മുംബൈ: കോവിഡിന്റെ ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിന് ഇന്ന് ഉച്ചക്ക് 12മണിക്കാണ് ആരംഭം കുറിക്കുന്നത്. വൈകീട്ട് 7 മണിക്കും മത്സരം നടക്കുന്നുണ്ട്. ഒമ്പത് ടീമുകള്‍ ഇന്ന് മത്സരത്തിക്കാനിറങ്ങും. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഇറങ്ങുന്നുണ്ട്. കര്‍ണാടക, ജമ്മു കാശ്മീര്‍, ബറോഡ, ഗുജറാത്ത്, തമിഴ്‌നാട്, പഞ്ചാബ്, ഹൈദരാബാദ് ടീമുകളെല്ലാം തന്നെ ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്.
ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ടൂര്‍ണമെന്റാണ് ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ്. കാരണം ഇത്തവണത്തെ ഐപിഎല്‍ താരലേലം ഫെബ്രുവരി 11ന് നടക്കുമെന്നാണ് വിവരം. അതിനാല്‍ത്തന്നെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയാല്‍ യുവതാരങ്ങള്‍ക്ക് ഐപിഎല്ലിലേക്കെത്താന്‍ സാധിക്കും. കൂടാതെ ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുന്നുണ്ട്. അതിനാല്‍ യുവതാരങ്ങള്‍ക്ക് മികച്ച അവസരമാണിത്.

ഐപിഎല്ലിന് മുന്നോടിയായി വേദികളുടെ മുന്നൊരുക്കം കൂടിയെന്ന നിലയ്ക്കാണ് ആദ്യം ടി20 ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. സാധാരണ രഞ്ജി ട്രോഫിയാണ് ആദ്യം നടക്കാറുള്ളതെങ്കിലും ഇത്തവണ കോവിഡ് കഴിഞ്ഞ സാഹചര്യം വിലയിരുത്തി ആദ്യം ടി20 ഫോര്‍മാറ്റ് മത്സരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈ, കൊല്‍ക്കത്ത, വഡോര, തമിഴ്‌നാട് എന്നിവടെയെല്ലാം മത്സരത്തിന് വേദിയാകുന്നുണ്ട്. കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനാല്‍ കര്‍ശന സുരക്ഷ ഒരുക്കിയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
കേരളത്തിന്റെ ആദ്യ മത്സരം നാളെ പുതുച്ചേരിക്കെതിരെയാണ്. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മരണ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് ഇയിലാണ് കേരളം ഉള്ളത്. ഡല്‍ഹി, മുംബൈ, ആന്ധ്രാ പ്രദേശ് തുടങ്ങിയ ശക്തരായ ടീമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പിലുള്ളത്. ഇത്തവണ ശക്തമായ നിര തന്നെ കേരളത്തിനൊപ്പമുണ്ട്.
എസ് ശ്രീശാന്ത് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നുവെന്നതാണ് കേരളത്തിന്റെ ഇത്തവണത്തെ മത്സരങ്ങളുടെ പ്രധാന്യം ഉയര്‍ത്തുന്നത്. ഒത്തുകളി കേസില്‍ അകപ്പെട്ട് ശിക്ഷ നേരിടേണ്ടി വന്ന ശ്രീശാന്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കളിക്കാനിറങ്ങുന്നത്. സഞ്ജു സാംസണാണ് കേരളത്തെ ഇത്തവണ നയിക്കുന്നത്. റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സച്ചിന്‍ ബേസി, ബേസില്‍ തമ്പി തുടങ്ങിയവരാണ് കേരള നിരയിലെ മറ്റ് പ്രമുഖര്‍. ഐപിഎല്ലിലടക്കം കളിച്ച് പരിചയസമ്പത്തുള്ള നിരയായതിനാല്‍ ഇത്തവണ കേരളത്തിന് പ്രതീക്ഷകളേറെ.