അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം വിവിധ ടീമുകള്‍ക്കൊപ്പം ടി20 ക്രിക്കറ്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള കളിക്കാരെ ഉള്‍പ്പെടുത്തി ടി20 ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. മികച്ച 11 കളിക്കാരില്‍ ഇന്ത്യന്‍ ആധിപത്യമാണ് കാണാന്‍ സാധിക്കുക. 11 പേരില്‍ നാലും ഇന്ത്യന്‍ താരങ്ങളാണ്. രണ്ടിലേറെ കളിക്കാര്‍ മറ്റൊരു രാജ്യത്തു നിന്നും ഇലവനില്‍ ഇടം പിടിച്ചിട്ടില്ല.
സിംബാബ്‌വെയുടെ രണ്ടു പേര്‍ ഇലവന്റെ ഭാഗമായപ്പോള്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ്, ഉഗാണ്ട, അയര്‍ലാന്‍ഡ് എന്നിവരുടെ ഓരോ കളിക്കാര്‍ വീതവും ഇലവനില്‍ ഇടം നേടി. ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്ററും ഇന്ത്യന്‍ സൂപ്പര്‍ താരവുമായ സൂര്യകുമാര്‍ യാദവാണ് ഇലവനെ നയിക്കുന്നത്.

യുവ ഇടംകൈയന്‍ അറ്റാക്കിങ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്, ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇലവനിലെ മറ്റു ഇന്ത്യന്‍ കളിക്കാര്‍. ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഐസിസിയുടെ ഈ അംഗീകാരം തീര്‍ച്ചയായും ഇന്ത്യക്കു വലിയ ആത്മവിശ്വാസമാണ് നല്‍കുക. സൂര്യക്കു ക്യാപ്റ്റന്‍സി ലഭിച്ചതും ഏറെ ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്.
സിംബാബ്‌വെയില്‍ നിന്നും സിക്കന്തര്‍ റെസ്സ, റിച്ചാര്‍ഡ് എന്‍ഗറാവ എന്നിവരും ഇംഗ്ലണ്ടില്‍ നിന്നും ഫില്‍ സാള്‍ട്ട്, വിന്‍ഡീസില്‍ നിന്നും വെടിക്കെട്ട് താരം നിക്കോളാസ് പൂരന്‍ എന്നിവരും ഇലവനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2022ലെ ഐസിസിയുടെ മികച്ച ടി20 താരമായി തിരഞ്ഞെടുക്കപ്പെട്ട സൂര്യക്കു വീണ്ടുമൊരു അംഗീകാരമാണ് ഐസിസിയിലൂടെ ഇത്തവണ ലഭിച്ചിട്ടുള്ളത്.
31 മല്‍സരങ്ങളില്‍ 1164 റണ്‍സ് വാരിക്കൂട്ടിയതോടെയായിരുന്നു കഴിഞ്ഞ തവണ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്‌കാരത്തിനു സ്‌കൈ അവകാശിയായത്. 2023ലും ടി20യില്‍ സൂര്യ മോശമാക്കിയില്ല. 18 മല്‍സരങ്ങളില്‍ നിന്നും 155 സ്‌ട്രൈക്ക് റേറ്റോടെ 733 റണ്‍സ് താരം അടിച്ചെടുത്തിരുന്നു.
ടി20യില്‍ നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് സൂര്യ. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിനു പിന്നാലെ ഓസ്‌ട്രേലിയക്കെതിരേയുള്ള അഞ്ചു ടി20കളുടെ പരമ്പരയിലാണ് അദ്ദേഹം ക്യാപ്റ്റനായി അരങ്ങേറിയത്. ഈ പരമ്പര ഇന്ത്യ 4-1നു സ്വന്തമാക്കുകയും ചെയ്തു.
അതിനു പിന്നാലെ സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന ടി20 പരമ്പരയിലും സൂര്യയായിരുന്നു ക്യാപ്റ്റന്‍. ഈ പരമ്പര ഇന്ത്യ 1-1നു സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തു. പരമ്പരയിലെ അവസാന കളിക്കിടെയാണ് ഫീല്‍ഡിങിനിടെ സൂര്യക്കു പരിക്കേറ്റത്. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമിക്കുന്ന അദ്ദേഹം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോടൊപ്പം കളിക്കളത്തിലേക്കു മടങ്ങിയെത്തിയേക്കും.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ജയ്‌സ്വാള്‍ വളരെ കുറച്ചു മല്‍സരങ്ങള്‍ കൊണ്ടുതന്നെ അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമുറപ്പാക്കിക്കഴിഞ്ഞു. ഇതിനക 159 സ്‌ട്രൈക്ക് റേറ്റോടെ 430 റണ്‍സ് ടി20യില്‍ ജയ്‌സ്വാള്‍ നേടിയിട്ടുണ്ട്.

വരാനിരിക്കുന്ന ടി20 ലോകകപ്പിലും അദ്ദേഹം ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പാക്കിയിരിക്കുകയാണ്. ഐസിസിയുടെ ഇലവനില്‍ സൂര്യ, ജയ്‌സ്വാള്‍ എന്നിവര്‍ ഉള്‍പ്പെട്ടതില്‍ സര്‍പ്രൈസില്ലെങ്കിലും ബിഷ്‌നോയ്, അര്‍ഷ്ദീപ് എന്നിവര്‍ ഇടം പിടിച്ചത് അപ്രതീക്ഷിതമാണ്.
11 ടി20 മല്‍സരങ്ങളില്‍ നിന്നും എട്ടില്‍ താഴെ ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകളാണ് ബിഷ്‌നോയ് ഇന്ത്യക്കായി വീഴ്ത്തിയത്. 44 ഓവറുകള്‍ കഴിഞ്ഞ വര്‍ഷം താരം ബൗള്‍ ചെയ്യുകയും ചെയ്തു.
നിലവില്‍ ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ ബിഷ്‌നോയ് ആറാമതുണ്ട്. അര്‍ഷ്ദീപാവട്ടെ 21 മല്‍സരങ്ങളില്‍ നിന്നും 9.26 ഇക്കോണമി റേറ്റില്‍ 26 വിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം വീഴ്ത്തിയത്. 19ാമത് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗവുമായിരുന്നു താരം.
ഐസിസി ടി20 ടീം ഓഫ് ദി ഇയര്‍
യശസ്വി ജയ്‌സ്വാള്‍ (ഇന്ത്യ), ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്), നിക്കോളസ് പൂരന്‍ (വെസ്റ്റ് ഇന്‍ഡസ്), സൂര്യകുമാര്‍ യാദവ് (ഇന്ത്യ), സിക്കന്തര്‍ റെസ്സ (സിംബാബ്‌വെ), മാര്‍ക് ചാപ്മാന്‍ (ന്യൂസിലാന്‍ഡ്), അല്‍പേഷ് റംജാനി (ഉഗാണ്ട), മാര്‍ക്ക് അഡയര്‍ (അയര്‍ലാന്‍ഡ്), രവി ബിഷ്‌നോയ് (ഇന്ത്യ), റിച്ചാര്‍ഡ് എന്‍ഗറാവ (സിംബാബ്‌വെ), അര്‍ഷ്ദീപ് സിങ് (ഇന്ത്യ).