
സൂര്യകുമാര്‍ യാദവ്
സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ ഇനിയും ഉറപ്പില്ല. 2018 മുതല്‍ മുംബൈയ്ക്കായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം.
കഴിഞ്ഞ മൂന്ന് ഐപിഎല്‍ സീസണുകളിലും മുംബൈയ്ക്കായി 400ന് മുകലില്‍ റണ്‍സ് സൂര്യ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 18ല്‍ 512ഉം 19ല്‍ 424ഉം 20ല്‍ 480 റണ്‍സാണ് അദ്ദേഹം നേടിയത്. ഈ പ്രകടനങ്ങള്‍ ഈ വര്‍ഷം സൂര്യക്കു ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. നായകന്‍ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് മെഗാ ലേലത്തിനു മുമ്പ് മുംബൈ നിലനിര്‍ത്താന്‍ ഉറപ്പുള്ള മൂന്നു താരങ്ങള്‍.

കാഗിസോ റബാഡ
2020ലെ ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായിട്ടുള്ള താരമാണ് ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാഡ. 2018ലെ മെഗാ ലേലത്തിനു മുമ്പ് 4.2 കോടി നല്‍കി റബാഡയെ ഡിസി നിലനിര്‍ത്തിയിരുന്നു.
19ലെ ഐപിഎല്‍ മുതല്‍ ഡിസി ബൗളിങിങിന് ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണ്. 19ല്‍ 25 വിക്കറ്റുകളെടുത്ത റബാഡ കഴിഞ്ഞ സീസണില്‍ 30 വിക്കറ്റുകളുമായി ഡിസിയെ ഫൈനലിലെത്തിക്കുന്നവതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

കരെണ്‍ പൊള്ളാര്‍ഡ്
സൂര്യയെക്കൂടാതെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കാനിടയുള്ള മറ്റൊരു വമ്പന്‍ താരമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ്.
മുംബൈ ടീമിലെ അവിഭാജ്യ ഘടകം കൂടിയായ പൊള്ളാര്‍ഡിനെ നിലനിര്‍ത്തിയേക്കുമെന്ന് സൂചനകളുണ്ടെങ്കിലും ഉറപ്പില്ല. കഴിഞ്ഞ തവണ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി 5.4 കോടിക്കായിരുന്നു അദ്ദേഹത്തെ മുംബൈയ്‌ക്കൊപ്പം നിലനിര്‍ത്തിയത്. നിലവില്‍ മുംബൈ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് പൊള്ളാര്‍ഡ്. മെഗാ ലേലത്തില്‍ വരിതയാണങ്കില്‍ ഏഴു മുതല്‍ എട്ടു കോടി വരെ അദ്ദേഹത്തിനു ലഭിച്ചേക്കും.

സാം കറെന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറെന്‍. പഞ്ചാബ് കിങ്‌സിലൂടെയാണ് കറെന്‍ ഐപിഎല്ലില്‍ തുടക്കം കുറിച്ചതെങ്കിലും സിഎസ്‌കെയിലെത്തിയതോടൊണ് തലവര മാറിയത്. നായകന്‍ എംഎസ് ധോണിയുടെ തുറുപ്പുചീട്ടുകളിലൊന്നാണ് ഇപ്പോള്‍ കറെന്‍.
5.5 കോടിക്കാണ് കറെന്‍ സിഎസ്‌കെ ടീമിലെത്തിയത്. നായകന്‍ എംഎസ് ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര എന്നിവരെ മെഗാ ലേലത്തിനു മുമ്പ് സിഎസ്‌കെ നിലനിര്‍ത്തിയാല്‍ കറെനെ ഒഴിവാക്കിയേക്കും. ഐപിഎല്‍ കരിയറില്‍ 30 മല്‍സരങ്ങളില്‍ നിന്നും 333 റണ്‍സും 32 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്.

ശിഖര്‍ ധവാന്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് മെഗാ ലേലത്തില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള മറ്റൊരാള്‍. പ്രായമാണ് താരത്തിനു വില്ലനാവുന്നത്. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരാണ് ഡിസി നിലനിര്‍ത്തുമെന്ന് ഉറപ്പുള്ള താരങ്ങള്‍. ധവാന്‍ മിന്നുന്ന ഫോമിലാണെങ്കിലും അദ്ദേഹത്തെ ഡിസി നിലനിര്‍ത്തുമോയെന്ന കണ്ടുതന്നെ അറിയേണ്ടി വരും. നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായപ്പോള്‍ ഒഴിവാക്കപ്പെടുകയും പിന്നീട് 5.2 കോടിക്കു ആര്‍ടിഎം കാര്‍ഡ് വഴി നിലനിര്‍ത്തപ്പെടുകയും ചെയ്ത താരം കൂടിയാണ് ധവാന്‍.


Click it and Unblock the Notifications











