
ദില്ലി: സയ്ദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടക്കം വന്‍ തോല്‍വിയില്‍ കലാശിച്ചു. സഞ്ജു സാംസണ്‍ നയിച്ച കേരള ടീം ഗുജറാത്തിനോടു ഒമ്പതു വിക്കറ്റിനു തകര്‍ന്നടിയുകയായിരുന്നു. നായകന്റെ കളി കെട്ടഴിച്ച സഞ്ജു (54) ഫിഫ്റ്റിയുമായി മുന്നില്‍ നിന്നു നയിച്ചെങ്കിലും മറ്റുള്ളവരില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു. ഇതാണ് കേരളത്തെ വലിയ പരാജയത്തിലേക്കു തള്ളിയിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കേരളത്തിനു നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 123 റണ്‍സെടുക്കാനേ ആയുള്ളൂ. സഞ്ജു മാത്രമേ കേരള ഇന്നിങ്‌സില്‍ പിടിച്ചുനിന്നുള്ളൂ. 43 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് അദ്ദേഹം 54 റണ്‍സെടുത്തത്. മറ്റാര്‍ക്കും 20 പോലുമത്താനായില്ല. റോബിന്‍ ഉത്തപ്പയം മുഹമ്മദ് അസ്ഹറുദ്ദീനുമായിരുന്നു കേരളത്തിനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ ഇരുവരും ചെറിയ സ്‌കോറുകള്‍ക്കു പുറത്തായതോടെ കേരളത്തിന്റെ തുടക്കം പാളി. അസ്ഹര്‍ 11 ബോളില്‍ രണ്ടി ബൗണ്ടറികളടക്കം 13ഉം ഉത്തപ്പ 12 ബോളില്‍ ഒരു ബൗണ്ടറിയോടെ ഒമ്പത് റണ്‍സുമെടുത്ത് മടങ്ങി. സച്ചിന്‍ ബേബി (19), ഷറഫുദ്ദീന്‍ (3), വിഷ്ണു വിനോദ് (12), റോജിത്ത് ഗണേശ് (9*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഗുജറാത്തിനായി റൂഷ് കലാറിയ രണ്ടു വിക്കറ്റുകളെടുത്തു.
124 റണ്‍സെന്ന വിജയലക്ഷ്യം പ്രിയങ്ക് പഞ്ചാല്‍ നയിച്ച ഗുജറാത്തിന് ഒരു ഘട്ടത്തിലും ഭീഷണിയായില്ല. വെറും 15.3 ഓവറില്‍ത്തന്നെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഗുജറാത്ത് വിജയത്തിലേക്കു കുതിച്ചെത്തി. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച പ്രിയങ്കായിരുന്നു ഗുജറാത്തിന്റെ വിജയച്ചിനു ചുക്കാന്‍ പിടിച്ചത്. വെറും 46 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 66 റണ്‍സെടുത്ത് അദ്ദേഹം പുറത്തായി. എസ്ഡി ചൗഹാന്‍ (50*), ഉര്‍വില്‍ പട്ടേല്‍ (6*) എന്നിവര്‍ ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. 40 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ചൗഹാന്‍ 50 റണ്‍സ് നേടിയത്.
കേരളത്തിനു ലഭിച്ച ഏക വിക്കറ്റ് വീഴ്ത്തിയത് ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫായിരുന്നു. ബേസില്‍ തമ്പി, ഷറഫുദ്ദീന്‍, സിജോമോന്‍ ജോസഫ്, ജലജ് സക്‌സേന, സച്ചിന്‍ ബേബി എന്നിവരായിരുന്നു കേരളത്തിനു വേണ്ടി പന്തെറിഞ്ഞ മറ്റുള്ളവര്‍. പക്ഷെ ആര്‍ക്കും വിക്കറ്റ് ലഭിച്ചില്ല.
അതേസമയം, ടൂര്‍ണമെന്റിലെ മറ്റ് ആദ്യറൗണ്ട് മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ തമിഴ്‌നാട്, ബംഗാള്‍, ഡല്‍ഹി, കര്‍ണാക, പഞ്ചാബ് എന്നിവര്‍ ആദ്യ റൗണ്ടില്‍ വിജയത്തോടെ മുന്നേറി. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിന് അവകാശിയായ റുതുരാജ് ഗെയ്ക്വാദ് നയിച്ച മഹാരാഷ്ട്രയെയാണ് തമിഴ്‌നാട് 12 റണ്‍സിനു തോല്‍പ്പിച്ചത്. സിഎസ്‌കെ ജഴ്‌സിയിലെ ഫോം തുടര്‍ന്ന റുതുരാജ് ഈ കളിയില്‍ 30 ബോളില്‍ 51 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. തമിഴ്‌നാട് ടീമിനെ നയിക്കുന്നത് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ്. ഷാരൂഖ് ഖാന്‍, ടി നടരാജന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ തമിഴ്‌നാട് നിരയിലുണ്ടെങ്കില്‍ കേദാര്‍ ജാദവാണ് മഹാരാഷ്ട്ര ടീമിലെ ശ്രദ്ധേയനായ താരം.
അജിങ്ക്യ രഹാനെ നയിച്ച മുംബൈ ടീമിനെയാണ് മനീഷ് പാണ്ഡെ ക്യാപ്റ്റനായ കര്‍ണാടക ഒമ്പത് റണ്‍സിനു മറികടന്നത്. മായങ്ക് അഗര്‍വാള്‍ (0), ദേവ്ദത്ത് പടിക്കല്‍ (5) എന്നിവര്‍ ഫ്‌ളോപ്പായിട്ടും പാണ്ഡെ (84), കരുണ്‍ നായര്‍ (72) എന്നിവരുടെ ഫിഫ്റ്റികള്‍ കര്‍ണാടകയെ നാലിന് 166ലെത്തിച്ചു. മറുപടിയില്‍ ആറു വിക്കറ്റിന് 157 റണ്‍സെടുക്കാനേ മുംബൈയ്ക്കായുള്ളൂ. രഹാനെ 75 റണ്‍സോടെ പൊരുതിയെങ്കിലും മറ്റാരില്‍ നിന്നും പിന്തുണ കിട്ടിയില്ല. പൃഥ്വി ഷാ (4), യശസ്വി ജയ്‌സ്വാള്‍ (13), ശിവം ദുബെ (3) എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയായിരുന്നു മുംബൈയുടേത്.