
ഡല്‍ഹി: സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കേരളത്തിന്റെ സ്വപ്‌നതുല്യമായ കുതിപ്പ് തുടരുകയാണ്. ഹിമാചല്‍ പ്രദേശിനെയും വീഴ്ത്തി കേരളം ക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തു. ഇന്നു നടന്ന പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ എട്ടു വിക്കറ്റിനായിരുന്നു കേരളം കെട്ടുകെട്ടിച്ചത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ തമിഴ്‌നാടാണ് ഇനി കേരളത്തിന്റെ എതിരാളികള്‍.
ടോസ് ലഭിച്ച സഞ്ജു ഹിമാചലിനെ ബാറ്റിങിന് അയക്കുകയായിരുന്നു. മികച്ച ബൗളിങിലൂടെ റിഷി ധവാന്‍ നയിച്ച ഹിമാചലിനെ കേരളം പിടിച്ചുകെട്ടി. നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് ഹിമാചല്‍ നേടിയത്. ഓപ്പണര്‍ രാഘവ് ധവാന്‍ (65), പ്രശാന്ത് ചോപ്ര (36) എന്നിവരൊഴികെ മറ്റാര്‍ക്കും കേരള ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 52 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ധവാന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. കേരളത്തിനായി എസ് മിഥുന്‍ രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ യു മനുകൃഷ്ണന്‍, ബേസില്‍ തമ്പി, ജലജ് സക്‌സേന, അഖില്‍ സജീവന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
146 റണ്‍സെന്ന വിജയലക്ഷ്യം മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം മറികടന്നു. ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെയും (60) നായകന്‍ സഞ്ജുവിന്റെയും (52*) തകര്‍പ്പന്‍ ഫിഫ്റ്റികള്‍ കേരളത്തിന്റെ വിജയം എളുപ്പമാക്കുകയായിരുന്നു. 57 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു അസ്ഹര്‍ 60 റണ്‍സെടുത്തതെങ്കില്‍ 39 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. അസ്ഹറിനെക്കൂടാതെ ഓപ്പണിങ് പങ്കാളിയായ രോഹന്‍ കുന്നുമ്മലിന്റെ (22) വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്. സഞ്ജുവും സച്ചിന്‍ ബേബിയും (10*) ചേര്‍ന്ന് ടീമിന്റെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയ സഞ്ജു മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനൊപ്പവും ഇതാവര്‍ത്തിക്കുകയാണ്. നിലവില്‍ കേരളത്തിനായി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് അദ്ദേഹമാണ്. ആറു കളികളില്‍ നിന്നും 113.50 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 227 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റികളടക്കമാണിത്. പുറത്താവാതെ നേടിയ 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 143.67 എന്ന സ്‌ട്രൈക്ക് റേറ്റും കേരള ക്യാപ്റ്റനുണ്ട്. 54* (43 ബോള്‍), 45* (20), 6(7), 14 (16), 51* (27), 52* (39) എ്ന്നിങ്ങനെയാണ് ടൂര്‍ണമെന്റിലെ ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ സഞ്ജുവിന്റെ ഇന്നിങ്‌സുകള്‍.
കര്‍ണാടകയും വിദര്‍ഭയും ക്വാര്‍ട്ടറില്‍
ഇന്നു നടന്ന മറ്റു പ്രീക്വാര്‍ട്ടറുകളില്‍ കര്‍ണാടക, വിദര്‍ഭ എന്നിവരും വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മഹാരാഷ്ട്രയെ ഏഴു വിക്കറ്റിനായിരുന്നു വിദര്‍ഭ കെട്ടുകെട്ടിച്ചത്. കര്‍ണാടക രണ്ടു വിക്കറ്റിനു സൗരാഷ്ട്രയെയും തോല്‍പ്പിക്കുകയായിരുന്നു. കര്‍ണായടയ്‌ക്കെതിരേ ജയദേവ് ഉനാട്കട്ട് നയിച്ച സൗരാഷ്ട്ര 20 ഓവറില്‍ ഏഴു വിക്കറ്റിനു 145 റണ്‍സാണ് നേടിയത്. നാലാം നമ്പറില്‍ ഷെല്‍ഡണ്‍ ജാക്‌സണ്‍ (50) നേടിയ ഫിഫ്റ്റിയാണ് സൗരാഷ്ട്രയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 43 ബോളില്‍ താരം മൂന്നു വീതം ബൗണ്ടറികളു സിക്‌സറുമടിച്ചു.
മറുപടിയില്‍ കര്‍ണാടകയുടെ മുന്‍നിര തകര്‍ന്നെങ്കിലും അഭിനവ് മനോഹറിന്റെ (70*) അപരാജിത ഫിഫ്റ്റി കര്‍ണാടകയെ രക്ഷിക്കുകയായിരുന്നു. ഒരു ബോള്‍ ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനാണ് കര്‍ണാടക വിജയം കുറിച്ചത്. ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയും (4) മറുനാടന്‍ മലയാളി താരം കരുണ്‍ നായരുമെല്ലാം (5) ബാറ്റിങില്‍ നിരാശപ്പെടുത്തി.