അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ഇതിനകം രണ്ടു മല്‍സരങ്ങള്‍ കളിച്ചിട്ടും അക്കൗണ്ട് പോലും തുറന്നിട്ടില്ലാത്ത ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് ഉപദേശവുമായി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഗ്രൂപ്പ് എയിലെ നാലാമത്തെയും അവസാനനത്തെയും കളിയില്‍ ബുധനാഴ്ച നെതര്‍ലാന്‍ഡ്‌സിനെ ഇന്ത്യ നേരിടാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഉപദേശം.
ഈ ലോകകപ്പിലെ ടോപ്‌സ്‌കോററാവുമെന്ന് പ്രവചിക്കപ്പെട്ട അഭിഷേകിന് വളരെ മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അമേരിക്കയുമായുള്ള ആദ്യ കളിയില്‍ ഡെക്കുമായി തുടങ്ങിയ അദ്ദേഹത്തിന് നമീബിയക്കെതിരേ പുറത്തിരിക്കേണ്ടിയും വന്നു. ചിരവൈരികളായ പാകിസ്താനെതിരേ ടീമിലേക്കു തിരികെ വന്നെങ്കിലും ഇതിലും ഡെക്കായി മടങ്ങാനായിരുന്നു വിധി.

യുഎസ്എ, പാകിസ്താന്‍ എന്നിരുമായുള്ള മല്‍സരങ്ങളില്‍ ഷോട്ടിനു ശ്രമിച്ചാണ് അഭിഷേക് ശര്‍മ പുറത്തായത്. ആദ്യ കളിയില്‍ ബൗണ്ടറി ലൈനിന് അരികെ വച്ച് അദ്ദേഹം പിടികൂടപ്പെട്ടപ്പോള്‍ പാകിസ്താനെതിരേ മിഡ് ഓഫിലും അനായാസ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. നെതര്‍ലാന്‍ഡ്‌സുമായുള്ള അടുത്ത കളിയില്‍ തുടക്കത്തില്‍ തന്നെ സിംഗിളെടുത്തു കൊണ്ട് തുടങ്ങാനാണ് അഭിഷേകിനെ സുനില്‍ ഗവാസ്‌കര്‍ ഉപദേശിക്കുന്നത്.
എനിക്ക്് അഭിഷേക് ശര്‍മയ്ക്കു നല്‍കാനുള്ള ഉപദേശം ആദ്യം തന്നെ സിംഗിളെടുക്കണമെന്നതാണ്. അത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ. അതിനു ശേഷം നിനക്ക് സ്വന്തം ശൈലിയില്‍ തകര്‍ത്തടിക്കുകയും ചെയ്യാം. പക്ഷെ ആദ്യം തന്നെ ഒലു സിംഗിളെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിന്റെ കാല്‍ എവിടേക്കാണോ മൂവ് ചെയ്യുന്നത് അവിടേക്ക് കളിച്ച് സിംഗളിനായി ശ്രമിക്കൂയെന്നും സ്‌പോര്‍ട്‌സ്ടുഡേയുമായി സംസാരിക്കവെ ഗവാസ്‌കര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങും അഭിഷേക് ശര്‍മയ്ക്കു പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ്. വീണ്ടും പഴയ രീതിയില്‍ ബാറ്റ് ചെയ്യുന്ന അഭിഷേകിനെ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷയും പ്രകടിപ്പിച്ചു.
അഭിഷേക് ശര്‍മ കൂടി ബാറ്റിങില്‍ പഴയ ഫോമിലേക്കു തിരികെയെത്തുന്നതു കാണാനാണ് ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നത്. അവന്‍ കൂടി ഫോമിലായിക്കഴിഞ്ഞാല്‍ പിന്നെയെല്ലാം നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോവുകയും ചെയ്യും. ടീമിനു ആദ്യത്തെ ആറോവറുകളില്‍ സ്‌ഫോടനാത്മക തുടക്കം നല്‍കുകയെന്നതാണ് അഭിഷേകിന്റെ റോള്‍. ഇതു സംഭവിക്കുന്ന ദിവസം ടീം 200 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതും നമുക്കു കാണാം.
പാകിസ്താനുമായുള്ള കഴിഞ്ഞ മല്‍സരം നല്ല ഉദാഹരണമായിരുന്നു. ഈ തരത്തിലുള്ള സാഹചര്യങ്ങളില്‍ 175 റണ്‍സെന്നത് വിന്നിങ് ടോട്ടല്‍ തന്നെയാണ്. 200 റണ്‍സേ നേടുന്നതിനേക്കാള്‍ നിങ്ങള്‍ അതില്‍ ശ്രദ്ധിക്കുകയും ചെയ്തു. കൂടുതല്‍ റണ്‍സ് നേടാനുള്ള ശ്രമം ചിലപ്പോള്‍ നിങ്ങളെം കുഴപ്പത്തിലാക്കുകയും ചെയ്യുമെന്നും ഭാജി മുന്നറിയിപ്പും നല്‍കുന്നു.

അഭിഷേക് ശര്‍മയെ സംബന്ധിച്ച് ഇന്ത്യന്‍ ടീമിനോടൊപ്പം കഴിഞ്ഞ വര്‍ഷം ഏറെ മികച്ചതായരുന്നു. ഇന്ത്യ കളിച്ച പല പരമ്പരകളിലെയും ടോപ്‌സ്‌കോറര്‍ അദ്ദേഹമായിരുന്നു. കൂടാതെ യുഎഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ റണ്‍വേട്ടയില്‍ തലപ്പത്ത് ഫിനിഷ് ചെയ്തതും അഭിഷേക് തന്നെയാണ്.
ഏഴിന്നിങ്‌സുകളില്‍ നിന്നും ഇടംകൈയന്‍ ബാറ്റര്‍ വാരിക്കൂട്ടിയത് 314 റണ്‍സാണ്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ദേശീയ ടീമിനായി 2025ല്‍ 21 ടി20കളിലാണ് അദ്ദേഹം കളിച്ചത്. 193.46 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക്‌റേറ്റില്‍ 859 റണ്‍സും അടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം ടി20യില്‍ ഇന്ത്യയുടെ ടോപ്്‌സ്‌കോററും അഭിഷേകാണ്.