ഇന്‍ഡോര്‍: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡക്കായി ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് വെടിക്കെട്ട്. ത്രിപുരക്കെതിരേ ബറോഡക്കായി ഹാര്‍ദിക് മിന്നിച്ചത്. ഒരോവറില്‍ 28 റണ്‍സടക്കം നേടിയാണ് മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദിക് കസറിയത്. ആദ്യം ബാറ്റ് ചെയ്ത ത്രിപുര 9 വിക്കറ്റിന് 109 റണ്‍സില്‍ ഒതുങ്ങി. മറുപടിക്കിറങ്ങിയ ബറോഡ 11.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ബറോഡക്ക് കരുത്തായത്.
23 പന്തില്‍ മൂന്ന് ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് ഹാര്‍ദിക് കത്തിക്കയറിയത്. നാലാം നമ്പറിലിറങ്ങിയാണ് ഹാര്‍ദിക്കിന്റെ കിടിലന്‍ ബാറ്റിങ്. 10ാം ഓവറിലാണ് ഹാര്‍ദിക്കിന്റെ വെടിക്കെട്ട് ബാറ്റിങ് കണ്ടത്. ത്രിപുര സ്പിന്നര്‍ പര്‍വേസ് സുല്‍ത്താനെ ഹാര്‍ദിക് തല്ലിത്തളര്‍ത്തുകയായിരുന്നു. ഹാര്‍ദിക്കിന്റെ അതിവേഗ ബാറ്റിങ് പ്രകടനമാണ് ബറോഡക്ക് അനായാസ ജയം നേടിക്കൊടുത്തതെന്ന് പറയാം. ഐപിഎല്‍ വരാനിരിക്കെ ഹാര്‍ദിക്കിന്റെ പ്രകടനം മുംബൈക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.
ഒറ്റ ഓവറില്‍ 28 റണ്‍സ്
പര്‍വേസ് സുല്‍ത്താനെറിഞ്ഞ 10ാം ഓവര്‍ ഹാര്‍ദിക് നന്നായി മുതലാക്കുകയായിരുന്നു. ആദ്യ പന്ത് ഹാര്‍ദിക് സിക്‌സര്‍ പറത്തിയപ്പോള്‍ രണ്ടാം പന്ത് ഡോട്ടായി. ഇതിന് ശേഷം നേരിട്ട രണ്ട് പന്തുകള്‍ ഹാര്‍ദിക് ബഹുദൂര സിക്‌സറുകള്‍ പറത്തി. അഞ്ചാം പന്ത് ബൗണ്ടറി പായിച്ച ഹാര്‍ദിക് ആറാം പന്ത് സിക്‌സര്‍ പറത്തി. ഇതോടെ 28 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ഹാര്‍ദിക് ആകെ പറത്തിയ അഞ്ച് സിക്‌സറില്‍ നാലും ഒരോവറിലായിരുന്നു. മനിസങ്കര്‍ മുരസിങ്ങാണ് ഹാര്‍ദിക്കിനെ പുറത്താക്കിയത്.
കഴിഞ്ഞ മത്സരത്തിലും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഹാര്‍ദിക് കാഴ്ചവെച്ചത്. ഹാര്‍ദിക്കിന്റെ ബാറ്റിങ് വെടിക്കെട്ട് ബറോഡയുടെ വിജയക്കുതിപ്പില്‍ നിര്‍ണ്ണാക പങ്കുവഹിക്കുന്നുണ്ട്. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് ത്രിപുരക്കെതിരേ പന്തെറിഞ്ഞില്ലെങ്കിലും ബാറ്റുകൊണ്ട് കസറുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 വരുന്നതിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം നിലനിര്‍ത്താനുള്ള ഹാര്‍ദിക്കിന്റെ തീരുമാനം ഇന്ത്യക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കസറുന്നു
ആദ്യത്തെ നാല് മത്സരം കഴിയുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണുള്ളത്. 231 റണ്‍സാണ് നാല് മത്സരത്തില്‍ നിന്ന് ഹാര്‍ദിക് നേടിയെടുത്തത്. 115.5 ശരാശരിയിലാണ് ഹാര്‍ദിക്കിന്റെ പ്രകടനം. സ്‌ട്രൈക്ക് റേറ്റിലും ഹാര്‍ദിക് ഞെട്ടിക്കുകയാണ്. 211.93 സ്‌ട്രൈക്ക് റേറ്റിലാണ് ഹാര്‍ദിക് കസറുന്നത്. എടുത്തു പറയേണ്ടത് ബൗണ്ടറിയെക്കാള്‍ കൂടുതല്‍ സിക്‌സറാണ് താരം നേടിയതെന്നതാണ്. 15 ബൗണ്ടറി പായിച്ചപ്പോള്‍ 20 സിക്‌സുകളാണ് ഹാര്‍ദിക് നേടിയത്.
ഇന്ത്യയുടെ ടി20 നായകസ്ഥാനം പോയെങ്കിലും മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഹാര്‍ദിക് പാണ്ഡ്യക്കാണുള്ളത്. അവസാന സീസണില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിലിറങ്ങിയ മുംബൈ നാണംകെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഹാര്‍ദിക്കിന് കീഴില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ മുംബൈ ഇന്ത്യന്‍സിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
തിലകും ശ്രേയസും മിന്നിക്കുന്നു
തിലക് വര്‍മയും ശ്രേയസ് അയ്യരുമാണ് നിലവില്‍ കൂടുതല്‍ മിന്നിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നിലവില്‍ റണ്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത് തിലകാണ്. ഇന്ത്യക്കായി രണ്ട് തുടര്‍ സെഞ്ച്വറിയടക്കം നേടിയ താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നാല് മത്സരത്തില്‍ നിന്ന് 272 റണ്‍സാണ് അടിച്ചെടുത്തത്. 90.67 ശരാശരിയിലാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മിന്നിക്കുന്നത്.
ശ്രേയസ് അയ്യര്‍ മൂന്ന് മത്സരത്തില്‍ നിന്ന് 116 ശരാശരിയില്‍ 233 റണ്‍സാണ് നേടിയത്. ഐപിഎല്ലില്‍ 26.75 കോടി എന്ന റെക്കോഡ് തുകയ്ക്ക് പഞ്ചാബ് കിങ്‌സിലെത്തിയ ശ്രേയസ് ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി കസറുകയാണ്.