന്നത്. ഗ്രൂപ്പ് സിയില്‍ വലിയ അട്ടിമറികളൊന്നും വഴങ്ങിയില്ലെങ്കില്‍ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെയും പ്രതീക്ഷിക്കാം.
ശ്രീലങ്കയാണ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി എഐ പ്രവിച്ചിരിക്കുന്ന മറ്റൊരു ടീം. മുന്‍ ലോക ചാംപ്യന്‍മാരാണെങ്കിലും പഴയ പ്രതാപം നഷ്ടമായ അവര്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു വരാനുള്ള കഠിന ശ്രമത്തിലാണ്. ഈ ലോകകപ്പിലെ സംയുക്ത വേദകൡലൊന്ന് കൂടിയാണ് ലങ്ക. നാട്ടിലെ പരിചിതമായ സാഹചര്യങ്ങളില്‍ കളിക്കുന്നതിന്റെ ആനുകൂല്യം തീര്‍ച്ചയായും അവര്‍ക്കു ലഭിക്കുകയും ചെയ്‌തേക്കും.
പതും നിസങ്ക, വനിന്ദു ഹസരംഗ, ചരിത് അസലങ്ക തുടങ്ങിയ മികച്ച താരങ്ങള്‍ ലങ്കന്‍ നിരയിലുണ്ട്. അവരുടെ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഡെത്ത് ഓവര്‍ ബൗളിങാണ്. നാട്ടിലെ ആനുകൂല്യം നന്നായി മുതലാക്കിയാല്‍ സെമി ഫൈനലില്‍ വരെ ലങ്കയെ പ്രതീക്ഷിക്കാം.
ഏഷ്യന്‍ ക്രിക്കറ്റിലെ പുതിയ ശക്തികളായി അതിവേഗം വളര്‍ന്നുവരുന്ന അഫ്ഗാനിസ്താനാണ് ടി20 ലോകകപ്പിലെ കറുത്ത കുതികളായേക്കാവുന്ന മൂന്നാമത്തെ ടീം. അതിശക്തമായ സ്പിന്‍ ആക്രമണമാണ് അഫ്ഗാനെ അപകടകാരികളാക്കുക. റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവരടങ്ങുന്ന മികച്ച സ്പിന്‍ ലൈനപ്പ് അവര്‍ക്കുണ്ട്.

കഴിഞ്ഞ ടി20 ലോകകപ്പില്‍ സ്വപ്‌നതുല്യമായ കുതിപ്പ് നടത്താന്‍ അഫ്ഗാന് കഴിഞ്ഞിരുന്നു. അന്നു സെമി ഫൈനല്‍ വരെയെത്തിയാണ് അവര്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇത്തവണയും സമാനമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അവര്‍ക്കു സാധിച്ചേക്കും. സൂപ്പര്‍ എട്ടും കടന്ന് സെമി വരെയെത്താന്‍ അഫ്ഗാന് കഴിഞ്ഞേക്കുമെന്നാണ് പ്രവചനം.
രണ്ടു തവണ ടി20 ലോകകപ്പ് ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസാണ് ഇത്തവണ കറുത്ത കുതിരകളായി മാറിയേക്കാവുന്ന നാലാമത്തെ ടീം. റോവ്മന്‍ പവെല്‍ മുതല്‍ റൊമാരിയോ ഷെപ്പേര്‍ഡ് വരെ ടി20 സ്‌പെഷ്യലിസ്റ്റുകളായ ഒരുപിടി മികച്ച താരങ്ങള്‍ കരീബിയന്‍ ടീമിലുണ്ട്.
ഐപിഎല്ലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളില്‍ പയറ്റി തെളിഞ്ഞവരാണ് ഇവരില്‍ പലരും. ഇതു ലോകകപ്പിലും അവര്‍ക്ക് മുതല്‍ക്കൂടായി മാറിയേക്കും. പവര്‍ഹിറ്റര്‍മാര്‍ ക്ലിക്കാവുകയാണെങ്കില്‍ സെമി ഫൈനലില്‍ വരെ വിന്‍ഡീസ് ടീമിനെ കാണാന്‍ സാധിച്ചേക്കും.