ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി വെടിക്കെട്ട് ബാറ്ററും ലോക ഒന്നാംനമ്പറുമായ സൂര്യകുമാര്‍ യാദവിനെ നിയമിച്ചേക്കും. നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ വൈസ് ക്യാപ്റ്റന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. അതുകൊണ്ടു തന്നെ രോഹിത് ശര്‍മ ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഈ റോള്‍ ഏറ്റെടുക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. ഹാര്‍ദിക്കല്ല, മറിച്ച് സൂര്യയാണ് നായകസ്ഥാനത്തേക്കേ ഫേവറിറ്റെന്നാണ് വിവരം.
ടി20യിലെ പുതിയ ക്യാപ്റ്റന്റെ കാര്യത്തില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റുള്ളവരും തമ്മില്‍ വലിയ അഭിപ്രായ ഭിന്നതയാണുള്ളതെന്നു ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താരമെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പ്രകടനത്തെക്കുറിച്ചും നേതൃശേഷിയെക്കുറിച്ചും ആര്‍ക്കും എതിരഭിപ്രായമില്ല. പക്ഷെ അദ്ദേഹത്തിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ആശങ്കകളാണ് നായകസ്ഥാനത്തേക്കുള്ള വരവിനു വില്ലനായിരിക്കുന്നത്.

ഇതു വളരെ സൂക്ഷ്മമായ വിഷയമാണ്. ഹാര്‍ദിക്കിനെ ടി20 ക്യാപ്റ്റന്‍സി ഏല്‍പ്പിക്കണോയെന്നതിനെക്കുറിച്ച് ഇരുഭാഗങ്ങളില്‍ നിന്നും വാദപ്രതിവാദങ്ങള്‍ നടന്നു. സെലക്ഷന്‍ കമ്മിറ്റിയിലെ എല്ലാവരും ഒരേ അഭിപ്രായമുള്ളവരല്ല. ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് ഒരു പ്രശ്‌നമാണ്. പക്ഷെ ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
സൂര്യകുമാറിന്റെ കാര്യമെടുത്താല്‍ ക്യാപ്റ്റന്‍സി ശൈലിയെക്കുറിച്ച് ടീമില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയിരുന്നു. ഡ്രസിങ് റൂമില്‍ എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ നേതൃശേഷിയെക്കുറിച്ച് നല്ല മതിപ്പാണുള്ളതെന്നും ബിസിസിഐ വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.
ടി20യില്‍ നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായണ് സൂര്യ. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം രണ്ടു പരമ്പരകളില്‍ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തിരുന്നു. ഏകദിന ലോകകപ്പിനു പിന്നാലെ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു ക്യാപ്റ്റനായി സൂര്യയുടെ അരങ്ങേറ്റം. ഓസീസിനെ തുരത്തി ഈ പരമ്പര ഇന്ത്യ കൈക്കലാക്കുകയും ചെയ്തു.
അതിനു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലും ഇന്ത്യയെ നയിച്ചത് സ്‌കൈയാണ്. ഈ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഈ റോളിലേക്കു പുതിയൊരാളെ ഇന്ത്യക്കു തിരയേണ്ടതായി വന്നിരിക്കുന്നത്.
സൂര്യക്കു വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നായകസ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ചാല്‍ പുതിയൊരു വൈസ് ക്യാപ്റ്റനേയും ഇന്ത്യക്കു കണ്ടെത്തേണ്ടതായി വരും. അടുത്തിടെ സിംബാബ്‌വെയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനു ഈ റോളിലേക്കു നറുക്കുവീഴാനിടയുണ്ട്.

സ്ഥിരമായി പരിക്കുകള്‍ വേട്ടയാടിയിട്ടുള്ള കരിയറാണ് ഹാര്‍ദിക്കിന്റേത്. ഒരുപാട് മല്‍സരങ്ങളും പരമ്പരകളുമെല്ലാം ഈ കാരണത്താല്‍ അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെയും ബൗളിങിനിടെ ഹാര്‍ദിക്കിനു പരിക്കേല്‍ക്കുകയും തുടര്‍ന്നു ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറേണ്ടതായും വന്നിരുന്നു.
ഓസ്‌ടേലിയക്കെതിരായ ഫൈനലിലുള്‍പ്പെടെ അദ്ദേഹത്തിന്റെ അസാന്നിധ്യം ടീമിനു ക്ഷീണമാവുകയും ചെയ്തിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ടി20യില്‍ സ്ഥിരം ക്യാപ്റ്റന്റെ റോളില്‍ അദ്ദേഹത്തിനു പകരം സൂര്യയെ പരിഗണിക്കുന്നത്.
2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു വന്‍ പരാജയമേറ്റു വാങ്ങി ഇന്ത്യ പുറത്തായതിനു ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും രോഹിത് അനിശ്ചിതമായി ബ്രേക്കെടുത്തിരുന്നു. ഒരു വര്‍ഷത്തിലേറെ കാലം അദ്ദേഹം ടി20യില്‍ കളിക്കുകയും ചെയ്തിരുന്നില്ല. ഈ കാലയളവില്‍ കളിച്ചിട്ടുള്ള ടി20 പരമ്പരകളിലെല്ലാം ഇന്ത്യയെ നയിച്ചത് ഹാര്‍ദിക്കായിരുന്നു. ഈ റോളില്‍ അദ്ദേഹം തിളങ്ങുകയും ചെയ്തിരുന്നു.
ഈ വര്‍ഷത്തെ ടി20 ലോകകപ്പിലും ഹാര്‍ദിക്കായിരിക്കും ടീമിനെ നയിക്കുകയെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ നീണ്ട ഇടവേളയ്ക്കു ശേഷം ഈ വര്‍ഷമാദ്യം അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയിലൂടെ രോഹിത് ഈ ഫോര്‍മാറ്റിലേക്കു മടങ്ങിയെത്തുകയായിരുന്നു. അതിനു ശേഷം ഇന്ത്യയെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കിയ അദ്ദേഹം വിരമിക്കുകയും ചെയ്തു.