T20 World Cup: ഇന്ത്യക്കു ഇതു ലാസ്റ്റ് ചാന്‍സ്! സന്നാഹത്തില്‍ പരിഹരിച്ചേ തീരൂ- എന്തൊക്കെയെന്നറിയാം
ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായി ഇന്ത്യ തങ്ങളുടെ ആദ്യ സന്നാഹത്തിന് ഇറങ്ങുകയാണ്. രാത്രി 7.30ന് മുന്‍ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഒയ്ന്‍ മോര്‍ഗന്റെ ഇംഗ്ലണ്ടുമായിട്ടാണ് വിരാട് കോലിയും സംഘവും പോരടിക്കുന്നത്. യുഎഇയില്‍ തന്നെ സമാപിച്ച ഐപിഎല്ലിന്റെ 14ാം സീസണ്‍ കഴിഞ്ഞതിനു പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പ് ക്യാംപിനൊപ്പം ചേര്‍ന്നത്. അതുകൊണ്ടു തന്നെ മാച്ച് പ്രാക്ടീസെന്നത് അവരെ അലട്ടുന്ന കാര്യമല്ല. മാത്രമല്ല പിച്ചിനെക്കുറിച്ചും യുഎഇയിലെ കാലാവസ്ഥയെക്കുറിച്ചും നല്ല ധാരണയുണ്ടെന്നതും കളിക്കാര്‍ക്കു പ്ലസ് പോയിന്റാണ്. 24ന് ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം.
ഈ മല്‍സരത്തിനു മുമ്പ് ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യക്കു ലഭിച്ച അവസരം കൂടിയാണ് ഇംഗ്ലണുമായുള്ള സന്നാഹ പോരാട്ടം. പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ലാത്ത ചില കൡക്കാര്‍ക്കു സന്നാഹത്തില്‍ ഇന്ത്യ അവസരം നല്‍കാനും സാധ്യതയുണ്ട്. സന്നാഹത്തിലു മുമ്പ് ഇന്ത്യയെ അലട്ടുന്ന പ്രധാനപ്പെട്ട തലവേദനകള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി
വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുടെ ഓപ്പണിങ് സ്ഥാനത്തെക്കുറിച്ച് ചോദ്യമുയരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി ആരായിരിക്കും ഇറങ്ങുകയെന്നതില്‍ ഇപ്പോഴും ഉറപ്പില്ല. മിന്നുന്ന ഫോമിലുള്ള കെഎല്‍ രാഹുലിന് തന്നെയാണ് മുന്‍തൂക്കമെങ്കിലും ഇഷാന്‍ കിഷനും ഈ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കുന്നുണ്ട്.
സന്നാഹത്തില്‍ ഒരുപക്ഷെ രണ്ടു പേര്‍ക്കും ഇന്ത്യ അവസരം നല്‍കിയേക്കും ഇവരില്‍ ആരാണ് കൂടുതല്‍ കേമനെന്നു അളക്കുന്നതിനു വേണ്ടിയായിരിക്കും ഇത്.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു രാഹുല്‍ കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും 138.80 സ്‌ട്രൈക്ക് റേറ്റോടെ 30 സിക്‌സറുകളടക്കം 626 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. കിഷനാവട്ടെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി അവസാനത്തെ രണ്ടു കളികളില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നിരുന്നു. രണ്ടിലും ഫിഫ്റ്റി കുറിക്കാനും ഇഷാനു സാധിച്ചു.

ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ്
ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തിലാണ്. ഫിറ്റ്‌നസും ഫോമുമില്ലാതെ വലയുന്ന അദ്ദേഹത്തെ ലോകകപ്പില്‍ ഇറക്കണോയെന്നതിനെക്കുറിച്ച് ഇന്ത്യക്കു സന്നാഹത്തില്‍ ഉത്തരം ലഭിക്കും. ഇംഗ്ലണ്ടുമായുള്ള സന്നാഹത്തിനു ശേഷം ഓസ്‌ട്രേലിയയുമായും ഇന്ത്യ സന്നാഹം കളിക്കുന്നുണ്ട്. തന്റെ ഫിറ്റ്‌നസ് തെളിയിക്കാനും ഫോം വീണ്ടെടുക്കാനും ഹാര്‍ദിക്കിന് ലഭിക്കുന്ന അവസാനത്തെ അവസരം കൂടിയായിരിക്കും ഈ രണ്ടു സന്നാഹങ്ങള്‍.
ബാറ്റിങിനൊപ്പം ബൗളിങിലും ലോകകപ്പില്‍ അദ്ദേഹത്തിന്റെ സേവനം ഇന്ത്യക്കു കൂടിയേ തീരൂ. അതിനാല്‍ തന്നെ സന്നാഹത്തില്‍ ഹാര്‍ദിക് ബൗള്‍ ചെയ്യുമോയെന്നും എല്ലാവരും ഉറ്റുനോക്കുകയാണ്.

ബാറ്റിങ് പൊസിഷന്‍
ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് പൊസിഷനും ഇന്ത്യക്കു തീരുമാനിക്കേണ്ടതുണ്ട്. റിഷഭ് പന്തിനു മുകളില്‍ അഞ്ചാംസ്ഥാനത്ത് താരത്തെ ഇറക്കണമോയെന്നതാണ് ആദ്യത്തെ സംശയം. അല്ലെങ്കില്‍ റിഷഭിനു പിന്നാലെ ആറാം നമ്പറില്‍ കളിപ്പിക്കണമോയെന്നും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. ആറാമനായാണ് എത്തുന്നതെങ്കില്‍ ചിലപ്പോള്‍ 20ല്‍ താഴെ ബോളുകള്‍ മാത്രമേ ഹാര്‍ദിക്കിന് നേരിടാന്‍ അവസരം ലഭിക്കുകുയുള്ളൂ. തന്റെ ബാറ്റിങ് കരുത്ത് പുറത്തെടുക്കാന്‍ അദ്ദേഹത്തിനു കൂടുതല്‍ യോജിച്ച പൊസിഷനും ഇതാണോയെന്ന് അറിയേണ്ടതുണ്ട്.

സ്പിന്‍ ബൗളിങ്
സ്പിന്‍ ബൗളര്‍മാരുടെ കാര്യത്തിലാണ് ഇന്ത്യക്കു മറ്റൊരു ആശയക്കുഴപ്പമുള്ളത്. ഫാസ്റ്റ് ബൗളര്‍മാരേക്കാള്‍ കൂടുതല്‍ സ്പിന്നര്‍മാര്‍ ഇന്ത്യന്‍ ലോകകപ്പ് സംഘത്തിലുണ്ട്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മിസ്റ്ററി സ്്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കാണ് ലോകകപ്പ് പ്ലെയിങ് ഇലവനില്‍ പ്രഥമ പരിഗണനയുള്ളത്. മൂന്നാമതൊരു സ്പിന്നറെ കൂടി ഇറക്കുകയാണെങ്കില്‍ അതു പരിയസമ്പന്നനായ അശ്വിന്‍ വേണോ യുവതാരം രാഹുല്‍ ചാഹര്‍ വേണോയെന്നു ഇന്ത്യക്കു തീരുമാനിക്കേണ്ടതുണ്ട്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി അത്ര മികച്ച പ്രകടനമായിരുന്നില്ല ചാഹറിന്റേത്. ഇതു കാരണം പ്ലെയിങ് ഇലവനില്‍ നിന്നും താരം പുറത്താവുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ലോകകപ്പ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications