ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഇനിയുള്ള കുറച്ചു മാസങ്ങള്‍ ആഘോഷിക്കാനുള്ളതാണ്. കാരണം ഏഷ്യാ കപ്പും ഐസിസിയുടെ ഏകദിന ലോകകപ്പുമെല്ലാമാണ് അവരെ ത്രില്ലടിപ്പിക്കാന്‍ എത്തിയിരിക്കുന്നത്. ഏഷ്യാ കപ്പിനു പാകിസ്താനിലും ശ്രീലങ്കയിലുമായി തുടക്കമായിക്കഴിഞ്ഞു. ലോകകപ്പ് ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കാനിരിക്കുകയും ചെയ്യുന്നു. ഏഷ്യാ കപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ നേപ്പാളിനെതിരേ വമ്പന്‍ ജയമായിരുന്നു പാകിസ്താന്‍ കൊയ്തത്.
ആദ്യമായി ഈ ടൂര്‍ണമെന്റില്‍ കളിക്കാനെത്തിയ നേപ്പാളിനെ അവര്‍ 238 റണ്‍സിനു വാരിക്കളയുകയായിരുന്നു. ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം 151 റണ്‍സുമായി കളിയില്‍ കസറുകയും ചെയ്തു. റാങ്കിങില്‍ തങ്ങളേക്കാള്‍ ഏറെ താഴെയുള്ള ടീമുകള്‍ക്കെതിരേ അസാധാരണ റെക്കോര്‍ഡുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് ബാബര്‍. കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ കിടിലന്‍ റെക്കോര്‍ഡുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഇന്ത്യയുടെ സ്വന്തം 360 ബാറ്ററും ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ താരവുമായ സൂര്യകുമാര്‍ യാദവാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരാള്‍. പലപ്പോഴും റാങ്കിങില്‍ ഏറെ പിറകിലുള്ള ടീമുകള്‍ക്കെതിരേ സ്‌കൈ തന്റെ 'കൈത്തരിപ്പ്' തീര്‍ത്തിട്ടുള്ളതായി നമുക്കു കാണാന്‍ സാധിക്കും.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ ദുര്‍ബലരായ ഹോങ്കോങിനെ സൂര്യ പഞ്ഞിക്കിട്ടത് പലരും മറന്നുകാണില്ല. കിടിലന്‍ ഫിഫ്റ്റിയായിരുന്നു അന്നു അദ്ദേഹം കുറിച്ചത്. അതിനു ശേഷം കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സ്, സിംബാബ്‌വെ എന്നീ കുഞ്ഞന്‍ ടീമുകള്‍ക്കെതിരേയും സ്‌കൈ അഴിഞ്ഞാടി.
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററും സൂപ്പര്‍ താരവുമായ കെഎല്‍ രാഹുലും ചെറിയ ടീമുകളെ കിട്ടിയാല്‍ വെറുതെ വിടാറില്ല. റാങ്കിങില്‍ ഏറെ പിറകിലുള്ള ടീമുകള്‍ക്കെതിരേ വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. 2021ല്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ നമീബിയ, അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നിവര്‍ക്കെതിരേ തകര്‍പ്പന്‍ ബാറ്റിങായിരുന്നു രാഹുല്‍ കാഴ്ചവച്ചത്.
നിലവിലെ പാകിസ്താന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസവും ചെറുടീമുകളുടെ അന്തകനാണ്. ഇത് ഒരിക്കല്‍ക്കൂടി ശരിവയ്ക്കുന്നതായിരുന്നു ഏഷ്യാ കപ്പിലെ കന്നിയങ്കത്തില്‍ നേപ്പാളിനെതിരായ അദ്ദേഹത്തിന്റെ പ്രകടനം. 151 റണ്‍സ് വാരിക്കൂട്ടിയ ബാബര്‍ പല ബാറ്റിങ് റെക്കോര്‍ഡുകളും ഇതോടെ തകര്‍ക്കുകയും ചെയ്തിരുന്നു.
റാങ്കിങില്‍ പിറകിലുള്ള സിംബാബ്‌വെയാണ് ബാബറിന്റെ പ്രധാന 'വേട്ടമൃഗം'. ഇതിന്റെ പേരില്‍ അദ്ദേഹം ഒരുപാട് പരിഹാസങ്ങളും ഏറ്റുവാങ്ങാറുണ്ട്. അവര്‍ക്കെതിരേ 114.75 എന്ന ഞെട്ടിക്കുന്ന ബാറ്റിങ് ശരാശരിയാണ് പാക് നായകന്റേത്.

ഓസ്‌ട്രേലിയയുടെ മുന്‍ ടെസ്റ്റ് നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ടിം പെയ്‌നാണ് ചെറുടീമുകള്‍ക്കെതിരേ തിളങ്ങാറുള്ള നാലാമത്തെ താരം. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പലപ്പോഴും മുന്‍നിര ടീമുകള്‍ക്കെതിരേ അദ്ദേഹം പതറിയിട്ടുണ്ട്. പക്ഷെ റാങ്കിങില്‍ പിന്നിലുള്ള ടീമുകളെ കിട്ടിയാല്‍ പെയ്ന്‍ കത്തിക്കയറുകയും ചെയ്യും. ഐസിസി റാങ്കിങില്‍ എട്ടില്‍ താഴെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കെതിരേ അദ്ദേഹത്തിനു 110 എന്ന തകര്‍പ്പന്‍ ശരാശരിയുണ്ടായിരുന്നു.
ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരുമായ റോസ് ടെയ്‌ലര്‍ക്കും റാങ്കിങില്‍ പിറകിലുള്ള ടീമുകള്‍ക്കെതിരേ മികച്ച റെക്കോര്‍ഡാണുള്ളത്. കരിയറില്‍ 20 ഇന്നിങ്‌സുകളിലാണ് ന്യൂസിലാന്‍ഡ് ജഴ്‌സിയില്‍ റാങ്കിങില്‍ പിറകിലുള്ള ടീമുകള്‍ക്കെതിരേ അദ്ദേഹം കളിച്ചിട്ടുള്ളത്.
ഇവയില്‍ 100നടുത്ത് ബാറ്റിങ് ശരാശരിയും ടെയ്‌ലര്‍ക്കുണ്ടായിരുന്നുവെന്നതാണ് രസകരമായ കാര്യം. ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ നിരയില്‍ പെടുത്താവുന്ന താരം കൂടിയാണ് അദ്ദേഹം.