Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtaq Ali Trophy: സഞ്ജുവിനെ രക്ഷിച്ച് മുന്‍ റോയല്‍സ് താരം! കേരളം നേടി, പക്ഷെ ഒരു നിരാശ

മുംബൈ: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ കേരളം തകര്‍പ്പന്‍ ജയത്തോടെ തുടക്കം ഗംഭീരമാക്കി. വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയെങ്കിലും നായകന്റെ റോളില്‍ കസറി. ഇതിനു അദ്ദേഹത്തെ സഹായിച്ചതാവട്ടെ രാജസ്ഥാന്‍ റോയല്‍സിലെ മുന്‍ ടീമംഗവും. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ നടന്ന മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെയാണ് കേരളം 35 റണ്‍സിനു തുരത്തിയത്.

ജയത്തോടെ ടൂര്‍ണമെന്റില്‍ തുടക്കം കുറിക്കാനായത് സഞ്ജുവിനും കേരളത്തിനും ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്. പക്ഷെ ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് എത്തിയില്ലെന്നതു കേരളത്തിനെ നിരാശപ്പെടുത്തും. ഗ്രൂപ്പ് ബിയില്‍ സര്‍വീസസിനു പിന്നില്‍ രണ്ടാമതാണ് കേരളം. മറ്റൊരു കളിയില്‍ സിക്കിമിനെതിരേ നേടിയ വമ്പന്‍ ജയം സര്‍വീസസിനു മികച്ച നെറ്റ് റണ്‍റേറ്റ് സമ്മാനിക്കുകയായിരുന്നു.

SANJU SAMSON

ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയില്‍ നിന്നും ഇന്ത്യന്‍ ടീമുകളില്‍ നിന്നും തഴയപ്പെട്ട സഞ്ജുവിനു ഇതിന്റെ ക്ഷീണം തീര്‍ക്കാനും അതോടൊപ്പം വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുമുള്ള അവസരമാണ് മുഷ്താഖ് അലി ട്രോഫിയില്‍ ലഭിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ അവസരം അദ്ദേഹം പാഴാക്കിയിരിക്കുകയാണ്. കേരളത്തിനായി അഞ്ചാം നമ്പറിലാണ് സഞ്ജു ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്.

പക്ഷെ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തി അദ്ദേഹം ക്രീസ് വിടുകയായിരുന്നു. വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേ സഞ്ജുവിനുണ്ടായിരുന്നുള്ളൂ. ഒരു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ മുകുള്‍ നേഗിയുടെ ബൗളിങില്‍ ഏകാന്ത് സെന്‍ പിടികൂടുകയായിരുന്നു.

ദേശീയ ടീമിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുന്ന സഞ്ജുവിന് ഈ ഇന്നിങ്‌സ് വലിയ തിരിച്ചടിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും ബാറ്റിങിലെ നാണക്കേട് ടീമിനു ജയം നേടിക്കൊടുത്തതിലൂടെ തീര്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ക്യാപ്റ്റന്‍സിയില്‍ മിന്നുന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്ന കാര്യത്തിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം അദ്ദേഹം മികവ് പുലര്‍ത്തി.

ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. കേരള നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി നേടിയില്ല. മൂന്നാം നമ്പറില്‍ ഇറങ്ങിയ വിഷ്ണു വിനോദാണ് 44 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായത്. വാലറ്റത്ത് പുറത്താവാതെ 30 റണ്‍സെടുത്ത സച്ചിന്‍ ബേബിയും കേരളത്തിനു നിര്‍ണായക സംഭാവന നല്‍കി. സല്‍മാന്‍ നിസാര്‍ (23), മുഹമ്മദ് അസ്ഹറുദ്ദീന്‍ (20) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

SHREYAS GOPAL

മറുപടിയില്‍ സഞ്ജുവിന്റെ മികച്ച ക്യാപ്റ്റന്‍സിക്കു മുന്നില്‍ ഹിമാചല്‍ തകര്‍ന്നടിഞ്ഞു. അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ 128 റണ്‍സില്‍ ഹിമാചല്‍ കൂടാരം കയറുകയായിരുന്നു. 42 റണ്‍സെടുത്ത നിഖില്‍ ഗങ്തയൊഴികെ മറ്റാരും കേരള ബൗളിങിനു മുന്നില്‍ പിടിച്ചനിന്നില്ല. ക്യാപ്റ്റന്‍ റിഷി ധവാന്‍ 26 റണ്‍സും ഏകാന്ത് സെന്‍ 20 റണ്‍സും നേടി.

ബൗളിങില്‍ രണ്ടു പേരായിരുന്നു സഞ്ജുവിന്റെ തുറുപ്പചീട്ടുകള്‍. മീഡിയം പേസര്‍ വിനോദ് കമാറും സ്പിന്നര്‍ ശ്രേയസ് ഗോപാലുമായിരുന്നു ഇവര്‍. നാലു വിക്കറ്റുകള്‍ വീതമെടുത്ത് ഇരുവരും ഹിമാചലിന്റെ അന്തകരായി മാറുകയായിരുന്നു. ഐപിഎല്ലില്‍ നേരത്തേ സഞ്ജുവിനൊപ്പം രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് ശ്രേയസ്.

കേരളത്തിനായി ശ്രേയസിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. നേരത്തേ കര്‍ണാടകയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്ന അദ്ദേഹം ഈ സീസണില്‍ കേരളത്തിലേക്കു കൂടുമാറുകയായിരുന്നു. ഹിമാചലിനെതിരേ ആറു ബൗളര്‍മാരെയാണ് സഞ്ജു പരീക്ഷിച്ചത്. അവരെ തീര്‍ക്കാന്‍ ഇവരില്‍ രണ്ടു പേര്‍ മാത്രമേ വേണ്ടി വന്നുള്ളൂ. കെഎം ആസിഫും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Story first published: Tuesday, October 17, 2023, 6:36 [IST]
Other articles published on Oct 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+