മുംബൈ: ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു. രണ്ടു പുതുമുഖങ്ങള്‍ക്കു ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേയുള്ള നാലാം ടി20യില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ യാദവിന് ആദ്യമായി ഏകദിന ടീമിലേക്കും വിളിവന്നു. എന്നാല്‍ സൂര്യക്കൊപ്പം തന്നെ ടി20യില്‍ അരങ്ങേറിയ ഇഷാന്‍ കിഷന്‍ ഏകദിന ടീമിലില്ല.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മികച്ച ബൗളിങ് കാഴ്ചവച്ചിട്ടുള്ള പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് മറ്റൊരു പുതുമുഖം. ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഏകദിനത്തിലും ഇന്ത്യ പരിഗണിച്ചില്ല. സൂര്യകുമാര്‍, പ്രസിദ്ധ് എന്നിവര്‍ക്കു മാത്രമല്ല ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കും ഏകദിന ടീമില്‍ ഇതു ആദ്യ ഊഴമാണ്. ടി20യില്‍ നേരത്തേ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ഏകദിനത്തില്‍ ക്രുനാലിന് ആദ്യമായാണ് നറുക്കുവീഴുന്നത്. സ്പിന്നര്‍ കുല്‍ദീപ് യാദവ് ഒരിടവേളയ്ക്കു ശേഷം ഏകദിനത്തില്‍ തിരിച്ചെത്തിയെന്നതും മറ്റൊരു പ്രത്യേകതയാണ്.
പരിക്കു കാരണം ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്കു ഏകദിനത്തിലും ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. അടുത്തിടെ വിവാഹിതനായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും ഇന്ത്യ ബ്രേക്ക് നല്‍കി.

കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി 800ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടി റെക്കോര്‍ഡിട്ട യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഏകദിന ടീമിലേക്കു തിരികെ വിളിച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കു വേണ്ടി റണ്‍സ് വാരിക്കൂട്ടിയ ദേവ്ദത്ത് പടിക്കലിനും ഏകദിന ടീമില്‍ ഇടം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹവും പരിഗണിക്കപ്പെട്ടില്ല.
മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. ഈ മാസം 23നാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും ഏകദിനങ്ങള്‍ 26, 28 തിയ്യതികളില്‍ നടക്കും. എല്ലാ മല്‍സരങ്ങളും പൂനെയിലാണ്.
ഇന്ത്യന്‍ ഏകദിന ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ഠാക്കൂര്‍.