For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുഷ്താഖ് അലി: 26 ബോളില്‍ 65*, വിഷ്ണുവിന്റെ വെടിക്കെട്ടും രക്ഷിച്ചില്ല- കേരളം ക്വാര്‍ട്ടറില്‍ വീണു

തമിഴ്‌നാടാണ് കേരളത്തെ തോല്‍പ്പിച്ചത്

1
റണ്‍മഴ കണ്ട ത്രില്ലറില്‍ പൊരുതിത്തോറ്റ് കേരളം | Oneindia Malayalam

ഡല്‍ഹി: സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീട പ്രതീക്ഷയുമായി മുന്നേറിയ സഞ്ജു സാംസണിന്റെ കേരളത്തിനു ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിതെറ്റി. റണ്‍മഴ കണ്ട ത്രില്ലറില്‍ നിലവിലെ ചാംപ്യന്‍മാരായ തമിഴ്‌നാടാണ് കേരളത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തത്. ഉജ്ജ്വല റണ്‍ചേസിനൊടുപവില്‍ അഞ്ചു വിക്കറ്റിനാണ് മുന്‍ ഇന്ത്യന്‍ താരം വിജയ് ശങ്കര്‍ നയിച്ച തമിഴ്‌നാട് കേരളത്തെ തുരത്തിയത്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട കേരളത്തിനു നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റിനു 181 റണ്‍സെന്ന വിജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞിരുന്നു. വിഷ്ണു വിനോദ് (65*), ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (51) എന്നിവരുടെ ഫിഫ്റ്റികളായിരുന്നു കേരളത്തെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. നായതകന്‍ സഞ്ജു ഡെക്കായി മടങ്ങിയപ്പോള്‍ സച്ചിന്‍ ബേബി 33 റണ്‍സും മുഹമ്മദ് അസ്ഹറുദ്ദീന്‍ 15 റണ്‍സുമെടുത്തു പുറത്തായി.

കേരളം 181ലെത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കാരണം 19ാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ സച്ചിന്‍ ബേബി പുറത്താവുമ്പോള്‍ കേരളം നാലു വിക്കറ്റിന് 149 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ ശേഷിച്ച എട്ടു ബോളില്‍ 32 റണ്‍സ് കേരളം വാരിക്കൂട്ടി. വിഷ്ണുവിന്റെ വെടിക്കെട്ടായിരുന്നു കേരളത്തിനു കരുത്തായത്. വെറും 26 ബോളിലായിരുന്നു ഏഴു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം 65 റണ്‍സ് താരം സ്‌കോര്‍ ചെയ്തത്. രോഹന്‍ 43 ബോളില്‍ അഞ്ചു ബൗണ്ടറികളടിച്ചു.

2

മറുപടി ബാറ്റിങില്‍ തമിഴ്‌നാടും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണെങ്കിലും റണ്‍ചേസില്‍ അവര്‍ പിറകിലേക്കു പോയില്ല. ബാറ്റ് ചെയ്യാനെത്തിയവരെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു തമിഴ്‌നാട് ലക്ഷ്യത്തിലെത്തുകയും ചെയ്തു. മൂന്നാം നമ്പറില്‍ ഇറങ്ങിയ സായ് സുദര്‍ശനാണ് (46) തമിഴ്‌നാടിന്റെ ടോപ്‌സ്‌കോറര്‍. 31 ബോളില്‍ താരം ഏഴു ബൗണ്ടറികളടിച്ചു. നായകന്‍ വിജയ് (33), ഹരി നിശാന്ത് (32), സഞ്ജയ് യാദവ് (32) എന്നിവരുടെ ഇന്നിങ്‌സുകളും തമിവ്‌നാടിന്റെ വിജയത്തില്‍ നിര്‍ണായകമായി. എന്‍ ജഗദീശന്‍ (7) മാത്രമാണ് ഫ്‌ളോപ്പായത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലൂടെ ശ്രദ്ധേയനായ ഷാരൂഖ് ഖാനും (19*) എം മുഹമ്മദും (6*) ചേര്‍ന്നാണ് തമിഴ്‌നാടിന്റെ വിജയം പൂര്‍ത്തിയാക്കിയത്.

വിജയ് ശങ്കര്‍ 26 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചപ്പോള്‍ നിശാന്ത് 22 ബോളില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സറും പായിച്ചു. സഞ്ജയ് യാദവ് 22 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും നേടി. ഷാരൂഖ് ഒമ്പത് ബോളില്‍ രണ്ടു സിക്‌സറടക്കമായിരുന്നു പുറത്താവാതെ 19 റണ്‍സ് നേടിയത്. കേരളത്തിനു വേണ്ടി യു മനുകൃഷ്ണന്‍ മൂന്നു വിക്കറ്റുകളെടുത്തെങ്കിലും ടീമിനെ വിജയത്തിലേക്കു നയിക്കാനായില്ല. കെഎം ആസിഫിനും സുദേശന്‍ മിഥുനും ഓരോ വിക്കറ്റ് വീതം നേടി. സുരേഷ് വിശ്വേശ്വറും ആസിഫുമായിരുന്നു കേരള ബൗള് നിരയില്‍ നന്നായി തല്ലു വാങ്ങിയത്. സുരേഷ് മൂന്നോവറില്‍ 39 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ആസിഫ് 3.3 ഓവറില്‍ 38 റണ്‍സും വഴങ്ങി.

നേരത്തേ ഗ്രൂപ്പ് ഡിയില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു കേരളം പ്രീക്വാര്‍ട്ടറിലേക്കു മുന്നേറിയത്. അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച കേരളം രണ്ടെണ്ണത്തില്‍ തോല്‍ക്കുകയായിരുന്നു. 12 പോയ്ിന്റാണ് ടീമിനു ലഭിച്ചത്. പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശായിരുന്നു കേരളത്തിന്റെ എതിരാളികള്‍. എട്ടു വിക്കറ്റിനു ഹിമാചലിനെ കേരളം തകര്‍ത്തുവിടുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ (60), നായകന്‍ സഞ്ജു (52*) എന്നിവരുടെ ഫിഫ്റ്റികളായിരുന്നു കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്.

Story first published: Thursday, November 18, 2021, 12:42 [IST]
Other articles published on Nov 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+